സുൽത്താനേറ്റിന്റെ ധീരപുത്രിയുടെ സ്വപ്നയാത്രക്ക് ഇനി ആറടി മണ്ണിൽ വിശ്രമം!
text_fieldsമസ്കത്ത്: പാകിസ്താനിലെ കാരക്കോറം മലനിരകളിലെ ബ്രോഡ് പീക്കിൽ മഞ്ഞുവീഴ്ചയെ തുടർന്ന് മരണപ്പെട്ട ഒമാനി പർവതാരോഹക നാദിറ അൽ ഹാർത്തിയുടെ ഭൗതികശരീരം ഒമാനിൽ തിരിച്ചെത്തിച്ചു. ട്രാൻസം ഒമാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലോകത്തിന്റെ നെറുകയിൽ ഒമാന്റെ പതാക പാറിച്ച സുൽത്താനേറ്റിന്റെ ധീരപുത്രിക്ക് ജന്മനാട്ടിലേക്കുള്ള അവസാന മടക്കം ചേതനയറ്റതായി എന്നത് കറുത്ത വിധിയായി. വികാരനിർഭരമായ അന്തരീക്ഷത്തിലാണ് ജന്മനാട് ആ ഭൗതികശരീരം സ്വീകരിച്ചത്. ജൂലൈ 30ന് ബ്രോഡ് പീക്കിൽ പത്തംഗ പർവതാരോഹക സംഘത്തിനൊപ്പം മഞ്ഞുമല കയറവെയാണ് 47 കാരിയായ നാദിറ അൽഹാർത്തി അപകടത്തിൽപെടുന്നത്.
ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എവറസ്റ്റ് കീഴടക്കുന്ന ആദ്യത്തെ ഒമാനി വനിത എന്ന ചരിത്രനേട്ടം സ്വന്തമാക്കിയാണ് നാദിറ അൽ ഹാർത്തി തന്റെ പേര് ചരിത്രത്തിൽ രേഖപ്പെടുത്തിയത്. സാഹസികത ഇഷ്ടപ്പെടുന്ന ഒട്ടനവധി യുവതലമുറക്ക് പ്രചോദനമാകാനും അന്താരാഷ്ട്ര പർവതാരോഹണ മേഖലയിൽ ഒമാന്റെ പദവി ഉയർത്താനും നാദിറയുടെ ഈ നേട്ടം കാരണമായിരുന്നു. നാദിറയുടെ സമാനതകളില്ലാത്ത ധീരതയെയും നിശ്ചയദാർഢ്യത്തെയും ഒമാനി ജനത നന്ദിയോടെ സ്മരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ളവർ ആദരാഞ്ജലികൾ നേർന്നു. കൊടുമുടികളെ കീഴടക്കിയ പ്രിയപുത്രിക്ക് പ്രാർത്ഥനകളോടെ രാജ്യം വിട നൽകുകയാണ്.
1978 ആഗസ്റ്റ് 19ന് ജനിച്ച നാദിറ അൽ ഹാർത്തി, റുസളതാഖ് കോളജിൽനിന്ന് ജ്യോഗ്രഫിയിൽ മാസ്റ്റേഴ്സ് ബിരുദം നേടിയ ശേഷം നാലു വർഷം അധ്യാപികയായും ജോലി ചെയ്തിട്ടുണ്ട്. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലും പ്രവർത്തിച്ചു. ഇഷ്ടവിഷയമായ ഭൂമിശാസ്ത്രം തന്നെയാണ് ഭൂമിയിലെ അദ്ഭുതങ്ങളിലേക്കും സാധാരണ മനുഷ്യർക്ക് അപ്രാപ്യമായ കൊടുമുടികളിലേക്കും നാദിറയെ നയിച്ചത്.
സമുദ്രനിരപ്പിൽ നിന്ന് 8,047 മീറ്റർ ഉയരമുള്ള, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 12-ആമത്തെ കൊടുമുടിയായ ബ്രോഡ് പീക്കിലുണ്ടായ ഹിമപാതത്തിൽ ലോകപ്രശസ്ത നേപ്പാളി-ബ്രിട്ടീഷ് പർവതാരോഹകൻ നിർമൽ പുർജ (നിംസ്ദായ്), നിമാ ഷെർപ, ഗ്യാലു ഷെർപ, വാംഗ് തെന്ദു ഷെർപ, അടുത്തിടെ 14 സൂപ്പർ കൊടുമുടികളും കീഴടക്കിയ കിലി പെംബ ഷെർപ, ചൈനക്കാരനായ വാങ് സോങ്, പാകിസ്താൻ ഗൈഡ് സുഹൈൽ സഖി, അമേരിക്കൻ പൗരയായ മല്ലോരി ഗയ്സ് എന്നിവരും പെട്ടിരുന്നു.
ബ്രോഡ് പീക്കിൽ ക്യാമ്പ് മൂന്നിന് തൊട്ടുതാഴെ 6,600 മീറ്റർ ഉയരത്തിൽ വെച്ച് പർവതാരോഹക സംഘത്തിനുമേൽ രണ്ട് തവണ മഞ്ഞിൻ പാളികൾ പതിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

