മസ്കത്ത്: ഒമാനി-ബഹ്റൈനി പങ്കാളിത്തത്തോടെയുള്ള കമ്പനിയായ അൽ ഹയാക്കി ഇൻറർനാഷനലിെൻറ പ്രധാന ശാഖ മസ്കത്ത് ഗവർണറേറ്റിൽ പ്രവർത്തനമാരംഭിച്ചു. പരിപാടികളുടെയും ഉത്സവങ്ങളുടെയും സംഘാടനം, ഇവൻറ്സ് ആൻഡ് കോൺഫറൻസ് മാനേജ്മെൻറ് തുടങ്ങിയ മേഖലകളിലാണ് കമ്പനി പ്രവർത്തിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ നിരവധി മേഖലകളിൽ സംയുക്ത പദ്ധതികൾ നടന്നുവരുന്നുണ്ടെന്ന് പരിപാടിയിൽ സംബന്ധിച്ച ഒമാനിലെ ബഹ്റൈൻ അംബാസഡർ ഡോ. ജുമാ ബിൻ അഹമ്മദ് അൽ കാബി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക, വ്യാപാര, സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ എംബസി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനിൽനിന്നുള്ള വ്യാപാര പ്രതിനിധി സംഘം ഒമാനിൽ സന്ദർശനം നടത്തുന്നുണ്ട്. ഒമാനിലെ നിക്ഷേപാവസരങ്ങൾ പരിശോധിക്കുന്നതിന് ഒപ്പം, ബഹ്റൈനിൽ ഒമാനി ഉൽപന്നങ്ങളെ പരിചയപ്പെടുത്തുന്നതിന് പ്രദർശനങ്ങളും സമ്മേളനങ്ങളും നടത്തുന്നതിന് ഒമാനി നിക്ഷേപകരെ ക്ഷണിക്കുകയുമാണ് സന്ദർശന ലക്ഷ്യമെന്നും അംബാസഡർ പറഞ്ഞു.