115.4 ദശലക്ഷം റിയാലിന്റെ ഒമാൻ- അൾജീരിയൻ സംയുക്ത നിക്ഷേപ ഫണ്ട്
text_fieldsസുൽത്താൻ ഹൈതം ബിൻ താരിഖ് അൾജീരിയൻ പ്രസിഡന്റ് അബ്ദുൽമദ്ജിദ് തെബൂണുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സന്ദർശനത്തിന്റെ ഭാഗമായി ഒമാനും അൾജീരിയയും സഹകരണ കരാറുകളിൽ ഒപ്പുവെച്ചു. അൽജിയേഴ്സിലെ പ്രസിഡൻസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രാഥമിക കരാർ, നാല് ധാരണാപത്രങ്ങൾ, രണ്ട് സഹകരണ സമ്മതപത്രങ്ങൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള നാല് എക്സിക്യൂട്ടിവ് പരിപാടികൾ എന്നിവയിലാണ് ഒപ്പിട്ടത്.
115.4 ദശലക്ഷം റിയാലിന്റെ (ഏകദേശം 300 ദശലക്ഷം യു.എസ് ഡോളർ) നിർദ്ദിഷ്ട മൂലധനത്തോടെ ഒമാനി-അൾജീരിയൻ സംയുക്ത നിക്ഷേപ നിധിയുടെ പ്രഖ്യാപനമായിരുന്നു കരാറുകളുടെ ഒരു പ്രധാന ആകർഷണം. ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ, കാർഷിക, നിക്ഷേപം, ഔഷധ വ്യവസായങ്ങൾ, ജുഡീഷ്യൽ സഹകരണം, നീതി, സസ്യ സംരക്ഷണം, മൃഗാരോഗ്യം എന്നിവക്ക് പുറമേ ഭക്ഷ്യസുരക്ഷ, ഔഷധ വ്യവസായങ്ങൾ, ധാതുക്കൾ, ഖനനം എന്നിവയിലും നിക്ഷേപങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും.
സുൽത്താൻ ഹൈതം ബിൻ താരിഖ് അൾജീരിയൻ പ്രസിഡന്റ് അബ്ദുൽമദ്ജിദ് തെബൂണുമായി ഉന്നതതല ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിലാണ് യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത്. സംയുക്ത സഹകരണത്തിന്റെ വിവിധ മേഖലകൾ ഇരു നേതാക്കളും അവലോകനം ചെയ്യുകയും തങ്ങളുടെ രാജ്യങ്ങളുടെയും ജനങ്ങളുടെയും പരസ്പര താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സംവിധാനങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു.
സുൽത്താൻ ഹൈതം ബിൻ താരിഖിന് അൾജീരിയയിൽ നൽകിയ ഔദ്യോഗിക സ്വീകരണം
മേഖല, അന്തർദേശീയ തലങ്ങളിൽ ഇരു വിഭാഗങ്ങൾക്കും താൽപര്യമുള്ള നിലവിലെ വിഷയങ്ങളെക്കുറിച്ചും ഇരുവരും കാഴ്ചപ്പാടുകൾ കൈമാറി. നേത്തേ സുൽത്താന് അൾജീരിയയിലെ എൽ മൗറാഡിയ കൊട്ടാരത്തിൽ ഔദ്യോഗിക സ്വീകരണം നൽകി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി സുൽത്താൻ തിങ്കളാഴ്ച രാത്രിയോടെ മസ്കത്തിൽ തിരിച്ചെത്തുകയും ചെയ്തു. വിവിധ മേഖലകളിൽ സഹകരണം ശക്തപ്പെടുത്തിയും ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചുമാണ് സുൽത്താൻ മടങ്ങിയത്. പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി,
പ്രൈവറ്റ് ഓഫീസ് മേധാവി ഡോ. ഹമദ് ബിൻ സയ്യിദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സി, ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തി, അൾജീരിയയിലെ ഒമാൻ അംബാസഡർ സെയ്ഫ് ബിൻ നാസിർ അൽ ബദായ് എന്നിവരുടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘം സുൽത്താനെ അനുഗമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

