പുതിയ മസ്കത്ത് വിമാനത്താവള ടെര്‍മിനല്‍: നിര്‍മാണം 96 ശതമാനം പൂര്‍ത്തിയായി
text_fieldsമസ്കത്ത്: പുതിയ മസ്കത്ത് വിമാനത്താവള പാസഞ്ചര്‍ ടെര്‍മിനലിന്‍െറ നിര്‍മാണം 96 ശതമാനം പൂര്‍ത്തിയായതായും പൂര്‍ണമായ പരീക്ഷണ പ്രവര്‍ത്തനം ഈ വര്‍ഷം അവസാനത്തോടെ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് ബിന്‍ നാസര്‍ അല്‍ സാബി പറഞ്ഞു.
നിലവില്‍ പ്രവര്‍ത്തന പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം മന്ത്രി ഡോ. അഹ്മദ് അല്‍ ഫുതൈസിയുടെ നേതൃത്വത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അല്‍ സാബി പറഞ്ഞു. ഈ വര്‍ഷം തീരും മുമ്പ് ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഫുതൈസി പറഞ്ഞു.
കഴിഞ്ഞവര്‍ഷം പൂര്‍ത്തിയായ പദ്ധതികളെ കുറിച്ചും ഈ വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതികളെ കുറിച്ചും വിശദീകരിക്കാനാണ് വാര്‍ത്താസമ്മേളനം നടത്തിയത്.
വ്യോമയാനമേഖലയുമായി ബന്ധപ്പെട്ട നിരവധി വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ചുവരുകയാണ്.
ദുകം വിമാനത്താവളത്തിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 50 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. വ്യോമയാന മേഖലയില്‍ സ്വകാര്യ സംരംഭകര്‍ക്ക് അവസരം നല്‍കുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമിച്ചുവരുകയാണ്. സ്വകാര്യ വിമാന കമ്പനികളായ സലാല എയര്‍, ശര്‍ഖിയ എയര്‍ലൈന്‍ എന്നിവക്കുപുറമെ സൊഹാര്‍ ഏവിയേഷന്‍ കോളജിനുമുള്ള ലൈസന്‍സിങ് നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്‍െറ സാമ്പത്തിക വികസനത്തിന് ഗതാഗത, വാര്‍ത്താവിനിമയ മേഖലക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്. ഈ രംഗത്ത് രാജ്യം മുന്‍നിരയില്‍ എത്തേണ്ടതുണ്ട്. 2040ഓടെ ചരക്കുഗതാഗത രംഗത്ത് ലോകത്തിലെ ആദ്യത്തെ പത്തു സ്ഥാനങ്ങളിലേക്ക് രാജ്യത്തെ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പുതിയ മസ്കത്ത് വിമാനത്താവള ടെര്‍മിനലിന് പുറമെ ബാത്തിന എക്സ്പ്രസ്വേയും ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കും.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മേഖലയില്‍ ഹോള്‍ഡിങ് കമ്പനി രൂപവത്കരിക്കുന്നതും ആലോചനയിലുണ്ട്. സ്വകാര്യ നിക്ഷേപത്തോടെ കമ്യൂണിക്കേഷന്‍ ടവര്‍ കമ്പനി രൂപവത്കരിക്കും. ഒമാനി ബ്രോഡ്ബാന്‍ഡ് കമ്പനിയെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം ഒമാന്‍ പോസ്റ്റ് കമ്പനിയുടെ വികസനത്തിനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രധാന പദ്ധതികളെല്ലാം ഈ വര്‍ഷത്തോടെ പൂര്‍ത്തിയാകുമെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ സാലിം ബിന്‍ മുഹമ്മദ് അല്‍ നുഐമി അറിയിച്ചു.
37 റോഡ് നിര്‍മാണ പദ്ധതികളിലായി 1121 കിലോമീറ്റര്‍ റോഡാണ് ഗതാഗത്തിന് തുറന്നുകൊടുക്കുക. ബാത്തിന എക്സ്പ്രസ്വേയുടെ 37 കിലോമീറ്റര്‍ നീളുന്ന രണ്ടാം ഘട്ടം ഈമാസം അവസാനത്തോടെ പൂര്‍ത്തിയാകും. യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കുന്നതിനായി 12 മേല്‍പാലങ്ങളും 22 അടിപ്പാതകളും ഈ വര്‍ഷം പൂര്‍ത്തിയാക്കും. സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തിന്‍െറ പ്രവര്‍ത്തനാധികാരം ഈ വര്‍ഷവും പോര്‍ട്ട് സര്‍വിസസ് കോര്‍പറേഷന് ആയിരിക്കുമെന്ന് പോര്‍ട്ട് ആന്‍ഡ് മാരിടൈം അഫയേഴ്സ് അണ്ടര്‍ സെക്രട്ടറി സൈദ് ബിന്‍ ഹംദൂന്‍ അല്‍ ഹാര്‍ത്തി പറഞ്ഞു.
കഴിഞ്ഞവര്‍ഷം തുറമുഖത്ത് 149 ക്രൂയിസ് കപ്പലുകളിലായി 2,49,723 യാത്രക്കാരാണ് തുറമുഖത്ത് എത്തിയതെന്നും അല്‍ ഹാര്‍ത്തി പറഞ്ഞു. ഒമാന്‍ ഗ്ളോബല്‍ ലോജിസ്റ്റിക്സ് ഗ്രൂപ് സി.ഇ.ഒ അബ്ദുറഹ്മാന്‍ ബിന്‍ സാലെം അല്‍ ഹാത്മിയും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
