സന്ദര്‍ശനം സമാപിച്ചു: ചാള്‍സ് രാജകുമാരന് ഹൃദ്യമായ യാത്രയയപ്പ്
text_fieldsമസ്കത്ത്: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനും കാമില രാജകുമാരിക്കും റോയല്‍ എയര്‍പോര്‍ട്ടില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.
ഞായറാഴ്ച ഉച്ചക്കുശേഷമാണ് രാജകുമാരനും രാജകുമാരിയും അബൂദബിയിലേക്ക് പോയത്.
ഞായറാഴ്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദുമായും രാജകുമാരന്‍ ചര്‍ച്ച നടത്തി. ഇരുവരെയും യാത്രയയക്കാന്‍ പൈതൃക, സാംസ്കാരിക വകുപ്പ് മന്ത്രി സയ്യിദ് ഹൈതം ബിന്‍ താരിഖ് അല്‍ സഈദ്, ഗതാഗത വാര്‍ത്താ വിനിമയ മന്ത്രി അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുത്തൈസി, ഉന്നത വിദ്യാഭ്യാസ മന്ത്രി റൗയാ ബിന്‍ത് സഊദ് അല്‍ ബുസൈദിയ, ബ്രിട്ടനിലെ ഒമാന്‍ അംബാസഡര്‍ ശൈഖ് അബ്ദുല്‍ അസീസ് അബ്ദുല്ല അല്‍ ഹിനായ്, ഒമാനിലെ ബ്രിട്ടീഷ് അംബാസഡര്‍ ജോണ്‍ വില്‍ക്സ് എന്നിവര്‍ എത്തിയിരുന്നു.
കൂടാതെ, ബ്രിട്ടീഷ് എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരും എത്തിയിരുന്നു. വെള്ളിയാഴ്ച ഒമാനിലത്തെിയ രാജകുമാരനും രാജകുമാരിയും ദേശീയ മ്യൂസിയം അടക്കം നിരവധി കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ റുബുഉല്‍ ഖാലി മരുഭൂമി മുറിച്ചുകടന്ന സംഘത്തിലെ മാര്‍ക് ഇവാനെയും രാജകുമാരന്‍ കണ്ടു. ഞായറാഴ്ച അല്‍ ബുസ്താന്‍ പാലസിലായിരുന്നു കൂടിക്കാഴ്ച.
യാത്രയുടെ വിജയവും യാത്രയില്‍ നേരിട്ട വെല്ലുവിളികളും മാര്‍ക് രാജകുമാരനോട് വിവരിച്ചു. യാത്രക്കിടെ എടുത്ത ചില ഫോട്ടോകളും കാണിച്ചുകൊണ്ടാണ് യാത്ര വിവരിച്ചത്.
യാത്ര സംബന്ധമായ പുസ്തകവും ഡോക്യുമെന്‍ററിയും ഈ വര്‍ഷം അവസാനം പുറത്തിറക്കുമെന്നും മാര്‍ക് രാജകുമാരനെ ധരിപ്പിച്ചു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ സലാലയില്‍നിന്നാണ് യാത്ര ആരംഭിച്ചത്.
സ്വദേശികളായ മുഹമ്മദ് അല്‍ സദ്ജാലി, ആമിര്‍ അല്‍ വഹൈബി എന്നിവര്‍ക്കൊപ്പമായിരുന്നു സാഹസിക യാത്ര. 1930ല്‍ റുബുഉല്‍ ഖാലിയിലൂടെ ഒട്ടകപ്പുറത്തും മറ്റുമായി നടത്തിയ സാഹസിക യാത്രയുടെ അതേ വഴിയിലൂടെയായിരുന്നു യാത്ര. ഒമാനിലെ ബ്രിട്ടീഷ് യുവാക്കളുടെ ഒത്തുചേരലിലും ചാള്‍സ് രാജകുമാരന്‍ പങ്കെടുത്തു.
അല്‍ ബുസ്താന്‍ പാലസ് ഹോട്ടലിലാണ് യുവാക്കളുടെ കഴിവുകള്‍ വളര്‍ത്തുകയെന്ന ലക്ഷ്യവുമായി ഒത്തുചേരല്‍ സംഘടിപ്പിച്ചത്. 110 യുവ ലീഡര്‍മാരാണ് കൂട്ടായ്മയില്‍ പങ്കെടുത്തത്. കാമില രാജകുമരി ഖുറം ചില്‍ഡ്രന്‍സ് ലൈബ്രറി സന്ദര്‍ശിച്ചു.
വിദ്യാഭ്യാസമന്ത്രി ഡോ. മദീഹ ബിന്‍ത് അഹ്മദ് അല്‍ ഷിബാനിയ്യ, ലൈബ്രറി ചെയര്‍മാന്‍ ഡോ. മുന ബിന്‍ത് ഫഹദ് അല്‍ സഈദ്, ശൈഖ് മുഹമ്മദ് ബിന്‍ സഊദ് അല്‍ ബഹ്വാന്‍ തുടങ്ങിയവര്‍ രാജകുമാരിയെ സ്വീകരിച്ചു.
ലൈബ്രറി കെട്ടിടത്തിലെ വായന മുറിയും മറ്റു സൗകര്യങ്ങളും രാജകുമാരി ചുറ്റിക്കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
