ഭിന്നശേഷിക്കാരായ കുട്ടികളുടെ വികാസത്തിന് പദ്ധതികളുമായി ഒമാൻ
text_fieldsഡിഫറന്റ് ആര്‍ട് സെന്റർ എക്സിക്യൂട്ടിവ് ഡയറക്ടറായ മജീഷ്യൻ ഗോപിനാഥ് മുതുകാട് ഒമാൻ സാമൂഹിക വികസന മന്ത്രി ഡോ. ലൈല ബിൻത് അഹ്മദ് അൽ നജ്ജാറുമായി മസ്കത്തിൽ
കൂടിക്കാഴ്ച നടത്തിയപ്പോൾ
മസ്കത്ത്: ഭിന്നശേഷിക്കാരായ കുട്ടികളുടെ വികാസം ലക്ഷ്യമിട്ട് വിവിധ പദ്ധതികളുമായി ഒമാൻ സർക്കാർ. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമൂഹത്തിൽ സമഗ്രമായ പങ്കാളിത്തം ഉറപ്പാക്കാനും അവരുടെ പുനരധിവാസവും പരിപാലനവും ശക്തിപ്പെടുത്താനുമാണ് തീരുമാനം. പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനായി ഒമാൻ അന്തർദേശീയ കരാറുകൾ രൂപപ്പെടുത്തിയിട്ടുണ്ട്. നിരവധി കൺവെൻഷനുകളിലും ഇതിനകം രാജ്യം അംഗമായിക്കഴിഞ്ഞു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സാമൂഹികവികസന മന്ത്രാലയത്തിൽ പുതിയ വകുപ്പിന് സുൽത്താൻ ഹൈതം ബിൻ താരിഖ് കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ മന്ത്രിസഭ യോഗത്തിൽ നിർദേശം നൽകിയിരുന്നു.
ഭിന്നശേഷിക്കാരായ കുട്ടികൾക്കായി കേരളത്തിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്റർ എക്സിക്യൂട്ടിവ് ഡയറക്ടറായ മജീഷ്യൻ ഗോപിനാഥ് മുതുകാട് കഴിഞ്ഞ ദിവസം മസ്കത്ത് സന്ദർശന വേളയിൽ ഒമാൻ സാമൂഹിക വികസന മന്ത്രി ഡോ. ലൈല ബിൻത് അഹ്മദ് അൽ നജ്ജാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡിഫറന്റ് ആർട്സ് സെന്ററിന് കീഴിൽ കാസർകോട് വരാനിരിക്കുന്ന വൻകിട പദ്ധതിയായ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്ൾ വിത്ത് ഡിസബിലിറ്റീസ് (ഐ.ഐ.പി.ഡി) സംരംഭത്തെ കുറിച്ച് മന്ത്രിയുമായി ചർച്ച ചെയ്തതായും പദ്ധതിയിൽ ഏറെ താൽപര്യം പ്രകടിപ്പിച്ച മന്ത്രി, ഡിഫറന്റ് ആർട്സ് സെന്ററിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ഐ.ഐ.പി.ഡി പദ്ധതിയെ കുറിച്ചും വിശദ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായും ഗോപിനാഥ് മുതുകാട് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. കാഞ്ഞങ്ങാട് മടിക്കൈയിൽ 30 ഏക്കർ സ്ഥലത്താണ് ഐ.ഐ.പി.ഡി വിഭാവനം ചെയ്തിട്ടുള്ളതെന്നും പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ, ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷി സ്ഥാപനമായി ഇത് മാറുമെന്നും മുതുകാട് പറഞ്ഞു.
ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള ഒമാന്റെ സേവനപ്രവർത്തനങ്ങളെ യുനിസെഫും അഭിനന്ദിച്ചു. ഒമാൻ സർക്കാറിന്റെ ഭിന്നശേഷി സൗഹൃത പദ്ധസനീയമാണെന്നും സർക്കാറിന്റെ വിവേകപരമായ നീക്കത്തെ അഭിനന്ദിക്കുന്നതായും യുനിസെഫ് ഡിസബിലിറ്റി ആൻഡ് ഡെവലപ്മെന്റ് വിഭാഗം ഗ്ലോബൽ ലീഡ് ഗോപാൽ മിത്ര പറഞ്ഞു. ‘ഡിസബിലിറ്റി ബെനിഫിറ്റ്’ പോലുള്ള സാമൂഹിക സംരക്ഷണ പദ്ധതികൾ ഇത്തരത്തിലുള്ള കുട്ടികളുടെയും മുതിർന്നവരുടെയും ഗുണപരമായ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടും.
ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങളും സിവിൽ സൊസൈറ്റി സ്ഥാപനങ്ങളും ഈ രംഗത്ത് നിർണായക പങ്ക് വഹിക്കുന്നതായി ഗോപാൽ മിത്ര വ്യക്തമാക്കി. പ്രത്യേകിച്ച് ‘ചിൽഡ്രൻ ഫസ്റ്റ് അസോസിയേഷൻ’ സംഘടിപ്പിക്കുന്ന ഒമാൻ ചൈൽഡ്ഹുഡ് കോൺഫറൻസ് ശ്രദ്ധിക്കപ്പെടുന്നതാണെന്നും ആധുനിക സാങ്കേതിക വിദ്യകളിലൂടെ ഭിന്നശേഷി കുട്ടികളെ പുനരധിവാസിപ്പിക്കുന്നതിൽ ഇതിന്റെ പങ്ക് വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഒമാനും യൂനിസെഫും തമ്മിൽ കഴിഞ്ഞ അനേകം ദശാബ്ദങ്ങളായി ബാലവികസന മേഖലയിൽ ചേർന്നു പ്രവർത്തിക്കുന്നുണ്ടെന്നും ഗോപാൽമിത്ര വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

