2.8 ശതകോടി റിയാലിെൻറ നിക്ഷേപാവസരങ്ങളുമായി ഒമാൻ
text_fieldsഒമാൻ ലൈഫ് സയൻസ് സെൻററിെൻറ രൂപരേഖ
മസ്കത്ത്: എട്ടു സുപ്രധാന മേഖലകളിലായി 90 നിക്ഷേപാവസരങ്ങൾ വ്യവസായ-വാണിജ്യ നിക്ഷേപ പ്രോത്സാഹന വകുപ്പ് അവതരിപ്പിച്ചു. ടൂറിസം, ചരക്കുഗതാഗതം, ഭക്ഷ്യ മേഖല, മത്സ്യബന്ധനം, ആരോഗ്യം, ഐ.സി.ടി, ഖനനം, വ്യവസായം, മാലിന്യ സംസ്കരണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലായാണ് പദ്ധതികൾ അവതരിപ്പിച്ചത്. 2.8 ശതകോടി റിയാലാണ് നിക്ഷേപങ്ങളുടെ മൊത്തം മൂല്യം.
ടൂറിസം, ഭക്ഷ്യം, ഖനനം തുടങ്ങിയ മേഖലകളിൽ പൊതുമേഖല സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പിലാക്കുക. ഒമാൻ ടൂറിസം ഡെവലപ്മെൻറ് കമ്പനി (ഒംറാൻ) 17 പദ്ധതികളിലേക്കാണ് നിക്ഷേപകർക്ക് അവസരമൊരുക്കുന്നത്. 1.33 ശതകോടി റിയാലാണ് ഈ പദ്ധതികളുടെ മൂല്യം. ഇതിൽ പല പദ്ധതികളും നിർമാണത്തിെൻറ പ്രാഥമിക ഘട്ടത്തിലാണ്. ബർക്കയിൽ വിനോദ കേന്ദ്രം, മസ്കത്തിലും സലാലയിലും മിക്സ്യൂസ് വാട്ടർ ഫ്രണ്ട് ഡെവലപ്മെൻറ്, മസ്കത്തിലും ദോഫാറിലും മുസന്ദമിലും ബീച്ച് ഫ്രണ്ട് ഹോട്ടലും റിസോർട്ടും വിവിധ സ്ഥലങ്ങളിൽ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ, ദുകമിൽ കടൽത്തീര റിസോർട്ടും മറീനയും തുടങ്ങിയവ പദ്ധതികളിൽ ചിലതാണ്. ഖനന-വ്യവസായ മേഖലയിൽ 57 പദ്ധതികളും അവതരിപ്പിക്കുന്നുണ്ട്. 620 ദശലക്ഷം റിയാലാണ് ഇവയുടെ മൊത്തം മൂല്യം. ഫെറോക്രോം, മഗ്നീഷ്യം മെറ്റൽ, ജിപ്സം, ചുണ്ണാമ്പ് കല്ല്, ഡോളമൈറ്റ്, സോഡിയം സിലിക്കേറ്റ്, സിമൻറ്, മാർബിൾ തുടങ്ങിയവയുടെ ഉൽപാദനം പദ്ധതികളിൽ ചിലതാണ്.
കണ്ടൻസ്ഡ് മിൽക്ക്, മൂല്യവർധിത മത്സ്യബന്ധനം, കോഴിയിറച്ചി, ഫൈബർ ഗ്ലാസ് ബോട്ട്, അലൂമിനിയം കണ്ടെയിനർ, പ്രീഫാബ് ബിൽഡിങ്, കേബിൾ, സ്റ്റീൽ, സ്റ്റെയിൻലെസ് സ്റ്റീൽ തുടങ്ങിയവയുടെ ഉൽപാദനമാണ് വ്യവസായ മേഖലയിലെ പദ്ധതികൾ. മലിനജല സംസ്കരണ മേഖലയിൽ 587 ദശലക്ഷം റിയാലിെൻറയാണ് പദ്ധതികൾ. ബയോഗ്യാസ് ഉൽപാദനം, പാചക എണ്ണയുടെ പുനഃസംസ്കരണം തുടങ്ങിയവ ഇതിൽ ചിലതാണ്. തെക്കൻ ബാത്തിനയിൽ നൂറ് ദശലക്ഷം റിയാൽ ചെലവിൽ ലൈഫ് സയൻസ് സെൻറർ നിർമിക്കാനും പദ്ധതിയുണ്ട്.