Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമ്പൂർണ ഡിജിറ്റലൈസേഷൻ പദ്ധതിയുമായി ഒമാൻ

text_fields
bookmark_border
സമ്പൂർണ ഡിജിറ്റലൈസേഷൻ പദ്ധതിയുമായി ഒമാൻ
cancel

മസ്‌കത്ത്: രാജ്യത്തെ വ്യവസായ മേഖലയിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കാനും ഉൽപാദനക്ഷമത മെച്ചപ്പെടുത്താനും ഗൾഫ് കേന്ദ്രത്തിന്റെ സഹായത്തോടെ സ്മാർട്ട് നിർമാണം ശക്തിപ്പെടുത്താൻ ഒമാൻ. വ്യവസായശാലകളുടെ ഡിജിറ്റൽ സന്നദ്ധത വിലയിരുത്താനും ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കാനുള്ള പദ്ധതികൾ തയ്യാറാക്കാനും സഹായിക്കുന്ന ഗൾഫ് സെന്റർ ഫോർ ദ ഫോർത്ത് ഇൻഡസ്ട്രിയൽ റെവല്യൂഷന്റെ സേവനങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തും.

ബഹ്‌റൈനിൽ നടന്ന ജി.സി.സി വ്യവസായ സഹകരണ സമിതിയുടെ 57-ാമത് യോഗത്തിലാണ് കേന്ദ്രവും ഡിജിറ്റൽ പ്ലാറ്റ്‌ഫോമും ഔദ്യോഗികമായി ആരംഭിച്ചത്. ആറു ഗൾഫ് രാജ്യങ്ങളിലെ വ്യവസായശാലകളെ സാങ്കേതികവിദ്യാ വിദഗ്ധർ, സേവനദാതാക്കൾ, പരിശീലന പരിപാടികൾ എന്നിവയുമായി ബന്ധിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

വ്യവസായ വികസന വകുപ്പിന്റെ ഡയറക്ടർ ഇദ്‌രീസ് ബിൻ ഹസൻ അൽ സിനാൻ, വ്യവസായ ഡയറക്ടർ ജനറൽ ഖാലിദ് ബിൻ സാലിം അൽ ഖസാബി എന്നിവരുടെ നേതൃത്വത്തിൽ ഒമാനിലെ നിലവിലുള്ള സ്മാർട്ട് പ്രൊഡക്ഷൻ ഫാക്ടറീസ് പദ്ധതിയുടെ തുടർച്ചയായാണ് പുതിയ നീക്കം. ഫാക്ടറികളുടെ നിലവിലെ സാങ്കേതിക ശേഷി വിലയിരുത്തി ഉൽപാദനക്ഷമത, ഉൽപന്നങ്ങളുടെ ഗുണനിലവാരം, കാര്യക്ഷമത, സുസ്ഥിരത എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തും.

ഒമാനി കമ്പനികൾക്കും അവസരം

വ്യവസായശാലകൾക്ക് ഡിജിറ്റൽ സന്നദ്ധതാ പരിശോധന, സാങ്കേതിക നവീകരണത്തിനുള്ള കർമപദ്ധതി, വിദഗ്ധരുടെ സേവനം, പരിശീലനം എന്നിവ കേന്ദ്രത്തിലൂടെ ലഭ്യമാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഒമാനി കമ്പനികൾക്ക് മറ്റ് ഗൾഫ് രാജ്യങ്ങളിലെ വ്യവസായശാലകളുമായി സഹകരിക്കാനും തങ്ങളുടെ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്താനും അവസരമൊരുങ്ങും.

ഒമാനിൽ പരിശീലനം നേടിയ വ്യവസായ വിലയിരുത്തൽ വിദഗ്ധർക്കും സാങ്കേതിക വിദഗ്ധർക്കും ഗൾഫ് തലത്തിലുള്ള ശൃംഖലയിൽ പ്രവർത്തിക്കാനുള്ള അവസരവും ലഭിക്കും. രാജ്യത്തെ സ്മാർട്ട് ഫാക്ടറി പദ്ധതിയിലൂടെ ഇതിനകം വികസിപ്പിച്ചെടുത്ത ശേഷികൾ പ്രയോജനപ്പെടുത്തി വ്യവസായ മേഖലയുടെ മത്സരക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യം.

ഒമാന്റെ വ്യവസായ തന്ത്രം 2040, ഒമാൻ വിഷൻ 2040 എന്നിവയുടെ ലക്ഷ്യങ്ങൾക്കനുസൃതമായി വ്യവസായ മേഖലയുടെ ആധുനികവൽക്കരണവും സാമ്പത്തിക വൈവിധ്യവൽക്കരണവും വേഗത്തിലാക്കാനും പുതിയ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oman with Full Digitalization Project
Next Story