പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലെ വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഒമാൻ
text_fieldsമസ്കത്ത്: പാകിസ്താനും അഫ്ഗാനിസ്താനും തമ്മിൽ ദോഹയിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാർ സ്വാഗതാർഹമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മിലെ സംഘർഷത്തിൽ വെടിനിർത്തൽ ധാരണക്കായി മധ്യസ്ഥത വഹിച്ച ഖത്തർ, തുർക്കി രാജ്യങ്ങളെ അഭിനന്ദിക്കുന്നതായി ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഖത്തർ, തുർക്കി രാജ്യങ്ങളുടെ മധ്യസ്ഥതയിൽ പാകിസ്താന്റെയും അഫ്ഗാനിസ്താന്റെയും പ്രതിനിധികൾ ദോഹയിൽ നടത്തിയ ചർച്ചയിലാണ് വെടിനിർത്തൽ ധാരണയിലെത്തിയത്.
വെടിനിർത്തൽ മേഖലയിലെ സംഘർഷ സാഹചര്യം എന്നേക്കുമായി നിർത്തലാക്കുമെന്നും മേഖലയിൽ സുസ്ഥിരതയും സുരക്ഷിതത്വവും സമാധാനപൂർണമായ സഹവർത്തിത്വവും പ്രദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ഒമാൻ പ്രസ്താവനയിൽ പറഞ്ഞു. പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, രഹസ്യാന്വേഷണ വിഭാഗം മേധാവി ആസിം മാലിക് എന്നിവരും പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യഅ്ഖൂബിന്റെ നേതൃത്വത്തിലുള്ള അഫ്ഗാൻ സംഘവുമാണ് ദോഹയിൽ ചർച്ച നടത്തിയത്.
നേരത്തെ 48 മണിക്കൂർ വെടിനിർത്തൽ സമയം കഴിഞ്ഞതിനു പിന്നാലെ ഇരുരാജ്യങ്ങൾക്കിടയിലും സംഘർഷം രൂക്ഷമായിരുന്നു. വെടിനിർത്തൽ ധാരണ നടപ്പാക്കുന്നതിനും ഇരുരാജ്യങ്ങളുടെയും സുരക്ഷക്കും സ്ഥിരതക്കും വരുംദിവസങ്ങളിൽ ചർച്ച തുടരാനും പാകിസ്താനും അഫ്ഗാനിസ്താനും ധാരണയിലെത്തിയതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച അഫ്ഗാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടിരുന്നു. 12 പേർക്ക് പരിക്കേറ്റു. നിരവധി സൈനികരടക്കം കൊല്ലപ്പെട്ട ഒരാഴ്ചത്തെ സംഘർഷത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇതിനിടയിൽ ശാശ്വത സമാധാനത്തിനായി തീവ്രശ്രമം നടത്താനും തീരുമാനിച്ചിരുന്നു. ഈ മാസം 25ന് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ഇരുരാജ്യങ്ങളും വീണ്ടും കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

