ഗസ്സയിൽ വംശഹത്യ തടയൽ; അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനെ ഒമാൻ സ്വാഗതം ചെയ്തു
text_fieldsമസ്കത്ത്: ഗസ്സയിൽ വംശഹത്യ തടയാനുള്ള നടപടികൾ ഇസ്രായേൽ സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടക്കാല ഉത്തരവിനെ ഒമാൻ സ്വാഗതം ചെയ്തു. ഫലസ്തീൻ ജനതക്കെതിരായ സൈനിക നടപടികളും വംശഹത്യയും അവസാനിപ്പിക്കാൻ അധിനിവേശ രാഷ്ട്രമായ ഇസ്രായേലിനെ നിർബന്ധിക്കണമെന്നു ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങളോടും നീതിയോടുമൊപ്പം നിലകൊള്ളുന്നതിലും കോടതിയിൽ ഈ കേസ് ഫയൽ ചെയ്തതിലുമുള്ള ദക്ഷിണാഫ്രിക്കയുടെ നിലപാടിനെ ഒമാൻ അഭിനന്ദിച്ചു. ഉത്തരവുകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഗസ്സ മുനമ്പിലെയും മറ്റു അധിനിവേശ ഫലസ്തീൻ പ്രദേശങ്ങൾക്കു നേരെയുള്ള എല്ലാത്തരം ഇസ്രായേൽ ആക്രമണങ്ങളും ഉടനടി അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും സംബന്ധിച്ചും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. എല്ലാത്തരം മാനുഷിക ആവശ്യങ്ങൾക്കും സുരക്ഷിതമായ പ്രവേശനം ഉറപ്പുനൽകുന്ന വിധത്തിൽ ഗസ്സയിൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കേണ്ടതിന്റെ പ്രധാന്യവും ഇതു അടിവരയിടുന്നുണ്ടെന്നും ഒമാൻ പ്രസ്താവനയിൽ വ്യക്തമാക്കി
ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ ഇടക്കാല വിധിയാണു കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ചത്. എന്നാൽ, വെടിനിർത്തലിനു ഉത്തരവുണ്ടാക്കണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. കോടതി ജഡ്ജി ജോവാൻ ഡോനോഗാണ് നിർണായക വിധി പുറപ്പെടുവിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരു മാസത്തിനകം ഇസ്രായേലിനോട് റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. ഗസ്സക്ക് ആവശ്യമായ മാനുഷിക സഹായം നൽകാൻ ഇസ്രായേൽ സാധ്യമാവുന്നതെല്ലാം ചെയ്യണമെന്നും കോടതി വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

