കുട്ടികളെയും വീട്ടുതൊഴിലാളികളെയും സോഷ്യൽ മീഡിയയിൽ നെഗറ്റിവ് കണ്ടന്റാക്കിയാൽ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ
text_fieldsഎ.ഐ ക്രിയാത്മക ചിത്രം
മസ്കറ്റ്: കൂടുതൽ റീച്ചിനായി 15 വയസ്സിന് താഴെയുള്ള കുട്ടികളെയോ വീട്ടു തൊഴിലാളികളെയോ ഉൾപ്പെടുത്തി നെഗറ്റീവ് സ്വഭാവമുള്ള സോഷ്യൽ മീഡിയ കണ്ടന്റുകൾ നിർമിക്കുന്നവർക്കെതിരെ കർശന നിയമനടപടിയുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരം നിയമലംഘനങ്ങളിൽ ഏർപ്പെടുന്ന കണ്ടന്റ് ക്രിയേറ്റർമാർക്ക് മൂന്ന് വർഷം വരെ തടവും 5,000 ഒമാനി റിയാൽ വരെ പിഴയും അല്ലെങ്കിൽ രണ്ട് ശിക്ഷകളും ഒരുമിച്ചോ ലഭിക്കുമെന്ന് അധികൃതർ ഔദ്യോഗിക മുന്നറിയിപ്പ് നൽകി. രാജകീയ ഉത്തരവ് നമ്പർ 61/2026 പ്രകാരം നിലവിൽ വന്ന സൈബർ ക്രൈം നിയമത്തിലെ ആർട്ടിക്കിൾ 36/7 അനുസരിച്ചാണ് ഈ നടപടി.
കുട്ടികളിൽ അക്രമവാസനയോ അമിതമായ ഭയമോ ഉണ്ടാക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും ഈ നിയമപ്രകാരം കടുത്ത ശിക്ഷാർഹമാണ്. കുട്ടികളെയും ഗാർഹിക തൊഴിലാളികളെയും കേവലം വിനോദത്തിനോ ഓൺലൈൻ റീച്ചിനോ ഉള്ള മാധ്യമങ്ങളാക്കി മാറ്റരുതെന്നും ഇത്തരത്തിൽ പങ്കുവെക്കുന്ന വീഡിയോകൾ അവരുടെ ജീവിതത്തെ ദീർഘകാലം പ്രതികൂലമായി ബാധിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ ഓർമിപ്പിച്ചു. ഓൺലൈനിൽ ഉള്ളടക്കങ്ങൾ നിർമിക്കുകയും പങ്കുവെക്കുകയും ചെയ്യുന്നതിന് മുമ്പ് കുട്ടികളുടെയും മറ്റും മാനസികാവസ്ഥയെയും ക്ഷേമത്തെയും അത് എങ്ങനെ ബാധിക്കുമെന്ന് ക്രിയേറ്റർമാർ ചിന്തിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ ബോധവൽകരണ സന്ദേശത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

