ഒമാൻ വിഷൻ 2040 സുസ്ഥിര വളർച്ചക്കുള്ള ബ്ലൂപ്രിന്റ് -ലോക ബാങ്ക്
text_fieldsമസ്കത്ത്: പൗരന്മാരുമായി വിപുലമായ കൂടിയാലോചനകളിലൂടെ വികസിപ്പിച്ചെടുത്ത ഒമാൻ വിഷൻ 2040 സുസ്ഥിര വളർച്ചക്കുള്ള ഒരു ബ്ലൂപ്രിന്റാണെന്ന് ലോക ബാങ്ക്. എണ്ണയെ ആശ്രയിക്കാതെ, ആഗോളതലത്തിൽ സംയോജിതവും സമ്പന്നവുമായ ഒരു സമൂഹത്തെ വളർത്തിയെടുക്കുന്ന വൈവിധ്യപൂർണവും പ്രതിരോധശേഷിയുള്ളതുമായ ഒരു സമ്പദ്വ്യവസ്ഥയെ ആണിത് പ്രധാനം ചെയ്യുന്നത്.
മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യങ്ങൾ, സംസ്കാരം, സാങ്കേതികവിദ്യ എന്നിവയുമായി ഒമാന് എങ്ങനെ പൊരുത്തപ്പെടാൻ കഴിയുമെന്ന് കാണിക്കുന്ന ഒരു റോഡ്മാപ്പാണ്. സാമ്പത്തിക വൈവിധ്യവത്കരണം, സുസ്ഥിരത, ആഗോള മത്സരശേഷി എന്നിവയിലേക്ക് ഒമാനെ നയിക്കാൻ ഇതു സഹായിക്കുന്നു. വിഷൻ 2040ന് കീഴിലുള്ള ഒമാന്റെ സ്ഥിരമായ പുരോഗതി മറ്റു വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകൾക്ക് ഒരു മാതൃകയാണെന്നും ലോകബാങ്ക് അതിന്റെ ബ്ലോഗിൽ പറഞ്ഞു.
ഒമാനും ലോകബാങ്ക് ഗ്രൂപ്പും പതിറ്റാണ്ടുകളായി സജീവമായ പങ്കാളിത്തം വഹിച്ചുവരുന്നുണ്ട്. ദേശീയ വികസന പദ്ധതികൾ, ബജറ്റ് നവീകരണം മുതൽ ഗതാഗതം, മത്സ്യബന്ധനം വരെയുള്ള വിഷൻ 2040ന് അനുസൃതമായ നിരവധി മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഇതുകാരണമായി. സ്വകാര്യ മേഖല നയിക്കുന്ന വളർച്ചക്കും തൊഴിലവസര സൃഷ്ടിക്കും പിന്തുണ നൽകുന്നതിനായി നിക്ഷേപ അന്തരീക്ഷം ശക്തിപ്പെടുത്തുക എന്നതാണ് ഇപ്പോൾ പ്രധാനമായും ഒമാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഒമാനി സാഹചര്യത്തിനനുസരിച്ച് ബിസിനസ് പരിസ്ഥിതി പരിഷ്കാരങ്ങളിലെ മികച്ച രീതികളെക്കുറിച്ചുള്ള ആഗോള അറിവും ഉപദേശവും ലോകബാങ്ക് നൽകി വരുന്നു. ബാങ്ക് ഗ്രൂപ്പിന്റെ സ്വകാര്യ മേഖലാ വിഭാഗമായ ഐ.എഫ്.സി, രാജ്യത്തിന്റെ സുസ്ഥിര ധനകാര്യ വിപണിയെ ശക്തിപ്പെടുത്തുന്നതിനും സ്വകാര്യ മേഖലയെ ശാക്തീകരിക്കുന്നതിനുമായി അടുത്തിടെ പുതിയ നിക്ഷേപങ്ങൾ പ്രഖ്യാപിച്ചു.
ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മനുഷ്യ മൂലധനം വികസിപ്പിക്കുന്നതിലും വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിലും ഒമാന്റെ തന്ത്രപരമായ ശ്രദ്ധയെ ലോകബാങ്കിന്റെ റിപ്പോർട്ട് അടിവരയിടുന്നു. ഗവേഷണത്തിന് ധനസഹായം നൽകുന്നതിനും അക്കാദമിക് ആശയങ്ങളെ പ്രായോഗിക വിപണി ഉൽപന്നങ്ങളാക്കി മാറ്റുന്നതിനുമുള്ള നിരവധി സംരംഭങ്ങൾക്ക് വിഷൻ തുടക്കംകുറിച്ചു.
യുവജന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി രാജ്യത്തുടനീളം ഇന്നവേഷൻ ഹബ്ബുകൾ, ബിസിനസ് ഇൻകുബേറ്ററുകൾ, സ്റ്റാർട്ടപ് പിന്തുണാ പരിപാടികൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വിദേശ നിക്ഷേപത്തിന് കൂടുതൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സ്വകാര്യ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും ഒമാന്റെ നിയന്ത്രണ പരിഷ്കാരങ്ങൾ പ്രശംസ പിടിച്ചുപറ്റി. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഫ്രീസോണുകൾ എന്നിവയുടെ ആധുനികവത്കരണം പോലുള്ള പ്രധാന അടിസ്ഥാന സൗകര്യ വികസനങ്ങളാണ് ഈ സാമ്പത്തിക മാറ്റത്തിന്റെ കേന്ദ്രബിന്ദുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

