പഴം, പച്ചക്കറി ലഭ്യത ഉറപ്പാക്കും
text_fieldsമസ്കത്ത്: മവേല സെൻട്രൽ മാർക്കറ്റിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും ലഭ്യത ഉറപ്പാക്കാൻ നടപടിയെടുത്തതായി മസ്കത്ത് നഗരസഭ അറിയിച്ചു. ഇറക്കുമതി ചെയ്തതും പ്രാദേശികവുമായ ഉൽപന്നങ്ങൾ സുലഭമായി വിപണിയിൽ ലഭ്യമാണ്. ബന്ധപ്പെട്ട രാഷ്ട്രങ്ങളിൽ നിന്ന് ഉൽപന്നങ്ങൾ നേരിട്ട് ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷിതവും നിലവാരമുള്ളതുമായ ഉൽപന്നങ്ങൾ നേരിട്ട് വിപണിയിൽ എത്തിക്കുന്നതിനായി എല്ലാവിധ ക്രമീകരണങ്ങളും പൂർത്തിയായി.
മൂന്നാമതൊരു രാജ്യം വഴിയല്ലാതെ നേരിട്ട് എത്തിക്കുന്നതിനാണ് ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. വിലകൾ നിരീക്ഷിക്കുന്നുണ്ടെന്നും നിയമലംഘനമില്ലെന്നും ഉറപ്പാക്കുമെന്നും ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും അറിയിച്ചു. ഉൽപന്നങ്ങൾ സൂക്ഷിച്ചുവെക്കുന്നതിലും പ്രദർശിപ്പിക്കുന്നതിലുമെല്ലാം ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മാർക്കറ്റ് മാനേജ്മെൻറും ശ്രദ്ധിക്കുന്നുണ്ട്. നഗരസഭയുടെ നടപടികളോട് സഹകരിക്കാനും നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെടുത്താനും മസ്കത്ത് നഗരസഭ ആവശ്യപ്പെട്ടു.
ഇറക്കുമതി ചെയ്യുന്ന പഴങ്ങൾക്കും പച്ചക്കറികൾക്കും അവയിൽ അടങ്ങിയിരിക്കുന്ന കീടനാശിനിയുടെ അളവ് സംബന്ധിച്ച സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെയാണ് വിപണിയിൽ ലഭ്യത കുറഞ്ഞത്. കഴിഞ്ഞമാസം 21 മുതലാണ് ഇൗ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. ഒരുലോഡിൽ അടങ്ങിയിരിക്കുന്ന എല്ലാ ഉൽപന്നങ്ങൾക്കും സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. റോഡ്, കടൽമാർഗമുള്ള പഴം, പച്ചക്കറി ഇറക്കുമതിയെയാണ് നിയമം കർക്കശമാക്കിയത് ബാധിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
