ഒമാൻ പച്ചക്കറി സീസൺ അവസാനിക്കുന്നു; വില വർധിക്കും
text_fieldsരാജ്യത്തെ പച്ചക്കറി ഫാമുകളിലൊന്ന് (ഫയൽ)
മസ്കത്ത്: ചൂട് വർധിച്ചതോടെ ഒമാൻ പച്ചക്കറി സീസൺ അവസാനിക്കുന്നു. ഇതോടെ തക്കാളി ഒഴികെയുള്ള മറ്റെല്ലാ പച്ചക്കറി ഇനങ്ങളും മാർക്കറ്റിൽനിന്ന് ഒഴിവായി. ഒമാൻ തക്കാളി അടുത്തമാസം ആദ്യത്തോടെ മാർക്കറ്റിൽനിന്ന് അപ്രത്യക്ഷമാവും. ഇപ്പോൾ തക്കാളി കൃഷി അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അതിനാൽ ഉൽപാദനവും കുറഞ്ഞു വരുകയാണ്. ജൂൺ അഞ്ചോടെ തക്കാളി ഉൽപാദനം പൂർണമായി നിലക്കും. ഇതോടെ ഒമാനിൽ തക്കാളി അടക്കമുള്ള പച്ചക്കറികളുടെ വില വർധിക്കും.
നിലവിൽ ഒമാൻ മാർക്കറ്റിൽ ഒമാൻ തക്കാളിക്കൊപ്പം ഇറാൻ, ജോർഡൻ എന്നീ രാജ്യങ്ങളുടെ തക്കാളി വിപണിയിലുണ്ട്. ഇതോടൊപ്പം ഒമാനി തക്കാളി കൂടി വിപണിയിലുള്ളതിനാൽ കുറഞ്ഞ വിലക്കാണ് തക്കാളി ലഭിക്കുന്നത്. മറ്റ് രാജ്യങ്ങളെക്കാൾ ഒമാൻ തക്കാളിക്ക് വിലയും കുറവാണ്. മറ്റ് രാജ്യങ്ങളിൽനിന്ന് തക്കാളിയും മറ്റ് പച്ചക്കറികളും എത്തിക്കുന്നതിന് ഗാതഗാതചെലവ് അടക്കം വർധിക്കുന്നതാണ് വിലയെ ബാധിക്കുന്നത്. ഇറാൻ, ജോർഡൻ, എന്നിവക്കൊപ്പം സിറിയൻ തക്കാളിയും മറ്റ് പച്ചക്കറികളും വിപണിയിലുണ്ടാവും.ഒമാൻ പച്ചക്കറി സീസൺ ആരംഭിക്കുന്നത് നവംബർ പകുതിയോടെയാണ്.
മേയ് അവസാനത്തോടെ സീസൺ അവസാനിക്കുകയും ചെയ്യും. ഒമാനിൽ എല്ലാ പച്ചക്കറി ഇനങ്ങളും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. തക്കാളിയാണ് പ്രധാന കൃഷിയെങ്കിലും വെണ്ട, കുമ്പളം, കദ്ദു, പച്ചമുളക്, കാബേജ്, കക്കിരി, മത്തൻ, വെള്ളരി അടക്കമുള്ള ഏതാണ്ടെല്ലാ പച്ചക്കറികളും ഒമാനിൽ കൃഷി ചെയ്യുന്നുണ്ട്. കാലാവസ്ഥയും മറ്റ് ഘടകങ്ങളും അനുകൂലമായാൽ ഒമാനിൽ നല്ല ഉൽപാദനവും ഉണ്ടാവാറുണ്ട്. അതിനാൽ നവംബർ മുതലുള്ള ഒമാൻ പച്ചക്കറി സീസണിൽ പച്ചക്കറിക്ക് നന്നായി വില കുറയുകയും ചെയ്യും. ഇക്കാലയളവിൽ മറ്റ് രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിയും കുറവായിരിക്കും. ഒമാൻ കാർഷിക മന്ത്രാലയം അധികൃതർ ഒമാനിൽ കീടനാശിനികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയയോടെ ഒമാനിലെ പച്ചക്കറികളിൽ കീടനാശിനി അളവ് നന്നായി കുറഞ്ഞിരുന്നു. ഒമാനിൽ നിരവധി കീടനാശികൾക്ക് നിരോധനവും നിലവിലുണ്ട്.
അതിനാൽ അംഗീകൃതമായ വീര്യം കുറഞ്ഞ കീടനാശിനികൾ മാത്രമാണ് ഇപ്പോൾ ഒമാനിൽ ഉപയോഗിക്കുന്നത്. ഇത് ഒമാൻ പച്ചക്കറിയുടെ ഗുണനിവാരം വർധിപ്പിക്കാൻ സഹായകമായിട്ടുണ്ട്. ഏതായാലും ഒമാൻ പച്ചക്കറി വിപണിയിൽനിന്ന് ഒഴിയുന്നത് സാധാരണക്കാരുടെ ജീവിത ബജറ്റ് ഉയർത്തും.
ഒമാൻ പച്ചക്കറി സീസൺ അവസാനിക്കുന്നത് ഹോട്ടൽ മേഖലയിലുള്ളവരെയും ബാധിക്കും. ചെറുകിട ഹോട്ടലുകളെയാണ് വില വർധന കൂടുതൽ ബാധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

