രക്തം കട്ടപിടിക്കാതിരിക്കാൻ ആൽഫാവാക് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒമാൻ
text_fieldsമസ്കത്ത്: രക്തം കട്ടപിടിക്കുന്നതിനുള്ള ചികിത്സക്കായി ആൽഫാവാക് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ജി.സി.സിയിലെ ആദ്യ ആതുരാലയമായി ഒമാനിലെ റോയൽ ആശുപത്രി. നൂതന അമേരിക്കൻ ആൽഫാവാക് സംവിധാനം റോയൽ ആശുപത്രിയിലെ നാഷനൽ ഹാർട്ട് സെന്റർ ആണ് ഉപയാഗിച്ചത്. ആധുനിക മെഡിക്കൽ സൗകര്യങ്ങൾ നൽകുന്നതിനും സുൽത്താനേറ്റിൽ ലോകോത്തര ഹൃദയ ചികിത്സ സേവനങ്ങൾ ഒരുക്കുന്നതിനുമുള്ള കേന്ദ്രത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.
റോയൽ ആശുപത്രിയിലെ നാഷനൽ ഹാർട്ട് സെന്റർ
പൾമണറി എംബോളിസവും വെനസ് ത്രോംബോബോളിസവും ചികിത്സിക്കുന്നതിനുള്ള അത്യാധുനിക ഇന്റർവെൻഷനൽ സാങ്കേതികവിദ്യയാണ് ആൽഫവാക് സിസ്റ്റം. തുറന്ന ശസ്ത്രക്രിയയുടെ ആവശ്യമില്ലാതെ വലിയ സിരകളിൽനിന്ന് രക്തം കട്ടപിടിക്കുന്നത് കാര്യക്ഷമമായി നീക്കംചെയ്യാൻ ഇത് പ്രാപ്തമാക്കുന്നു.
പരമ്പരാഗത ചികിത്സ മാതൃകകളിലെ ഗുണപരമായ മാറ്റത്തെ ഇത് പ്രതിനിധീകരിക്കുന്നു. ചികിത്സ സങ്കീർണതകൾ ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം രോഗികൾക്ക് വേഗത്തിൽ സുഖം പ്രാപിക്കാനുള്ള അവസരം ഇത് നൽകുന്നു. ഏറ്റവും പുതിയ മെഡിക്കൽ പുരോഗതികൾ സ്വീകരിക്കാനും ഹൃദയ പരിചരണത്തിൽ പ്രധാന കേന്ദ്രമായി മാറാനുള്ള റോയൽ ഹോസ്പിറ്റലിന്റെ തന്ത്രത്തിന്റെ പ്രതിഫലനമാണ് ആൽഫവാക് അവതരിപ്പിക്കുന്നതെന്ന് ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗത്തിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സംഘം പറഞ്ഞു.
പ്രാദേശിക, അന്തർദേശീയ മെഡിക്കൽ സമൂഹത്തിൽ ആശുപത്രിയുടെ പദവി മെച്ചപ്പെടുത്തുന്നതിനുള്ള ഒമാന്റെ വിശാലമായ കാഴ്ചപ്പാടുമായി ഇത് യോജിക്കുന്നു. എക്സ്-റേ മാർഗനിർദേശത്തിൽ ഫെമറൽ സിരയിലേക്ക് ഒരു കത്തീറ്റർ ഘടിപ്പിച്ചാണ് ഈ നടപടിക്രമം നടത്തുന്നതെന്നും രക്തനഷ്ടം കുറക്കുന്ന ഒരു പ്രത്യേക നിയന്ത്രണ ഉപകരണം ഉപയോഗിച്ച് രക്തം കട്ടപിടിക്കുന്നത് നീക്കം ചെയ്യുമെന്നും സംഘം വിശദീകരിച്ചു.
തുറന്ന ശസ്ത്രക്രിയയിൽ നിരവധി മണിക്കൂറുകൾ ആവശ്യമാണ്. ഈ നൂതന ചികിത്സ സംവിധാനത്തിൽ ഏകദേശം 30 മുതൽ 60 മിനിറ്റ് വരെ എടുക്കുകയുള്ളു. രോഗിക്ക് 24 മണിക്കൂറിനുള്ളിൽ തീവ്രപരിചരണത്തിൽനിന്ന് പുറത്തുപോകാനും സാധിക്കും. രക്തം കട്ടപിടിക്കുന്നത് നീക്കം ചെയ്യുന്നതിൽ ഈ സാങ്കേതികവിദ്യ 90 ശതമാനത്തിലധികം വിജയശതമാനം കൈവരിച്ചതായും സങ്കീർണതകളിലും രക്തസ്രാവത്തിലും ഗണ്യമായ കുറവ് വരുത്തിയതായും മെഡിക്കൽ സംഘം റിപ്പോർട്ട് ചെയ്തു.
ശസ്ത്രക്രിയക്ക് അനുയോജ്യരല്ലാത്ത രോഗികൾക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ഈ സംവിധാനം. ഒമാനിലെ ആരോഗ്യ സേവനങ്ങളുടെ ഗുണപരമായ പരിവർത്തനത്തിലെ ഒരു നാഴികക്കല്ലാണ് ആൽഫവാക് സംവിധാനമെന്ന് മെഡിക്കൽ സംഘം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

