ഒമാനിൽ പ്രവാസി റിക്രൂട്ട്‌മെന്‍റ് ഏജൻസികൾക്ക് കർശന നിയന്ത്രണം
text_fieldsമസ്‌കത്ത്: ഒമാനിൽ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികളുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ ലക്ഷ്യമിട്ട് തൊഴിൽ മന്ത്രാലയം നിയമം പരിഷ്‌കരിച്ചു. 2027 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, റിക്രൂട്ട്‌മെന്റ് ഏജൻസികൾ 5,000 ഒമാനി റിയാൽ സാമ്പത്തിക ഗാരന്റിയായി കെട്ടിവെക്കണമെന്നും റിക്രൂട്ട്‌മെന്റ് നടപടികൾ പരമാവധി 45 ദിവസത്തിനകം പൂർത്തിയാക്കണമെന്നും നിർബന്ധമാക്കി.
കൂടാതെ, റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളുടെ സേവനങ്ങൾക്ക് ഏജൻസികൾ തൊഴിലുടമക്ക് രണ്ട് വർഷത്തെ ഗാരന്റി നൽകണമെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ബിൻ അലി ബഅ്‌വൈൻ ഞായറാഴ്ച പുറപ്പെടുവിച്ച 390/2026 നമ്പർ മന്ത്രാലയ തീരുമാനപ്രകാരമാണ് നിലവിലെ നിയമങ്ങൾ പരിഷ്‌കരിച്ചത്.
തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും കരാർ വ്യവസ്ഥകൾ കൂടുതൽ വ്യക്തമാക്കാനുമാണ് പുതിയ നിയന്ത്രണങ്ങൾ. ലൈസൻസുള്ള സ്ഥാപനങ്ങളുടെ ഉടമസ്ഥരും പങ്കാളികളും നിർബന്ധമായും ഒമാനി പൗരന്മാരായിരിക്കണം. കൂടാതെ, ചെറുകിട -ഇടത്തരം സംരംഭങ്ങളുടെ വികസന അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മാത്രമായിരിക്കും ലൈസൻസ് അനുവദിക്കുക. രണ്ട് വർഷത്തെ ലൈസൻസ് പുതുക്കാൻ 300 ഒമാനി റിയാൽ ഫീസും നിശ്ചയിച്ചു.തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കർശനമായ വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളത്. റിക്രൂട്ട്‌മെന്റ് ഏജൻസികൾ തൊഴിലാളികളിൽ നിന്ന് ഒരുവിധ ഫീസും ഈടാക്കാൻ പാടില്ല.
ഒമാനിൽ എത്തുന്ന തൊഴിലാളികൾക്ക് അനുയോജ്യമായ താമസസൗകര്യവും സുരക്ഷിതത്വവും ഉറപ്പാക്കേണ്ടത് ഏജൻസിയുടെ ഉത്തരവാദിത്തമാണ്. തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകൃത കരാർ ഫോമുകൾ ഉപയോഗിച്ച് മാത്രമേ റിക്രൂട്ട്‌മെന്റ് നടത്താവൂ എന്നും കൃത്യമായ ശമ്പളവും ജോലിയുടെ സ്വഭാവവും വ്യക്തമാക്കുന്ന ഔദ്യോഗിക ഓഫർ ലെറ്റർ തൊഴിലാളിക്ക് മുൻകൂട്ടി നൽകിയിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമ ലംഘനം നടത്തുന്ന ഏജൻസികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

