ഒമാൻ-തുർക്കിയ ചർച്ച; തുർക്കിയ, ഒമാൻ പൗരന്മാർക്ക് വിസ ഒഴിവാക്കി
text_fieldsമസ്കത്തിലെ അൽ പാലസിൽ ചർച്ചക്കെത്തുന്ന തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും
മസ്കത്ത്: തുർക്കിയയിലേക്കുള്ള ഒമാൻ പൗരന്മാരുടെ യാത്രക്കും ഒമാനിലേക്കുള്ള തുർക്കിയ പൗരന്മാരുടെ യാത്രക്കും വിസ ഒഴിവാക്കാൻ തീരുമാനം. തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും തമ്മിൽ കഴിഞ്ഞദിവസം നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം.
ഇരുരാജ്യങ്ങളുടെയും ചരിത്രബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനുള്ള പ്രതിബദ്ധത ഇരുവരും ആവർത്തിച്ചു. ഒമാൻ പൗരന്മാർക്ക് തുർക്കിയയിൽ പ്രവേശിക്കാൻ വിസ ആവശ്യമില്ലെന്ന ഉർദുഗാന്റെ പ്രഖ്യാപനം ഒമാനും ടർക്കിയും തമ്മിലുള്ള വളർന്നുവരുന്ന സഹകരണബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
തുർക്കിയ പൗരന്മാർക്ക് ഒമാനിൽ പ്രവേശിക്കുന്നതിനുള്ള വിസ നടപടി ഒമാനും ഒഴിവാക്കിയിട്ടുണ്ട്. ‘തുർക്കിയ പൗരന്മാർക്ക് ഒമാൻ വിസ ഒഴിവാക്കിയ ഒമാൻ സർക്കാറിനോടുള്ള നന്ദിയും ആദരവും അറിയിക്കുന്നതായും ഇത് വ്യാപാരം, നിക്ഷേപം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളുടെയും സഹകരണത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നും ഉർദുഗാൻ കൂട്ടിച്ചേർത്തു.
ഈ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലെ സാമ്പത്തികവും സാംസ്കാരികവുമായ ഇടപെടലുകൾ വർധിപ്പിക്കാനും പുതിയ സഹകരണാവസരങ്ങൾ തുറക്കാനും സഹായകരമാകുമെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും വിശ്വാസം പ്രകടിപ്പിച്ചു.
രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഉർദുഗാൻ വ്യാഴാഴ്ച വൈകീട്ട് തുർക്കിയയിലേക്ക് മടങ്ങിയിരുന്നു. ഒമാനും തുർക്കിയയും തമ്മിലെ സഹകരണം മെച്ചപ്പെടുത്താൻ ഇരു രാജ്യങ്ങളും തമ്മിൽ ആറ് സുപ്രധാന കരാറുകളിലും എട്ട് ധാരണപത്രങ്ങളിലും ഒപ്പുവെച്ചിരുന്നു. ഒമാൻ-തുർക്കിയ കോഓഡിനേറ്റിങ് കൗൺസിൽ രൂപവത്കരണം, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ കീഴിലുള്ള കമ്പനിയായ ആമ്പർ ലിമിറ്റഡും തുർകിഷ് ഒയാക് ഫണ്ടും തമ്മിൽ മൂലധന പങ്കാളിത്തത്തിനും ഉസ്ബെക് ഒമാനി കമ്പനിയും തുർക്കിഷ് ഒയാക് ഫണ്ടും തമ്മിലെ മൂലധന പങ്കാളിത്തത്തിനുമുള്ള കരാറുകൾ, മാൻ ഫുഡ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ് കമ്പനിയായ നിതാജും ഒയാക് ഹോൾഡിങ് ഫോർ ഫുഡ് ആൻഡ് അഗ്രികൾചറും തമ്മിൽ സഹകരണത്തിനും ഒമാൻ ഡാറ്റ കമ്പനിയും തുർക്കിഷ് ഇൻഫർമേഷൻ ടെക്നോളജി കമ്പനിയായ ഇന്നവൻസും തമ്മിൽ സഹകരണ കരാർ തുടങ്ങിയവയാണ് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചത്.
തുർക്കിയയിൽനിന്നുള്ള തുർക്കിഷ് മാരിഫ് ഫൗണ്ടേഷന് ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാൻ ഭൂമി അനുവദിക്കാൻ ഒമാൻ സമ്മതം അറിയിച്ചിട്ടുണ്ട്. ഒമാൻ കമ്പനിയായ സിനാൻ അഡ്വാൻസ്ഡ് ഇൻഡസ്ട്രീസും തുർക്കിഷ് കമ്പനിയായ അസൽസാനും തമ്മിൽ ബിസിനസ് പങ്കാളിത്തത്തിനും പരസ്പര ധാരണയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

