കുതിച്ചുയർന്ന് ഒമാൻ ടൂറിസം; സാമ്പത്തിക രംഗത്ത് ഉണർവ്
text_fieldsമസ്കത്ത്: ഒമാന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക ശക്തിയായി ടൂറിസം മേഖല മാറുന്നു. ദേശീയ സ്ഥിതിവിവര-വിവര കേന്ദ്രം പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിലേക്ക് (ജി.ഡി.പി) ടൂറിസം മേഖലയുടെ സംഭാവന 1.1 ബില്യൻ (100.1 കോടി) ഒമാനി റിയാലായി ഉയർന്നു. കോവിഡിന് ശേഷമുള്ള കാലയളവിൽ രാജ്യം കൈവരിച്ച ഏറ്റവും മികച്ച വളർച്ചാ നിരക്കുകളിൽ ഒന്നാണിത്. 2024ലെ 1.095 ബില്യൺ റിയാലിനെ അപേക്ഷിച്ച് 3.7 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
ടൂറിസത്തിന്റെ മൊത്തം നേരിട്ടുള്ള മൂല്യവർധനയും നാലുശതമാനം ഉയർന്ന് ഏകദേശം 1.107 ബില്യൺ റിയാലായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1.065 ബില്യൺ റിയാലായിരുന്നു. ടൂറിസവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. മൊത്തം ടൂറിസം ഉൽപാദനം 7.8 ശതമാനം വർധിച്ച് 2.284 ബില്യൺ റിയാലായി. ടൂറിസം ഉപഭോഗം 11.6 ശതമാനം ഉയർന്ന് 1.177 ബില്യൺ റിയാലായി.
നിലവിലെ വിലയും സ്ഥിരവിലയും അടിസ്ഥാനമാക്കി ടൂറിസം മേഖലയിലെ സംഭാവനകളെ റിപ്പോർട്ട് വിലയിരുത്തുന്നു. വിവിധ ടൂറിസം അനുബന്ധ മേഖലകളിൽ പുരോഗതിയും മേഖലയിലെ ആകെ സാമ്പത്തിക പ്രകടനത്തിലുണ്ടായ വർധനവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2025ലെ നാലാം പാദത്തിൽ ടൂറിസത്തിന്റെ ജി.ഡി.പിയിലേക്കുള്ള നേരിട്ടുള്ള സംഭാവന ഏകദേശം 330 മില്യൺ റിയാലായിരുന്നു. 2024ലെ അതേ കാലയളവിൽ ഇത് 331 മില്യൺ റിയാലായിരുന്നു. ഈ പാദത്തിൽ ജി.ഡി.പിയുടെ ഏകദേശം മൂന്നു ശതമാനം ടൂറിസം മേഖലയാണ് സംഭാവന ചെയ്തത്.
ഹോട്ടൽ സേവനങ്ങൾ 17 ശതമാനം വളർച്ചയോടെ 252.1 മില്യൺ റിയാലിലെത്തി. മറ്റ് ടൂറിസം സേവനങ്ങൾ 18 ശതമാനം ഉയർന്ന് 197.9 മില്യൺ റിയാലായി. റസ്റ്ററന്റ് സേവനങ്ങൾ 3.5 ശതമാനം വർധിച്ച് 198.9 മില്യൺ റിയാലായി. ഗതാഗത സേവനങ്ങൾ 1.1 ശതമാനം ഉയർന്ന് 196.5 മില്യൺ റിയാലായി. അതേസമയം, യാത്രാ-ബുക്കിങ് ഏജൻസികളുടെ സേവനങ്ങൾ 12.2 ശതമാനം ഇടിവ് രേഖപ്പെടുത്തി 242.7 മില്യൺ റിയാലായി കുറഞ്ഞു. ചില മേഖലകളിൽ ഇടിവുണ്ടായിട്ടും താമസസൗകര്യങ്ങൾ, സേവനങ്ങൾ, സന്ദർശകരുടെ ചെലവ് എന്നിവയിൽ ഉണ്ടായ വളർച്ചയുടെ പിന്തുണയോടെ ഒമാനിലെ ടൂറിസം മേഖല പുനരുജ്ജീവനം തുടരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ഒമാനി പാരമ്പര്യത്തിന്റെ വാസ്തുശിൽപ ഭംഗി
എണ്ണ ഇതര വരുമാന മാർഗങ്ങൾ തേടിയുള്ള ‘ഒമാൻ വിഷൻ 2040’ പദ്ധതിയുടെ വിജയത്തിലേക്കാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രകൃതിരമണീയമായ സ്ഥലങ്ങൾ, സാംസ്കാരിക പൈതൃകം, ആധുനിക സൗകര്യങ്ങൾ എന്നിവ ഒമാനെ ആഗോള ടൂറിസ്റ്റ് ഭൂപടത്തിൽ മുൻനിരയിലേക്കുയർത്തിയിട്ടുണ്ട്.
ടൂറിസം പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ നടപ്പിലാക്കിയ ദീർഘവീക്ഷണമുള്ള പദ്ധതികളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി. വരും വർഷങ്ങളിൽ വിദേശ നിക്ഷേപം കൂടുതൽ ആകർഷിക്കാനും സന്ദർശകരുടെ എണ്ണം ഇരട്ടിയാക്കാനും ലക്ഷ്യമിട്ടുള്ള ബൃഹത്തായ പദ്ധതികൾ പുരോഗമിക്കുകയാണ്. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും സുരക്ഷിതവും മനോഹരവുമായ യാത്രാ ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഒമാന്റെ ഖ്യാതി ഈ സാമ്പത്തിക വളർച്ചയിലൂടെ കൂടുതൽ ശക്തിപ്പെടുകയാണ്.
2023-ൽ മാത്രം ഏകദേശം 40 ലക്ഷം ആഗോള സന്ദർശകരാണ് സുൽത്താനേറ്റിൽ എത്തിയത്. കോവിഡിന് ശേഷമുള്ള കാലയളവിലെ ഏറ്റവും ഉയർന്ന കണക്കാണിത്. 2030-ഓടെ പ്രതിവർഷം 60 ലക്ഷം സഞ്ചാരികളെ ആകർഷിക്കാനാണ് ഒമാൻ സുൽത്താനേറ്റ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

