സുൽത്താനേറ്റിന്റെ ടൂറിസം സാധ്യതകൾ; ഇന്ത്യയിൽ കാമ്പയിനുമായി ഒമാൻ
text_fieldsമസ്കത്ത്: സുൽത്താനേറ്റിന്റെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇന്ത്യയിൽ പ്രമോഷനൽ കാമ്പയിനുമായി ഒമാൻ. പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിക്ക് തിങ്കളാഴ്ച തുടക്കമാകും. ഇന്ത്യൻ നഗരങ്ങളായ ഡൽഹി, ജയ്പുർ, കൽക്കത്ത, മുംബൈ എന്നിവിടങ്ങളിലായിരിക്കും പരിപാടി. ഈ മാസം അവസാനംവരെ കാമ്പയിൻ തുടരും.
ഒമാനും ഇന്ത്യയും തമ്മിലുള്ള നിലവിലുള്ള ബന്ധം ശക്തിപ്പെടുത്തുക, സമ്പന്നമായ ഒമാനി ചരിത്ര പൈതൃകം, പ്രകൃതിരമണീയമായ ടൂറിസം സാധ്യതകൾ, വിവാഹങ്ങൾ, ഇവന്റുകൾ, കോൺഫറൻസ്, എക്സിബിഷൻ ടൂറിസം തുടങ്ങി നിരവധി ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ ആകർഷകമായ സ്ഥലങ്ങളും വൈവിധ്യമാർന്ന അനുഭവങ്ങളും ഉയർത്തിക്കാട്ടുകയുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ടൂറിസം മേഖലയിലെ പങ്കാളികൾക്ക് ഹോട്ടലുകൾ, ടൂർ ഓപറേറ്റർമാർ, എയർലൈനുകൾ, പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ പ്രതിനിധികൾ എന്നിവയുൾപ്പെടെ ഒമാനി ടൂറിസം രംഗത്തെ ആളുകളെ ബന്ധപ്പെടാനുള്ള അവസരവും കാമ്പയിനിന്റെ ഭാഗമായുണ്ടാകും. ഇത് ഒമാനിൽ ലഭ്യമായ വ്യത്യസ്ത യാത്രാനുഭവങ്ങളെക്കുറിച്ച് അറിയാൻ സഹായകമാകും.
അവതരണങ്ങൾ, സംവേദനാത്മക സെഷനുകൾ, വൺ-ഓൺ-വൺ മീറ്റിങ്ങുകൾ എന്നിവയാണ് കാമ്പയിനിൽ ഉൾപ്പെടുന്നത്. നിലവിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പുതിയ ബിസിനസ് പങ്കാളിത്തവും സഹകരണവും സ്ഥാപിക്കുന്നതിനും ഒമാനി ടൂറിസം മേഖലയിലെ ഏറ്റവും പുതിയതും വരാനിരിക്കുന്നതുമായ സംഭവവികാസങ്ങളെക്കുറിച്ച് മനസ്സിലാക്കാനും ഇന്ത്യൻ ടൂറിസം കമ്പനികൾക്ക് അനുയോജ്യമായ വേദിയായിരിക്കുമിത്. സഞ്ചാരികളെ ആകർഷിക്കാൻ വിവിധ ആഗോള ടൂറിസം വിപണികളിൽ മന്ത്രാലയം നടത്തുന്ന പരിപാടിയുടെ ഭാഗമാണ് കാമ്പയിൻ.
സാഹസിക പ്രേമികൾ, പ്രകൃതിസ്നേഹികൾ, ചരിത്ര ഗവേഷകർ, ആഡംബര സങ്കേതങ്ങൾ തേടുന്നവർ എന്നിവർക്കായി വർഷം മുഴുവനും ഒമാനെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനത്തിലാണ് ടൂറിസം അധികൃതർ. പ്രമോഷനൽ കാമ്പയിനിലൂടെ ലക്ഷ്യമിട്ട മാർക്കറ്റുകളിലേക്ക് പ്രവേശിക്കാനും അവരുമായി നേരിട്ട് ബന്ധം സ്ഥാപിക്കാനും അവരുടെ സവിശേഷതകളും ആവശ്യകതകളും അടുത്തറിയാനും ശ്രമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

