സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ മുന്നേറ്റവുമായി ഒമാൻ
text_fieldsമസ്കത്ത്: സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ശ്രദ്ധേയമായ മുന്നേറ്റവുമായി ഒമാൻ. കഴിഞ്ഞ വർഷം 62.9 പോയന്റായിരുന്നത് 2025ൽ 65.4 പോയന്റായി ഉയർന്നു. ഇതോടെ ആഗോളതലത്തിൽ 184 രാജ്യങ്ങൾക്കിടയിൽ 58ാം സ്ഥാനത്താണ് രാജ്യം. ഹെറിറ്റേജ് ഫൗണ്ടേഷൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഒമാന്റെ മുന്നേറ്റം വ്യക്തമാക്കിയിരിക്കുന്നത്.
മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ 14 രാജ്യങ്ങളിൽ അഞ്ചാം സ്ഥാനമാണ് സുൽത്തനേറ്റിനുള്ളത്. ‘മിതമായ സാമ്പത്തിക സ്വാതന്ത്ര്യം’ എന്ന വിഭാഗത്തിലാണ് ഒമാൻ ഉൾപ്പെടുന്നത്. നിയമവാഴ്ച, തുറസ്സായ വിപണി സമീപനം, കാര്യക്ഷമമായ നിയന്ത്രണങ്ങൾ എന്നിവയിലെ പുരോഗതിയാണ് ഈ നേട്ടത്തിന് കാരണം.
ഊർജ മേഖലയിലെ അമിതമായ ആശ്രയം കുറച്ച് സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള ഒമാന്റെ ശ്രമങ്ങളെ റിപ്പോർട്ട് പ്രശംസിക്കുന്നുണ്ട്. സംരംഭകത്വ മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും നേട്ടങ്ങൾക്ക് കാരണമായി.12 ഉപസൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് സാമ്പത്തിക സ്വാതന്ത്ര്യ സൂചിക തയാറാക്കിയത്. നിയമവാഴ്ച, സ്വത്തവകാശങ്ങൾ, സാമ്പത്തിക മേഖലയുടെ വളർച്ച എന്നിവയിൽ ഒമാൻ കാര്യമായ പുരോഗതി കൈവരിച്ചു.
ഒമാന്റെ സമ്പദ് വ്യവസ്ഥയുടെ പ്രധാന വളർച്ച എൻജിൻ ഊർജ മേഖലയാണ്. കുറഞ്ഞ നികുതി നിരക്കുകളും മിക്ക മേഖലകളിലും വിദേശ നിക്ഷേപത്തെ സ്വാഗതം ചെയ്യുന്ന സമീപനവും രാജ്യത്തിനുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സമ്പദ് വ്യവസ്ഥയുടെ ആധുനികവത്കരണവും വൈവിധ്യവത്കരണവും ഒമാൻ ലക്ഷ്യമിടുന്നു. സാമ്പത്തിക ഏകീകരണം ബജറ്റ് മിച്ചവും കുറഞ്ഞ കടബാധ്യതയും നൽകി.
ഒമാന്റെ പരമാധികാര ക്രെഡിറ്റ് റേറ്റിങ് നിക്ഷേപ ഗ്രേഡിലേക്ക് ഉയർന്നു. വാണിജ്യ ബാങ്കുകൾ മികച്ച പ്രകടനം കാഴ്ചവെച്ച് സാമ്പത്തിക മേഖല വളരുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

