ഏഷ്യാകപ്പ് ക്രിക്കറ്റിൽ അങ്കംകുറിക്കാൻ ഒമാൻ
text_fieldsഒമാൻ ക്രിക്കറ്റ് ടീം അംഗങ്ങൾ (ഫയൽ)
മസ്കത്ത്: വമ്പന്മാർ അണിനിരക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ അങ്കം കുറിക്കാൻ ഒമാൻ ഒരുങ്ങുന്നു. ടൂർണമെന്റിനുള്ള 17 അംഗ ടീമിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. ഓപണർ ബാറ്റർ ജതീന്ദർ സിങ്ങാണ് ടീമിനെ നയിക്കുക. പരിചയസമ്പന്നതക്കൊപ്പം യുവതാരങ്ങൾക്കും പ്രാധാന്യം നൽകിയാണ് ടീമിനെ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം ഒമാനിൽ നടന്ന എ.സി.സി എമർജിങ് ടീംസ് ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ഹമ്മദ് മിർസയാണ് ടീമിൽ ഇടം നേടിയ ശ്രദ്ധേയ താരങ്ങളിൽ ഒരാൾ. മുഹമ്മദ് നദീം, വിനായക് ശുക്ല എന്നിവരെപ്പോലുള്ളവർ ബാറ്റിങ് നിരക്ക് കരുത്ത് പകരും.
ഹസ്നൈൻ അലി ഷായും മുഹമ്മദ് ഇമ്രാനും ഒമാന്റെ പേസ് ആക്രമണത്തിന് നേതൃത്വം നൽകും. പരിചയസമ്പന്നനായ ഷക്കീൽ അഹമ്മദ് നയിക്കുന്ന സ്പിൻ ഡിപ്പാർട്മെന്റും ടീമിന് പ്രതീക്ഷയേകുന്നു. ഒമാൻ താരങ്ങൾക്ക് ആഗോളവേദിയിൽ പ്രകടനം നടത്താനുള്ള മികച്ച അവസരമാണ് ഏഷ്യാ കപ്പെന്ന് കോച്ച് ദുലീപ് മെൻഡിസ് പറഞ്ഞു.
ഇന്ത്യ, പാകിസ്താൻ തുടങ്ങിയ ടീമുകൾക്കെതിരെ കളിക്കുക ഏതൊരു ക്രിക്കറ്ററും ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. ടൂർണമെന്റിനായി മികച്ച ഒരുക്കമാണ് ടീം നടത്തുന്നത്. കഴിവ് മാത്രമല്ല, പ്രധാന ടീമുകൾക്കെതിരെയുള്ള മത്സരങ്ങളിലെ സമ്മർദങ്ങളെ അതിജീവിക്കാൻ മാനസികശക്തിയും നിർണായകമാണ്. ഏഷ്യാ കപ്പിൽ മികച്ച കളി പുറത്തെടുക്കാനും വളർന്നുവരുന്ന ഒരു ക്രിക്കറ്റ് രാജ്യമായി ഒമാനെ പ്രദർശിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും കോച്ച് പറഞ്ഞു.
ട്വന്റി20 ഫോര്‍മാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് യു.എ.ഇയിലാണ് നടക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ 28നാണ്. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 19 മത്സരങ്ങളാണുണ്ടാവുക. ഒമാനും ഇന്ത്യയും പാകിസ്താനും യു.എ.ഇയും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്, ഹോങ്കോങ് എന്നിവ രണ്ടാമത്തെ ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പില്‍നിന്നും രണ്ട് ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതില്‍ മികച്ച രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും. സെപ്റ്റംബർ 12ന് പാകിസ്താനെതിരെയാണ് ഒമാന്റെ ആദ്യ മത്സരം. 15ന് യു.എ.ഇക്കെതിരെയും 19ന് ഇന്ത്യക്കെതിരെയുമാണ് ഒമാന്റെ മറ്റ് മത്സരങ്ങൾ.
ഒമാൻ സ്ക്വാഡ്: ജതീന്ദർ സിങ് (ക്യാപ്റ്റൻ), ഹമ്മദ് മിർസ, വിനായക് ശുക്ല, സുഫ്യാൻ യൂസഫ്, ആശിഷ് ഒഡെദേര, ആമിർ കലീം, മുഹമ്മദ് നദീം, സുഫിയാൻ മഹ്മൂദ്, ആര്യൻ ബിഷ്ത്, കരൺ സോനാവാലെ, സിക്രിയാസ് മൊഹമ്മൽ, ഹസ്ക്രിയാമിൻ, സിക്രിയാസ് മുഹമ്മൽ ഇസ്ലാം ഇമ്രാൻ, നദീം ഖാൻ, ഷക്കീൽ അഹമ്മദ്, സമയ് ശ്രീവാസ്തവ. സപ്പോർട്ട് സ്റ്റാഫ്: മാനേജർ-അൽകേഷ് ജോഷി, ഹെഡ് കോച്ച്-ദുലീപ് മെൻഡിസ്, ഡെപ്യൂട്ടി ഹെഡ് കോച്ച്-സുലക്ഷൻ കുൽക്കർണി, അസിസ്റ്റൻറ് കോച്ച് - മസർ ഖാൻ, അനലിസ്റ്റ്-സീഷൻ സിദ്ദീഖി, എസ് ആൻഡ് സി ട്രെയിനർ-ശിവ മാൻഹാസ്, ഫിസിയോ-ഡോ. ആശിഷ് അവസ്തി, മസ്സൂർ- ബഷീർ അഹമ്മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

