ഉയർന്ന വരുമാനക്കാരിൽനിന്ന് വ്യക്തിഗത ആദായ നികുതി ചുമത്താൻ ഒമാൻ; 2028 ജനുവരി മുതൽ പ്രാബല്യത്തിൽ വരും
text_fieldsമസ്കത്ത്: ഉയർന്ന വരുമാനമുള്ളവരിൽനിന്ന് വ്യക്തിഗത ആദായ നികുതി ചുമത്താനൊരുങ്ങി ഒമാൻ. 42,000 റിയാലിൽ കൂടുതൽ വാർഷിക വരുമാനമുള്ളവരിൽനിന്ന് അഞ്ച് ശതമാനം നികുതിയായിരിക്കും ഏർപ്പെടുത്തുക. 2028 ജനുവരി മുതൽ പ്രാബല്യത്തിൽവരുമെന്ന് അധികൃതർ അറിയിച്ചു. നികുതി ഏർപ്പെടുന്നത് സംബന്ധിച്ച രാജകീയ ഉത്തരവ് (റോയൽ ഡിക്രി നമ്പർ 56/2025) ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് പുറപ്പെടുവിച്ചു.
പുതിയ നിയമത്തിൽ 16 അധ്യായങ്ങളിലായി 76 വകുപ്പുകൾ ഉൾപ്പെടുന്നു. രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിൽ ഒമാന്റെ നികുതി സമ്പ്രദായം പൂർത്തിയാക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണ് ഇത്. കൂടാതെ ഒമാൻ വിഷൻ 2040 ന്റെ ലക്ഷ്യങ്ങളെ പിന്തുണക്കുകയും ചെയ്യുന്നു.
എണ്ണ വരുമാനത്തിലുള്ള ആശ്രയത്വം കുറക്കുക, സമ്പത്തിന്റെ കൂടുതൽ തുല്യമായ വിതരണം ഉറപ്പാക്കുക, സാമൂഹിക ക്ഷേമ പരിപാടികൾക്ക് ധനസഹായം നൽകുക എന്നിവയാണ് നയത്തിന്റെ ലക്ഷ്യം. അതേസമയം, നികുതിക്ക് വധേയരാകുക ഒമാൻ ജനസംഖ്യയുടെ ഒരുശതമാനം മാത്രമായിരിക്കുമെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
ബഹുഭൂരിപക്ഷം പൗരന്മാരെയും സംരക്ഷിക്കുന്നതിനാണ് ഇളവ് പരിധി നിശ്ചയിച്ചത്. നികുതിയിൽ നിന്നുള്ള വരുമാനം ദേശീയ സാമൂഹിക സംരക്ഷണ സംവിധാനത്തെ പിന്തുണക്കന്നതിനായിരിക്കും ഉപയോഗിക്കുക. ഇത് സാമൂഹിക നീതി പ്രോത്സാഹിപ്പിക്കുന്നതിനും എണ്ണയെ ആശ്രയിക്കുന്നതിൽ നിന്ന് രാജ്യത്തന്റെ വരുമാനം വൈവിധ്യവത്കരിക്കുന്നതിനുമുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തും.
താഴ്ന്ന വരുമാനക്കാരായ വിഭാഗങ്ങളെ പിന്തുണക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനും, നിയമത്തിൽ നിരവധി ഇളവുകളും കിഴിവുകളും ഉൾപ്പെടുന്നു, പ്രത്യേകിച്ച് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പ്രാഥമിക ഭവനം, സകാത്ത്, സംഭാവനകൾ, അനന്തരാവകാശം തുടങ്ങിയ നിർണായക മേഖലകളിൽ.
സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനും, സമ്പത്ത് കൂടുതൽ തുല്യമായി പുനർവിതരണം ചെയ്യുന്നതിനും, ഒമാനി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഐക്യദാർഢ്യം വളർത്തുന്നതിനുമുള്ള ഒരു നിർണായക നടപടിയാണ് പുതിയ നികുതിയെന്ന് നികുതി അതോറിറ്റി വിശേഷിപ്പിച്ചു.
വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള വരുമാന ഡാറ്റയെ അടിസ്ഥാനമാക്കി, സാമ്പത്തികവും സാമൂഹികവുമായ ആഘാതം വിലയിരുത്തി ആഴത്തിലുള്ള പഠനത്തിനു ശേഷമാണ് വ്യക്തിഗത ആദായനികുതി നടപ്പിലാക്കുന്നതെന്ന് അതോറിറ്റി പറഞ്ഞു. നികുതി നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ആവശ്യകതകളും പൂർത്തിയായതായി വ്യക്തിഗത ആദായ നികുതി പദ്ധതിയുടെ ഡയറക്ടർ കരിമ മുബാറക് അൽ സാദി സ്ഥിരീകരിച്ചു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന് ശേഷം ഒരു വർഷത്തിനുള്ളിൽ നിയമത്തിന്റെ എക്സിക്യൂട്ടിവ് നിയന്ത്രണങ്ങൾ പുറപ്പെടുവിക്കും.
നികുതി നടപ്പാക്കൽ ആവശ്യകതകൾക്ക് അനുസൃതമായി പ്രത്യേക പരിശീലന പരിപാടികളിലൂടെ നികുതി അതോറിറ്റി അതിന്റെ ജീവനക്കാരെ ശക്തിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സ്വാഭാവികവും നിയമപരവുമായ വ്യക്തികൾക്കുള്ള മാർഗ നിർദേശ മാനുവലുകൾ മുൻകൂട്ടി നിശ്ചയിച്ച ഷെഡ്യൂൾ അനുസരിച്ച് പ്രസിദ്ധീകരിക്കമെന്നും അവർ പറഞ്ഞു.
തീരുമാനം നടപ്പിലാകുന്നതോടെ ആദായ നികുതി ഏര്‍പ്പെടുത്തുന്ന ആദ്യ ഗള്‍ഫ് രാജ്യമാകും ഒമാന്‍. പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വ്യക്തിഗത ആദായ നികുതി നടപ്പിലാക്കാന്‍ ഒമാനൊരുങ്ങുന്നത്. പഞ്ചവത്സര പദ്ധതികളിലൂടെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ച കൈവരിക്കുന്നതിനായി 2021 മുതല്‍ 2040 വരെ ഒമാന്‍ നടപ്പാക്കുന്ന വിഷന്‍ 2040ന്റെ ഭാഗമാണ് പുതിയ നികുതി സമ്പ്രദായം.
വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ ഒമാനില്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. 2022ല്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ ആദ്യമായി അവതരിപ്പിച്ചു. നിര്‍ദിഷ്ട ബില്‍ അനുസരിച്ച് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഇത് ബാധകമായിരിക്കും. രാജ്യത്തിന് സുസ്ഥിരമായ വരുമാന മാര്‍ഗം പ്രദാനം ചെയ്യുന്നതാണ് പുതിയ തീരുമാനം. അടിസ്ഥാന വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവിടങ്ങളില്‍ കാര്യമായ മാറ്റം കൊണ്ടുവരാന്‍ ഇതിലൂടെ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

