ഒമാനിൽ അടുത്ത വർഷം ഏപ്രിൽ മുതൽ മൂല്ല്യവർധിത നികുതി നിലവിൽ വരും
text_fields
മസ്കത്ത്: ഒമാനിൽ അടുത്ത വർഷം ഏപ്രിൽ മുതൽ മൂല്ല്യ വർധിത നികുതി (വാറ്റ്) നടപ്പിലാക്കാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് ഉത്തരവ് പുറപ്പെടുവിച്ചു. സാധനങ്ങൾക്കും സേവനങ്ങൾക്കും അഞ്ച് ശതമാനം നികുതിയാണ് ചുമത്തുക. അടിസ്ഥാന ഭക്ഷ്യോത്പന്നങ്ങൾ അടക്കം ചില വിഭാഗങ്ങളെ 'വാറ്റി'ൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എണ്ണവിലയിലെ ഇടിവിെൻറ അടിസ്ഥാനത്തിൽ വരുമാന വർധനവിനായാണ് മൂല്ല്യവർധിത നികുതി നടപ്പിലാക്കാൻ ആറ് ജി.സി.സി രാഷ്ട്രങ്ങൾ തീരുമാനിച്ചത്. 2016ലാണ് ജി.സി.സി രാഷ്ട്രങ്ങൾ ഇത് സംബന്ധിച്ച ധാരണക്ക് രൂപം നൽകിയത്. യു.എ.ഇയും സൗദിയും ബഹറൈനും മാത്രമാണ് ഇതുവരെ 'വാറ്റ്' നടപ്പാക്കിയിട്ടുള്ളത്. ഒമാനിൽ ബഹുഭൂരിപക്ഷം സാധനങ്ങൾക്കും സേവനങ്ങൾക്കും അധിക നികുതി ബാധകമാകുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു. 'വാറ്റി'ൽ നിന്ന് ഒഴിവാക്കിയിട്ടുള്ള വിഭാഗങ്ങൾ താഴെ കൊടുക്കുന്നു 1. അടിസ്ഥാന ഭക്ഷ്യോത്പന്നങ്ങൾ 2. മെഡിക്കൽ കെയർ സേവനം. അനുബന്ധ സാധനങ്ങളും സേവനവും 3. വിദ്യാഭ്യാസ സേവനം. അനുബന്ധ സാധനങ്ങളും സേവനങ്ങളും 4. ധനകാര്യ സേവനങ്ങൾ 5. തരിശായി കടക്കുന്ന സ്ഥലങ്ങൾ 6. താമസ ആവശ്യത്തിനായുള്ള സ്ഥലങ്ങളുടെ പുനർ വിൽപന 7. യാത്രക്കാർക്കായുള്ള ട്രാൻസ്പോർട്ട് സേവനങ്ങൾ 8. താമസ ആവശ്യത്തിനായി വസ്തുവക വാടകക്ക് നൽകൽ 9. മരുന്നുകളുടെയും മെഡിക്കൽ ഉൽപന്നങ്ങളുടെയും വിൽപന 10. നിക്ഷേപാവശ്യത്തിനുള്ള സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ വിതരണം 11. അന്താരാഷ്ട്ര ട്രാൻസ്പോർട്ട് സപ്ലൈ, സാധനങ്ങളുടെയും യാത്രക്കാരുടെയും കൈമാറ്റവും അനുബന്ധ സേവനങ്ങളുടെ വിതരണവും 12. രക്ഷ-സഹായ ആവശ്യങ്ങൾക്കായുള്ള വിമാനങ്ങളുടെയും കപ്പലുകളുടെയും വിതരണം 13. ക്രൂഡോയിൽ, പെട്രോളിയം ഉത്പന്നങ്ങൾ, പ്രകൃതി വാതകം എന്നിവയുടെ വിതരണം 14. ട്രാൻസ്പോർട്ടിങ് ആവശ്യത്തിനായുള്ള സാധനങ്ങളും സേവനങ്ങളും. വാണിജ്യ ആവശ്യത്തിനായുള്ള കര-കടൽ-വ്യോമ മാർഗമുള്ള ഗതാഗത സംവിധാനങ്ങൾക്കാവശ്യമായ സാധനങ്ങൾ 15. ഭിന്ന ശേഷിക്കാർക്കും ജീവകാരുണ്യ പ്രവർത്തനത്തിനുമായുള്ള സാധനങ്ങൾ.