3ജി മൊബൈൽ സേവനങ്ങൾ ക്രമേണ നിർത്തുമെന്ന് ടി.ആർ.എ
text_fieldsമസ്കത്ത്: രാജ്യത്തെ മൂന്നാം തലമുറ (3ജി) മൊബൈൽ സേവനങ്ങൾ നൽകുന്നത് 2024 മൂന്നാം പാദം മുതൽ നിർത്തുമെന്ന് ടെലി കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ടി.ആർ.എ) അറിയിച്ചു. ആശയവിനിമയ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആധുനിക സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്തുന്നതിനും മികച്ച നിലവാരത്തിലുള്ള സേവനങ്ങൾ നൽകുന്നതിനുമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മൂന്നാം തലമുറ മൊബൈൽ കമ്യൂണിക്കേഷൻസ് സേവനങ്ങൾ 2024 ജൂലൈ മുതൽ നിർത്തലാക്കാൻ ടി.ആർ.എ പദ്ധതിയിട്ടുള്ളത്.
4ജി, 5ജി തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾക്കായി, സേവനദാതാക്കൾക്ക് 3ജി സ്പെക്ട്രം കപ്പാസിറ്റികൾ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ 3ജി നെറ്റ്വർക്കുകളെ മാറ്റാനുള്ള പരിപാടിയുണ്ടെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. സബ്സ്ക്രൈബർമാർക്ക് മികച്ച ഗുണനിലവാരമുള്ള സേവനങ്ങൾ നൽകുകയും ഏറ്റവും പുതിയതും നൂതനവുമായ നെറ്റ്വർക്കുകൾ ഉപയോഗിക്കുന്നതിന്റെ അനുഭവം വർധിപ്പിക്കുകയും ചെയ്യാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞവർഷം രാജ്യത്തെ മൊബൈൽ ബ്രോഡ്ബാൻഡ് സേവനത്തിന്റെ ഏറ്റവും ഉയർന്ന ഡൗൺലോഡ് സ്പീഡ് രേഖപ്പെടുത്തിയത് സഹം വിലായത്തിൽ ആണ്. രാജ്യത്തെ വിവിധ ദാതാക്കൾ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ടി.ആർ.എ) റിപ്പോർട്ടിലാണ് ഇതു പറയുന്നത്. 4ജി സേവനങ്ങളുടെ ഏറ്റവും ഉയർന്ന കവറേജ് നിരക്ക് മത്ര വിലായത്തിലാണ്.
ദിബ്ബ, സഹം, ബർക, മുത്ര, അൽ മുദൈബി, ജഅലൻ ബാനി ബു അലി, ബഹ്ല, യാങ്കുൽ, മഹ്ദ, ദുക്ം, താഖ എന്നിങ്ങനെ വിലായത്തുകൾ സന്ദർശിച്ചാണ് സർവേ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. പ്രത്യേക അളവെടുപ്പ് ഉപകരണങ്ങളും രീതികളും ഉപയോഗിച്ചാണ് ടി.ആർ.എ സർവേകൾ നടത്തിയിട്ടുള്ളത്. കവറേജ് ലെവൽ, ഡേറ്റ ഡൗൺലോഡ് ചെയ്യുന്ന വേഗത, വിജയകരമായ കാളുകൾ തുടങ്ങിയ കാര്യങ്ങളാണ് പരിഗണിച്ചിരുന്നത്. കഴിഞ്ഞ വർഷത്തെ ആദ്യ ആറുമാസങ്ങളിൽ 526,531 ഹോം ഫിക്സഡ് ബ്രോഡ്ബാൻഡ് സബ്സ്ക്രിപ്ഷനുകളിൽ 21 ശതമാനവും 5ജി വയർലെസ് വഴിയായിരുന്നു. അതേസമയം, 49 ശതമാനം ഫിക്സഡ് ബ്രോഡ്ബാൻഡ് സബ്സ്ക്രിപ്ഷനുകൾ മസ്കത്ത് ഗവർണറേറ്റിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

