ദോഫാർ മലനിരകളിൽ കാപ്പി കൃഷി വ്യാപിപ്പിക്കാൻ ഒമാൻ
text_fieldsമസ്‌കത്ത്: ഒമാനിലെ ദോഫാർ മലനിരകളിൽ പരമ്പരാഗത അറബിക് കാപ്പി കൃഷി പുനരുജ്ജീവിപ്പിക്കാൻ വിപുലമായ പദ്ധതിയുമായി അധികൃതർ. കാർഷിക മേഖലയുടെ വികസനം, സുസ്ഥിരത ഉറപ്പാക്കൽ എന്നിവക്കൊപ്പം ഒമാനി കാപ്പിയെ മൂല്യവത്തായ സാമ്പത്തിക സ്രോതസ്സാക്കി മാറ്റാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ദോഫാർ ഗവർണറേറ്റിലെ അഗ്രികൾച്ചർ, ഫിഷറീസ് ആൻഡ് വാട്ടർ റിസോഴ്‌സ് ഡയറക്ടറേറ്റ് ജനറലിന് കീഴിൽ നടപ്പാക്കുന്ന പദ്ധതിയിൽ പർവത മേഖലകളിലെ താമസക്കാർക്ക് പുതിയ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുക, കുടുംബ വരുമാനം വർധിപ്പിക്കുക, കാപ്പി ഉൽപാദനത്തിലും വിപണനത്തിലും നിക്ഷേപ സാധ്യതകൾ തുറക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. 2024 സെപ്റ്റംബർ ഒന്നു മുതൽ 2028 ആഗസ്റ്റ് 30 വരെയുള്ള നാല് വർഷ കാലയളവിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ദോഫാർ മലനിരകളിലെ അനുകൂലമായ കാലാവസ്ഥ കണക്കിലെടുത്ത് സലാല, താഖ, മിർബാത്ത് എന്നീ വിലായത്തുകളിലാണ് കാപ്പി കൃഷി പുരോഗമിക്കുന്നത്. 30 ഫാമുകളിലായി 750 കാപ്പിത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ട് ഒന്നാം ഘട്ടം നൂറു ശതമാനം വിജയകരമായി പൂർത്തിയാക്കി. 20 ഫാമുകളെ ഉൾപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ വർഷം (2025 ഒക്ടോബറിൽ) ആരംഭിച്ച രണ്ടാം ഘട്ടം 90 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. ഇതിനകം 2,000 തൈകൾ നട്ടുപിടിപ്പിച്ചു കഴിഞ്ഞു. ഒക്ടോബറിൽ മൂന്നാം ഘട്ടം ആരംഭിക്കും. 20 ഫാമുകളിലായി 2,000 കാപ്പിത്തൈകൾ കൂടി വച്ചുപിടിപ്പിക്കാനാണ് ഈ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

