Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ പ്ലാസ്റ്റിക്...

ഒമാനിൽ പ്ലാസ്റ്റിക് നിരോധനം കടുപ്പിക്കുന്നു

text_fields
bookmark_border
ഒമാനിൽ പ്ലാസ്റ്റിക് നിരോധനം കടുപ്പിക്കുന്നു
cancel

മസ്കത്ത്: ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ പൂർണമായും ഒഴിവാക്കുന്നതിനുള്ള അഞ്ചാം ഘട്ട നിരോധനം ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. പരിസ്ഥിതി അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവ് (നമ്പർ. 8/2024) പ്രകാരം ഘട്ടം ഘട്ടമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം കുറക്കാനും പ്രകൃതിവിഭവങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കാനും ലക്ഷ്യമിടുന്ന ഈ പദ്ധതി ‘ഒമാൻ വിഷൻ 2040’ ന്റെ ഭാഗമായാണ് നടപ്പാക്കുന്നതെന്ന് പരിസ്ഥിതി അതോറിറ്റി അധികൃതർ വ്യക്തമാക്കി.

അഞ്ചാം ഘട്ടത്തിൽ ഫർണിച്ചർ കടകൾ, ഒമാനി പാരമ്പര്യ ഖഞ്ചറുകൾ വിൽക്കുന്ന കടകൾ, സ്വർണ, വെള്ളി ആഭരണശാലകൾ, കാർ കെയർ സെന്ററുകൾ, കാർ ഷോറൂമുകൾ എന്നിവിടങ്ങളിലാണ് പ്ലാസ്റ്റിക് നിരോധനം നടപ്പാവുക. വ്യാപാര സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടാനും പരിസ്ഥിതി സൗഹൃദ ബാഗുകളിലേക്ക് മാറാനും ആവശ്യമായ സമയം നൽകുന്നതിനാണ് പദ്ധതി ഘട്ടം ഘട്ടമായി നടപ്പാക്കുന്നത്.

2024 ജൂലൈ ഒന്നു മുതൽ ഒന്നാം ഘട്ടത്തിൽ ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നീ മേഖലകളിലും 2025 ജനുവരി ഒന്നു മുതൽ രണ്ടാം ഘട്ടത്തിൽ തുണിത്തരങ്ങൾ, വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ, തയ്യൽക്കടകൾ കണ്ണടക്കടകൾ, മൊബൈൽ ഫോൺ വിൽപന-സർവീസ് കേന്ദ്രങ്ങൾ, വാച്ചുകൾ വിൽക്കുന്നതും നന്നാക്കുന്നതുമായ കടകൾ, ഗൃഹോപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവയിലുമാണ് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയത്.

2025 ജൂലൈ ഒന്നു മുതൽ മൂന്നാം ഘട്ടത്തിൽ വലിയ ഷോപ്പിങ് മാളുകൾ, സൂപ്പർമാർക്കറ്റുകൾ, പലചരക്ക് കടകൾ, ഭക്ഷണശാലകൾ, ബേക്കറികൾ, മിഠായിക്കടകൾ, പച്ചക്കറി, പഴവർഗങ്ങൾ വിൽക്കുന്ന കടകൾ, ഗിഫ്റ്റ് ഷോപ്പുകൾ എന്നിവയിലും 2026 ജനുവരി ഒന്നു മുതൽ നാലാം ഘട്ടത്തിൽ കെട്ടിട നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ, അടുക്കളോപകരണങ്ങൾ വിൽക്കുന്ന കടകൾ, ധാന്യങ്ങൾ, കന്നുകാലി തീറ്റകൾ, കീടനാശിനികൾ, കാർഷിക വിത്തുകൾ എന്നിവ വിൽക്കുന്ന കടകൾ, ഐസ്‌ക്രീം, മധുരപലഹാരങ്ങൾ, നട്സ്, ജ്യൂസ് കടകൾ, മില്ലുകൾ, തേൻ, ഈന്തപ്പഴം എന്നിവ വിൽക്കുന്ന കടകൾ, വാട്ടർ ഫിൽറ്ററുകൾ, വാട്ടർ പമ്പുകൾ എന്നിവ വിൽക്കുന്നതും നന്നാക്കുന്നതുമായ കടകൾ, പെറ്റ് ഷോപ്പുകൾ, നഴ്സറികൾ, കാർഷിക ആവശ്യങ്ങൾക്കുള്ള മറ്റ് സാധനങ്ങൾ വിൽക്കുന്ന ഇടങ്ങൾ എന്നിവയിലും പ്ലാസ്റ്റിക് നിരോധനം നിലവിൽവന്നിരുന്നു.

പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കരയിലെയും കടലിലെയും ആവാസവ്യവസ്ഥക്ക് വരുത്തുന്ന ദോഷങ്ങൾ കുറക്കാൻ ഇത് സഹായിക്കുമെന്ന് അൽ ഖാസിമി പറഞ്ഞു. നാലാം ഘട്ടം ലക്ഷ്യമിട്ടതിനേക്കാൾ വലിയ വിജയമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ കാലയളവിൽ അതോറിറ്റി വിവിധ ഗവർണറേറ്റുകളിലായി 3,000-ത്തിലധികം പരിശോധനകളും പൊതുജനങ്ങൾക്കായി 200-ലധികം ബോധവൽക്കരണ കാമ്പയിനുകളും നടത്തിയിരുന്നു. ഈ വർഷവും പരിശോധന ശക്തമായി തുടരുകയാണ്. 2026-ന്റെ ആദ്യ പാദത്തിൽ മാത്രം പരിസ്ഥിതി അതോറിറ്റി 1,485 പരിശോധനകൾ നടത്തുകയും 106 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു.

പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം ഉപയോഗിക്കാനായി പേപ്പർ ബാഗുകൾ, തുണി ബാഗുകൾ, കാർഡ്ബോർഡ് പെട്ടികൾ, കോട്ടൺ ബാഗുകൾ, നോൺ-വൂവൻ ഫാബ്രിക് ബാഗുകൾ തുടങ്ങിയവ ബദലായി ഉപയോഗിക്കാം. സുസ്ഥിരമായ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിലൂടെ മാലിന്യത്തിന്റെ അളവ് കുറക്കാനും പുനരുപയോഗ സംസ്കാരം വളർത്താനും സാധിക്കും. ഒമാൻ സുൽത്താനേറ്റിന്റെ പരിസ്ഥിതി നേട്ടങ്ങൾ വരും തലമുറക്കായി നിലനിർത്താൻ വ്യാപാരികളും പൊതുജനങ്ങളും പ്ലാസ്റ്റിക് നിരോധന നടപടിയോട് പൂർണമായി സഹകരിക്കണമെന്ന് പരിസ്ഥിതി അതോറിറ്റി അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plastic banOmanEnvironmental Authority
News Summary - Oman tightens plastic ban
Next Story