തൊഴിൽ നിയമലംഘനം പിടികൂടാൻ ഒമാനിൽ പരിശോധന ശക്തം; 32 ലക്ഷത്തിലധികം റിയാൽ പിഴ, മൂവായിരത്തോളം പേരെ നാടുകടത്തി
text_fieldsമസ്കത്ത്: ഒമാനിൽ തൊഴിൽ വിപണി കൂടുതൽ ശക്തമാക്കുന്നതിന്റെയും തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെയും ഭാഗമായി രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ വൻ നടപടിയുമായി തൊഴിൽ മന്ത്രാലയം. വിവിധ ഗവർണറേറ്റുകളിലായി നടത്തിയ 6,707 പരിശോധനാ കാമ്പയിനുകളിൽ നിന്നായി 32.46 ലക്ഷം ഒമാനി റിയാലാണ് അധികൃതർ പിഴയായി ഈടാക്കിയത്.
വിവിധ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും മന്ത്രാലയം നടത്തിയ മിന്നൽ പരിശോധനകളിൽ 11,172 തൊഴിലാളികൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. നിയമലംഘകരിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ കണ്ടെത്തിയ 4,680 പേരുടെ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. തുടർ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം 2,944 വിദേശ തൊഴിലാളികളെ ഒമാനിൽ നിന്നും നാടുകടത്തുകയും ചെയ്തു.
അതേസമയം, നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നുണ്ടായ തർക്ക പരിഹാരങ്ങളുടെയും സെറ്റിൽമെന്റുകളുടെയും ഭാഗമായി 272 പുതിയ തൊഴിലവസരങ്ങൾ രജിസ്റ്റർ ചെയ്യാൻ സാധിച്ചതായും അധികൃതർ വ്യക്തമാക്കി. നിലവിൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിലായുള്ള തൊഴിൽ വിപണിയിലെ നിയമവിധേയത്വ നിരക്ക് 69.5 ശതമാനമായി രേഖപ്പെടുത്തിയതായും തൊഴിൽ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

