ബിസിനസ് മേഖലയിൽ നിർണായക തീരുമാനവുമായി ഒമാൻ; വാണിജ്യ നടപടികൾ ലളിതമാക്കും; വൻകിട നിക്ഷേപങ്ങളെ ലക്ഷ്യമിടും
text_fieldsമസ്‌കത്ത്: ഒമാന്റെ സുൽത്താനേറ്റിന്റെ സാമ്പത്തിക വളർച്ചക്കായി ബിസിനസ് മേഖലയിൽ നിർണായക തീരുമാനവുമായി സുൽത്താൻ. ഒമാന്റെ സാമ്പത്തിക വികസനത്തിന്റെ അടുത്ത ഘട്ടത്തിൽ ബിസിനസ് നടപടികൾ കൂടുതൽ എളുപ്പമാക്കുന്നതിനും ഉന്നത നിലവാരമുള്ള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും മുൻഗണന നൽകുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി അൻവർ ബിൻ ഹിലാൽ അൽ ജാബ്രി വ്യക്തമാക്കി.
ഒമാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഒമാൻ ന്യൂസ് ഏജൻസിക്ക് നൽകിയ പ്രത്യേക പ്രസ്താവനയിലാണ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി അൻവർ ബിൻ ഹിലാൽ അൽ ജാബ്രി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അധ്യക്ഷതയിൽ നടന്ന മിനിസ്റ്റേഴ്സ് കൗൺസിൽ യോഗത്തിനുശേഷം സുൽത്താന്റെ പുതിയ സാമ്പത്തിക നിർദേശങ്ങളെക്കുറിച്ച് വിശദീകരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വാർത്താ ഏജൻസിയോട് പങ്കുവെച്ചത്.
രാജ്യത്തെ നിക്ഷേപ അന്തരീക്ഷം ശക്തമാക്കുന്നതിനായി പ്രത്യേക ദേശീയ പ്രോഗ്രാം രൂപീകരിക്കാനും ഒമാന്റെ എണ്ണയിതര വ്യാപാര സന്തുലിതാവസ്ഥ വർധിപ്പിക്കുന്നതിന് ദീർഘകാല പദ്ധതി തയാറാക്കാനുമുള്ള സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശങ്ങൾക്ക് പിന്നാലെയാണ് ഈ പുതിയ നീക്കങ്ങൾ.
ഒമാന്റെ ആഗോള മത്സരക്ഷമത വർധിപ്പിക്കാനും മികച്ച നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റാനും ലക്ഷ്യമിട്ടുള്ള സമഗ്രമായ സാമ്പത്തിക പാതയാണ് സുൽത്താന്റെ നിർദേശങ്ങളിലൂടെ വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. വരും ഘട്ടത്തിൽ ബിസിനസ് പ്രവർത്തനങ്ങൾ സുഗമമാക്കുക, സർക്കാർ നടപടിക്രമങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, ഗുണനിലവാരമുള്ള വിദേശ നിക്ഷേപങ്ങൾ കൊണ്ടുവരിക എന്നിവക്കായിരിക്കും മന്ത്രാലയം ഊന്നൽ നൽകുക.
കൂടാതെ, എണ്ണയിതര കയറ്റുമതി വിപുലീകരിക്കുന്നതിനും ഒമാനി ഉൽപന്നങ്ങൾക്കായി പുതിയ അന്താരാഷ്ട്ര വിപണികൾ കണ്ടെത്താനും സർക്കാർ ശ്രമിക്കും. ഇത് രാജ്യത്തെ സ്വകാര്യ മേഖലയുടെ വളർച്ചക്കും ആഭ്യന്തര ഉൽപാദന അടിത്തറ ശക്തമാക്കാനും സഹായിക്കും. സുൽത്താന്റെ നിർദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നതിനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ വ്യക്തമായ മാറ്റങ്ങൾ പ്രകടമാക്കുന്നതിനും മറ്റ് സർക്കാർ വകുപ്പുകളുമായും സ്വകാര്യ മേഖലയുമായും ചേർന്ന് മന്ത്രാലയം പ്രവർത്തിക്കും. ഈ പദ്ധതികൾ ഒമാന്റെ സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങൾക്ക് കരുത്തുപകരുമെന്നും ‘ഒമാൻ വിഷൻ 2040’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വലിയ സംഭാവന നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

