വ്യവസായ രംഗത്ത് ഒമാന് വൻ മുന്നേറ്റം
text_fieldsമസ്കത്ത്: വ്യവസായ മേഖലയിൽ ഒമാൻ അതിവേഗ മുന്നേറ്റം കാഴ്ചവെക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. ഏഴുവർഷത്തിനിടെ ആഗോള തലത്തിൽ 72ാം സ്ഥാനത്തുനിന്ന് 56ാം സ്ഥാനത്തേക്ക് മുന്നേറാൻ രാജ്യത്തിന് സാധിച്ചുവെന്ന് യു.എൻ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഓർഗനൈസേഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. വ്യവസായിക മത്സരക്ഷമതയിൽ അറബ് ലോകത്ത് അഞ്ചാം സ്ഥാനത്ത് എത്താനും ഒമാന് സാധിച്ചിട്ടുണ്ട്.
നിർമാണ വ്യവസായ മേഖലയിലെ വർധിത മൂല്യമാണ് വലിയ മുന്നേറ്റത്തിന് രാജ്യത്തിന് വഴിയൊരുക്കിയതെന്ന് വാണിജ്യ മന്ത്രാലയത്തിലെ വാണിജ്യ-വ്യവസായ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. സാലിഹ് ബിൻ സൈദ് മാസാൻ പ്രസ്താവനയിൽ പറഞ്ഞു. പദ്ധതികൾ കൂടുതൽ വികസിപ്പിക്കുന്നതിനാണ് മന്ത്രാലയം ശ്രമിക്കുന്നതെന്നും നാലാം വ്യാവസായിക വിപ്ലവ സാങ്കേതികവിദ്യ ഉപയോഗിച്ച് മേഖലയുടെ കാര്യക്ഷമത ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒമാനിൽ ചെറുകിട വ്യവസായങ്ങളും വൻകിട വ്യവസായങ്ങളും ശക്തിപ്പെടുത്താൻ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ലൈസൻസ് നേടിയ ശേഷം മാത്രമേ കുടിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ പാടുള്ളൂവെന്ന ഉത്തരവ് കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു. മൂന്ന് വർഷത്തേക്കാണ് ഇത്തരം വ്യവസായങ്ങൾക്ക് ലൈസൻസ് നൽകുക.
അപേക്ഷയോടൊപ്പം സംരംഭം ആരംഭിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശരേഖ, വാടക കരാർ, വീട്ടുടമയുടെ അംഗീകാരം, സിവിൽ ഐ.ഡി/പാസ്പോർട്ട് എന്നിവ സമർപ്പിച്ചിരിക്കണം. മൂന്ന് റിയാൽ ഇതിന് ഫീസ് ഈടാക്കും. കാലാവധി അവസാനിക്കുന്നതിന്റെ 30 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിച്ചാൽ സമാന കാലയളവിലേക്ക് വീണ്ടും ലൈസൻസ് പുതുക്കി നൽകും. കുടിൽ വ്യവസായ സംരംഭത്തെ പറ്റിയുള്ള ബോർഡ് വീടിന്റെ പുറത്തെ ഭിത്തിയിലോ കവാടങ്ങളിലോ സ്ഥാപിക്കാനും അനുമതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

