Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഡിജിറ്റൽ കരുത്തിൽ...

ഡിജിറ്റൽ കരുത്തിൽ കുതിച്ചുയർന്ന് ഒമാൻ; സമ്പദ്‌വ്യവസ്ഥയിൽ വൻ മുന്നേറ്റം

text_fields
bookmark_border
ഡിജിറ്റൽ കരുത്തിൽ കുതിച്ചുയർന്ന് ഒമാൻ; സമ്പദ്‌വ്യവസ്ഥയിൽ വൻ മുന്നേറ്റം
cancel

മസ്‌കത്ത്: ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി സുൽത്താനേറ്റിൽ നടപ്പാക്കി വരുന്ന ഡിജിറ്റൽ പരിവർത്തന പദ്ധതികൾ വൻ വിജയത്തിലേക്ക്. പുതിയ കണക്കുകൾ പ്രകാരം ഒമാന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ഏകദേശം മൂന്ന് ബില്യൺ (300 കോടി) ഒമാനി റിയാലിൽ എത്തി. പശ്ചിമേഷ്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഒമാൻ മാറിക്കൊണ്ടിരിക്കുകയാണെന്ന് രാജ്യാന്തര സാമ്പത്തിക രംഗത്തെ സുസ്ഥിരതക്കായി പ്രവർത്തിക്കുന്ന ഇന്റർനാഷനൽ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) അടക്കമുള്ള ആഗോള ഏജൻസികൾ വിലയിരുത്തുന്നു.

ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും സർക്കാർ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിലും ഒമാൻ കൈവരിച്ച പുരോഗതിയെ ഐ.എം.എഫ് എടുത്തുപറയുന്നു. 2025-26 കാലയളവിൽ 3.5% മുതൽ 3.7% വരെ സാമ്പത്തിക വളർച്ചയും, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വർധനവും റിപ്പോർട്ട് പ്രവചിക്കുന്നു. എണ്ണയിതര മേഖലയിലെ കരുത്തുറ്റ മുന്നേറ്റം ഒമാനെ മേഖലയിലെ പ്രമുഖ സമ്പദ്‌വ്യവസ്ഥയാക്കുമെന്നും ഐ.എം.എഫ് വിലയിരുത്തുന്നു.

ഇ-കൊമേഴ്‌സ് രംഗത്താണ് കാര്യമായ കുതിപ്പ് രേഖപ്പെടുത്തിയത്. രാജ്യത്തെ ഡിജിറ്റൽ ഇടപാടുകളിൽ അഭൂതപൂർവമായ വർധനയാണ് രേഖപ്പെടുത്തിയത്. 2024-ൽ 67.5 ദശലക്ഷമായിരുന്ന ഡിജിറ്റൽ ഇടപാടുകൾ 2025-ൽ 168.8 ദശലക്ഷമായി ഉയർന്നു. ഏകദേശം 150 ശതമാനത്തിന്റെ വളർച്ചയാണിത്. 2024 മുതൽ 2025 വരെ പ്രാദേശിക പേയ്‌മെന്റ് ഗേറ്റ്‌വേകളിലൂടെ നടക്കുന്ന ഇലക്ട്രോണിക് ഇടപാടുകളിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആശ്രയം വർധിക്കുകയും കാഷ്‌ലെസ് ഇടപാടുകൾ കൂടുതൽ പ്രചാരത്തിലാകുകയും ചെയ്തതിന്റെ പ്രതിഫലനമാണ് ഈ വളർച്ച. ഒമാൻ സെൻട്രൽ ബാങ്കിന്റെ കണക്കുകൾ പ്രകാരം ഇടപാടുകളുടെ എണ്ണം 2024ലെ 67.5 മില്യണിൽ നിന്ന് 2025ൽ 168.8 മില്യണായി ഉയർന്നു. ഏകദേശം 150 ശതമാനം വർധനയാണ് ഇത് രേഖപ്പെടുത്തുന്നത്. രാജ്യത്തുടനീളം ഡിജിറ്റൽ ഷോപ്പിംഗ് പരിഹാരങ്ങൾ വേഗത്തിൽ സ്വീകരിക്കപ്പെടുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഡിജിറ്റൽ പേയ്‌മെന്റ് രീതികളുടെ വേഗതയിലും സൗകര്യത്തിലും കൂടുതൽ വിശ്വാസം രൂപപ്പെട്ടതും വാങ്ങൽ ശേഷി വർധിച്ചതും ഈ ഉയർച്ചയെ പ്രതിഫലിപ്പിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വാണിജ്യ സേവനങ്ങൾ നവീകരിക്കുക, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുക, സാമ്പത്തിക ഇടപാടുകളുടെ കാര്യക്ഷമത ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ഒമാന്റെ വ്യാപക ഡിജിറ്റൽ പരിവർത്തന പദ്ധതി ഇതിന് ഗുണകരമായിട്ടുണ്ട്.

സർക്കാർ സേവനങ്ങളുടെ ഡിജിറ്റലൈസേഷനിൽ ഒമാൻ 94% പുരോഗതി കൈവരിച്ചു. 2021-നും 2025-നും ഇടയിൽ രണ്ടായിരത്തിലധികം സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റി. ഐടി മേഖലയിലെ സ്വദേശിവൽക്കരണം 2025-ൽ 45.5 ശതമാനമായി ഉയർന്നു. ‘മക്കീൻ’ പോലുള്ള പദ്ധതികളിലൂടെ 5000 ത്തോളം പുതിയ തൊഴിലവസരങ്ങളാണ് ഈ മേഖലയിൽ സൃഷ്ടിക്കപ്പെട്ടത്.

കമ്യൂണിക്കേഷൻ രംഗത്ത്, രാജ്യത്തെ ജനസംഖ്യയുടെ 99 ശതമാനത്തിനും മൊബൈൽ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ലഭ്യമാണ്. കൂടാതെ, 100% റെസിഡൻഷ്യൽ യൂനിറ്റുകളിലും ഫൈവ് ജി അല്ലെങ്കിൽ ഫൈബർ ഒപ്റ്റിക്സ് വഴി അതിവേഗ ഇന്റർനെറ്റ് എത്തിക്കാനും സാധിച്ചു. വേൾഡ് ബാങ്കിന്റെ 2025-ലെ ഡിജിറ്റൽ ഗവൺമെന്റ് മെച്യൂരിറ്റി ഇൻഡക്സിൽ ഒമാൻ ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ (ഫസ്റ്റ് ഗ്ലോബൽ കാറ്റഗറി) ഇടംപിടിച്ചു. അന്താരാഷ്ട്ര ഡിജിറ്റൽ മത്സരക്ഷമതയിൽ 16 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ലോകത്തെ മികച്ച 25 രാജ്യങ്ങളിൽ ഒന്നാകാനും ഒമാന് കഴിഞ്ഞു.

നിലവിൽ ഒമാന്റെ ആകെ ആഭ്യന്തര ഉൽപാദനത്തിന്റെ (ജി.ഡി.പി) ഏകദേശം 2-3 ശതമാനമാണ് ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വിഹിതം. 2040-ഓടെ ഇത് 10 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി സെമികണ്ടക്ടർ നിർമ്മാണം, സൈബർ സെക്യൂരിറ്റി, ക്ലൗഡ് ഡാറ്റാ സെന്ററുകൾ എന്നീ മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾ രാജ്യം ആകർഷിച്ചുവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsDigital economyoman vision 2040digitalizationOman
News Summary - Oman surges with digital strength; major leap in the economy
Next Story