സമുദ്ര അതിർത്തി തർക്കം കുവൈത്തിന് ഒമാൻ പിന്തുണ
text_fieldsമസ്കത്ത്: സമുദ്ര അതിർത്തി വിഷയത്തിൽ കുവൈത്തിന്റെ പരമാധികാരത്തെ ചോദ്യംചെയ്യുംവിധം ഐക്യരാഷ്ട്രസഭയിൽ ഇറാഖ് സമർപ്പിച്ച കോഓർഡിനേറ്റുകളും മാപ്പും സംബന്ധിച്ച് ഒമാൻ വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു.
കുവൈത്തിന്റെ സമുദ്ര മേഖലയിലെ പരമാധികാരത്തിന് ഒമാൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി. ചരിത്രപരവും സാഹോദര്യപരവുമായ ബന്ധങ്ങൾ, നല്ല അയൽക്കൂട്ട നയം, അന്താരാഷ്ട്ര നിയമം എന്നിവ പരിഗണിക്കണമെന്ന് ഇറാഖിനോട് ഒമാൻ ആഹ്വാനം ചെയ്തു. 1982 ലെ യു.എൻ സമുദ്രനിയമ കൺവെൻഷന്റെ വ്യവസ്ഥകൾ കൃത്യമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും രണ്ടു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള ധാരണപത്രങ്ങളും കരാറുകളും മാനിക്കേണ്ടതിന്റെ പ്രാധാന്യവും ഒമാൻ ഓർമപ്പെടുത്തി.
അതേസമയം, മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ സംബന്ധിച്ച് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദിയും ഇറാഖ് വിദേശകാര്യ മന്ത്രി ഫുആദ് ഹുസൈനും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. തർക്കങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെയും സൃഷ്ടിപരമായ സംവാദങ്ങളിലൂടെയും പരിഹരിക്കേണ്ടതുണ്ടെന്ന് അവർ വിലയിരുത്തി. പ്രദേശത്ത് സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് ഇത്തരത്തിലുള്ള സമീപനം സഹായകരമാകുമെന്ന് ഇരുവരും വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

