ഒമാന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റൺ രണ്ടാം സീസണ് പരിസമാപ്തി
text_fieldsഒമാന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിൽനിന്ന്
മസ്കത്ത്: ഒമാനില്‍ ഏറ്റവും കൂടുതല്‍ സമ്മാനത്തുക നല്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റായ ഒമാന്‍ സൂപ്പര്‍ സീരീസിന്റെ രണ്ടാം സീസണ് ആവേശകരമായ പരിസമാപ്തി. നാല് ദിവസങ്ങളിലായി മുന്നൂറിലേറെ കളിക്കാര്‍ മാറ്റുരച്ച വാശിയേറിയ മത്സരങ്ങള്‍ കാണാന്‍ ഗാലയിലെ ഒയാസിസ് ബാഡ്മിന്റണ്‍ അക്കാദമിയിലേക്ക് നൂറുകണക്കിന് ആളുകളാണ് എത്തിയത്.
കൂടുതല്‍ മത്സര പങ്കാളിത്തം ഉറപ്പുവരുത്തുക എന്നതിന്റെ ഭാഗമായി ഓപ്പണ്‍ വിഭാഗത്തില്‍ ഒമ്പതു വിഭാഗമായാണ് മത്സരങ്ങള്‍ നടന്നത്. അതോടൊപ്പം സ്വദേശികള്‍ക്കായി ഏർപെടുത്തിയ പ്രത്യേക വിഭാഗത്തിലും നിരവധി ആളുകളാണ് മാറ്റുരച്ചത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സിംഗിള്‍സ്, ഡബിള്‍സ് വനിതകള്‍ക്കായി സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങളും നടന്നു.
ഇതിനു പുറമെ ഈ വിഭാഗത്തില്‍ എലൈറ്റ് ഡബിള്‍സ്, മിക്സഡ് ഡബിള്‍സും ഉണ്ടായി. മുതിര്‍ന്നവരുടെ വിഭാഗത്തില്‍ പുരുഷന്മാരുടെ എ, ബി, സി വിഭാഗങ്ങള്‍ക്ക് പുറമെ മെന്‍സ് പ്രീമിയര്‍, വനിതകളുടെ ഡബിള്‍സ്, വെറ്ററന്‍ ഡബിള്‍സ്, ഒമാനി സിംഗിള്‍സ്, ഡബിള്‍സ്, വുമണ്‍ ഡബിള്‍സ് എന്നീ വിഭാഗങ്ങളിലും വലിയ മത്സര പങ്കാളിത്തമാണ് ഉണ്ടായത്. ഇതിനു പുറമെ കുട്ടികള്‍ക്കായും ഒമാനി കുട്ടികള്‍ക്കായും പ്രത്യേകം മത്സരങ്ങള്‍ നടന്നു.
ആകെ 35 വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ ജേതാക്കള്‍ക്കും, രണ്ടാം സ്ഥാനക്കാര്‍ക്കുമായി ഏകദേശം 6000 ഒമാനി റിയാലാണ് സമ്മാനത്തുകയായി നല്‍കിയത്. ബോഷര്‍ മുനിസിപ്പാലിറ്റി ചെയര്മാന് ഡോ. നാസര്‍ അല്‍ സാദി, ഒമാന്‍ റാക്കറ്റ് സ്പോര്‍ട്സ് കമ്മിറ്റി ചെയര്മാന് അബ്ദുല്‍ റഹിം മുസല്ലം അല്‍ ദാറൂഷി, ഒമാന്‍ ടവര്‍ കമ്പനി മേധാവി മാജിദ് അല്‍ ഖറൂസി, സഈദ് അല്‍ ഖല്ബാനി, നൈഫ് അല്‍ ജസാസി, ഇള ഭക്താല്, എസ് റാംകുമാര്‍, നരീന്ദര്‍ സിങ്, ശാലിനി വര്‍മ്മ, വഫ അല്‍ ജസാസി, സന്ദീപ് കോക്കര്‍, സുനില്‍ കുമാര്‍ ഗുപ്ത, റസാം മിത്തല്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.
ഒന്നാം സീസണെക്കാള്‍ വലിയ സ്വീകാര്യതയാണ് രണ്ടാം സീസണ് സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നും ലഭിച്ചതെന്നും മത്സരാർഥികളുടെ എണ്ണം വര്‍ധിച്ചത് ബാഡ്മിന്റണ്‍ ഒമാനില്‍ കൂടുതല്‍ ജനകീയമാകുന്നു എന്നതിന്റെ തെളിവാണെന്നും അക്കാദമി ഡയറക്ടര്‍ യോഗേന്ദ്ര കത്യാര്‍ പറഞ്ഞു. കൂടുതല്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ ഇത് പ്രചോദനമാകുന്നു എന്നും യോഗേന്ദ്ര കത്യാര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് ക്രിക്കറ്റിനും ഫുട്ബാളിനും ഒപ്പം തന്നെ ഗൗരവമായി ബാഡ്മിന്റനെയും ഒമാനിലെ സ്വദേശികളും വിദേശികളും കാണുന്നു എന്നതിന്റെ തെളിവാണ് സീസണ് രണ്ടിന്റെ ജനപങ്കാളിത്തം. നാല് ദിവസമായി ടൂര്‍ണമെന്റ് നടത്തിയിട്ടു പോലും കളിക്കാരെ ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടി. അതുകൊണ്ടു തന്നെ വരും നാളുകളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പു വരുത്താന്‍ ശ്രമങ്ങള്‍ നടത്തുമെന്ന് റിസാം അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

