ആദ്യം ചർച്ച; പിന്നാലെ ആക്രമണം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഒമാൻ
text_fieldsമസ്കത്ത്: ഒമാനിലെ മുസന്ദം, അൽ വുസ്ത ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണങ്ങളിൽ ഒമാൻ വിദേശകാര്യ മന്ത്രാലയം ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കണമെന്നും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും ഒമാൻ ഇറാനോട് ആവശ്യപ്പെട്ടു. ഞായറാഴ്ചയാണ് ഇറാൻ അംബാസഡർ മൂസ ഫർഹാംഗതിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്.
മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് അണ്ടർസെക്രട്ടറി ഖാലിദ് ബിൻ ഹാഷിൽ അൽ മുസ്‍ലഹിയാണ് ഇറാൻ പ്രതിനിധിക്ക് ഒമാന്റെ ശക്തമായ പ്രതിഷേധക്കുറിപ്പ് നേരിട്ട് കൈമാറിയത്. ശനിയാഴ്ച മസ്കത്തിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുത്ത കൂടിക്കാഴ്ച നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.
മുസന്ദം, അൽ വുസ്ത എന്നിവിടങ്ങളിലെ വിവിവധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുണ്ടായ ഡ്രോൺ ആക്രമണങ്ങളെ ഒമാൻ ശക്തമായി അപലപിച്ചു. നല്ല അയൽപക്ക ബന്ധങ്ങളുടെ തത്വങ്ങളെയും രാജ്യത്തിന്റെ പരമാധികാരത്തെയും ലംഘിക്കുന്ന തികച്ചും നിരുത്തരവാദപരമായ പ്രവൃത്തിയായാണ് ആക്രമണത്തെ കാണുന്നതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മേഖലയുടെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന ഇത്തരം നടപടികൾ ഒമാൻ അംഗീകരിക്കില്ലെന്ന് കൂടിക്കാഴ്ചയിൽ ഇറാൻ അംബാസഡറെ അറിയിച്ചു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കണമെന്നും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും ആവശ്യപ്പെട്ട അധികൃതർ, ഒമാനും ഇറാനും തമ്മിൽ നിലനിൽക്കുന്ന ദീർഘകാല ബന്ധങ്ങളെ മാനിക്കണമെന്നും ഓർമപ്പെടുത്തി. ഞായറാഴ്ച പുലർച്ചെ മുസന്ദം ഗവർണറേറ്റിൽ ഡ്രോൺ ആക്രമണമുണ്ടായതായി ഒമാൻ വാർത്താ ഏജൻസി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരുന്നു.
മേഖലയിലെ സുരക്ഷയും ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവും സംബന്ധിച്ച് ഒമാനും ഇറാനും തമ്മിൽ ശനിയാഴ്ചയാണ് ഉന്നതതല ചർച്ച നടന്നത്. മസ്കത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുത്തിരുന്നു. ആഗോള ഊർജ-വ്യാപാര മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതകളിലൊന്നായ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളിലായിരുന്നു ചർച്ച പ്രധാനമായും കേന്ദ്രീകരിച്ചത്. ഇതിനു പിന്നാലെയാണ് ഞായറാഴ്ച രാവിലെയോടെ ഒമാനിന് നേരെ ആക്രമണം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

