സുൽത്താന് അറബ് സുരക്ഷ മെഡൽ നൽകി ആദരിച്ചു
text_fieldsതുനീഷ്യയിൽ നടന്ന അറബ് ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ സുൽത്താനുള്ള അറബ് സുരക്ഷാ മെഡലായ ‘പ്രിൻസ് നായിഫ് അറബ് സെക്യൂരിറ്റി മെഡൽ ഓഫ് എക്സലന്റ് ക്ലാസ്’ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി സ്വീകരിക്കുന്നു
മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിനെ അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ ഏറ്റവും ഉയർന്ന അറബ് സുരക്ഷ മെഡലായ 'പ്രിൻസ് നായിഫ് അറബ് സെക്യൂരിറ്റി മെഡൽ ഓഫ് എക്സലന്റ് ക്ലാസ്' നൽകി ആദരിച്ചു. അറബ് രാജ്യങ്ങൾക്കിടയിൽ സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും ബന്ധം ശക്തിപ്പെടുത്തുന്നതിലും മേഖലയിലെ സമാധാനത്തിനും സ്ഥിരതക്കും പിന്തുണ നൽകുന്നതിലും ഭരണാധികാരി വഹിച്ച ക്രിയാത്മക പങ്കിനെ അഭിനന്ദിച്ചാണ് മെഡൽ നൽകിയത്. തുനീഷ്യയിൽ നടന്ന 42-ാമത് അറബ് ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയാണ് മെഡൽ സ്വീകരിച്ചത്.
ഒമാൻ സംഘത്തെ നയിച്ചിരുന്നതും ഫൈസൽ അൽ ബുസൈദിയായിരുന്നു. സുരക്ഷ വെല്ലുവിളികളെ നേരിടാൻ സുൽത്താന്റെ ശ്രമങ്ങൾക്കുള്ള വലിയ അംഗീകാരമാണ് ഈ മെഡൽ എന്ന് അൽ ബുസൈദി ഒമാൻ വാർത്ത ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ദേശീയ, പ്രാദേശിക, അന്തർദേശീയ സുരക്ഷ സംവിധാനങ്ങളെ പിന്തുണക്കാനുള്ള സുൽത്താന്റെ ശ്രമങ്ങൾക്ക് ഈ നടപടി ആഴമായ അഭിനന്ദനം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറബ് സുരക്ഷാ പ്രവർത്തനങ്ങളിൽ സുൽത്താനേറ്റിന്റെ മുൻനിര സ്ഥാനം ഈ ബഹുമതി ഉയർത്തുന്നു. അറബ് സഹോദരങ്ങൾക്കിടയിൽ സുരക്ഷാ സംയോജനം വർധിപ്പിക്കുന്നതിനും സമാധാനത്തിലും അന്തസ്സിലും ജീവിക്കാനുള്ള അറബ് ജനതയുടെ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങളെയും ഒമാൻ തുടർന്നും പിന്തുണക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ യോഗം തുനീഷ്യൻ പ്രസിഡന്റിന്റെ പ്രതിനിധിയും ആഭ്യന്തര മന്ത്രിയുമായ ഖാലിദ് അൽ നൂറിയുടെ പ്രസംഗത്തോടെയാണ് ആരംഭിച്ചത്.എല്ലാ മേഖലകളിലും, പ്രത്യേകിച്ച് സുരക്ഷാ മേഖലയിൽ, സഹകരണ ബന്ധങ്ങളും അറബ് പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള എല്ലാ സംരംഭങ്ങളെയും പിന്തുണക്കാനുള്ള തന്റെ രാജ്യത്തിന്റെ താൽപര്യം അദ്ദേഹം അടിവരയിട്ട് വ്യക്തമാക്കി.
അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിലിന്റെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും പരിധിയിൽ സുരക്ഷാ നടപടികളിൽ 2024 നല്ല പുരോഗതി കൈവരിച്ചതായി അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അലി കുമാൻ പ്രസംഗത്തിൽ പറഞ്ഞു.യോഗത്തിൽ അറബ് ആഭ്യന്തര മന്ത്രിമാർ, ജി.സി.സി പ്രതിനിധികൾ, അറബ് മഗ്രിബ് യൂനിയൻ, ഇന്റർനാഷനൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ (ഇന്റർപോൾ), ഐക്യരാഷ്ട്രസഭയുടെ ഭീകരവിരുദ്ധ ഓഫിസ്, ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന്, കുറ്റകൃത്യങ്ങൾക്കായുള്ള ഓഫിസ്, യൂറോപോൾ എന്നിവർ പങ്കെടുത്തു.
ഒമാനി പ്രതിനിധി സംഘത്തിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആൻഡ് കസ്റ്റംസ് ഫോർ ഓപറേഷൻസ് മേജർ ജനറൽ അബ്ദുല്ല ബിൻ അലി അൽ ഹാർത്തി, തുനീഷ്യ റിപ്പബ്ലിക്കിലെ ഒമാൻ അംബാസഡർ ഡോ. ഹിലാൽ ബിൻ അബ്ദുല്ല അൽ സിനാനി, ആഭ്യന്തര മന്ത്രാലയത്തിലെയും റോയൽ ഒമാൻ പൊലീസിലെയും മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

