വികസനക്കുതിപ്പിൽ ഒമാൻ സുൽത്താനേറ്റ്
text_fieldsമസ്കത്ത്: കേവലം കോൺക്രീറ്റ് സൗധങ്ങളെയോ പുതിയ വീഥികളെയോ മാത്രമല്ല ഒമാൻ ഇന്ന് സ്വപ്നം കാണുന്നത്. മറിച്ച്, പരമ്പരാഗത തനിമ നിലനിർത്തിക്കൊണ്ട്, മനുഷ്യന്റെ ജീവിതസൗകര്യങ്ങൾക്ക് മുൻഗണന നൽകുന്ന അത്യാധുനിക നഗരങ്ങളുടെ ഒരു പുതിയ ശൃംഖലയാണ് സുൽത്താനേറ്റിൽ രൂപപ്പെടുന്നത്. ഒമാൻ വിഷൻ 2040-ന്റെ വലിയ ലക്ഷ്യങ്ങളിലേക്ക് വിരൽചൂണ്ടിക്കൊണ്ട്, വിവിധ ഗവർണറേറ്റുകളിലായി 34 ദശലക്ഷം റിയാലിന്റെ 33 വികസന പദ്ധതികളാണ് ഇപ്പോൾ അതിവേഗം പുരോഗമിക്കുന്നത്.
മസ്കത്തിൽ നടക്കുന്ന ‘അർബൻ, ഹോം ആൻഡ് ബിൽഡിങ് എക്സിബിഷൻ 2026’ ഒമാന്റെ ഈ വരാനിരിക്കുന്ന മാറ്റത്തിന്റെ നേർക്കാഴ്ചയായി മാറി. പ്രദർശനത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രം 21,000-ത്തിലധികം ആളുകൾ ഒമാന്റെ ഭാവി രൂപരേഖ കാണാൻ ഒഴുകിയെത്തിയത് ഈ വികസനക്കുതിപ്പിന് ജനങ്ങൾ നൽകുന്ന പിന്തുണയുടെ തെളിവാണ്.
ദാഖിലിയയിൽ നഗരവികസന പദ്ധതികൾ പുരോഗതിയിൽ
നിസ് വയിലെ ഇന്റീരിയർ സ്ക്വയർ പദ്ധതിയുടെ നിർമാണം 71 ശതമാനം പൂർത്തിയായി. 1,40,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ 8.3 ദശലക്ഷത്തിലേറെ റിയാൽ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിതമേഖലകൾ, കളിസ്ഥലങ്ങൾ, വിനോദ-വാണിജ്യ കേന്ദ്രങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്.
അൽ ഹംറയിലെ ജബൽ ശംസ് ഫ്രണ്ട് പദ്ധതിക്കായി 2.9 ദശലക്ഷം റിയാൽ ചെലവഴിക്കും. ഈസ്റ്റേൺ മൗണ്ടൻ ഒയാസിസ് പദ്ധതിയുടെ 90 ശതമാനം ജോലികളും പൂർത്തിയായി.സമാഇൽ, ഇസ്ഖി, ബിദ്ബിദ്, മനാ എന്നിവിടങ്ങളിലെ ആഭ്യന്തര റോഡുകളുടെയും പ്രവേശന കവാടങ്ങളുടെയും നവീകരണത്തിനായി 10 ദശലക്ഷം റിയാലിന്റെ ഒമ്പത് പദ്ധതികൾ ടെൻഡർ ഘട്ടത്തിലാണ്.
തെക്കൻ ശർഖിയയിൽ തീരദേശ വികസനം
തെക്കൻ ശർഖിയ ഗവർണറേറ്റിൽ വിനോദസഞ്ചാര മേഖലയ്ക്ക് പ്രാധാന്യം നൽകിയാണ് വികസന പദ്ധതികൾ നടപ്പാക്കുന്നത്. ജാലാൻ ബാനി ബൂ അലിയിലെ ശർഖ തീരദേശ വികസന പദ്ധതിയുടെ 76 ശതമാനം ജോലികൾ പൂർത്തിയായി. സൂറിലെ അൽ ബർ കടൽത്തീര പാതയുടെ നിർമാണം 55 ശതമാനം പൂർത്തിയായിട്ടുണ്ട്. രണ്ട് പദ്ധതികളും 2027ന്റെ ആദ്യ പാദത്തിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട രാസ് അൽ ഹദ്ദിലും പുതിയ വികസന പദ്ധതികൾ നടപ്പാക്കിവരികയാണ്.
ദോഫാറിൽ നിക്ഷേപ അവസരങ്ങൾ
ദോഫാർ ഗവർണറേറ്റിൽ വിനോദസഞ്ചാര മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് പ്രാധാന്യം നൽകുന്നു. സലാലയിലും മിർബാത്തിലുമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള റിസോർട്ടുകൾ, റെസ്റ്റോറന്റുകൾ, ട്രക്ക് പാർക്കിങ് കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള നിക്ഷേപ അവസരങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.
ദോഫാറിലെ പരമ്പരാഗത വാണിജ്യ മേഖലയുടെ ഭാഗമായ ഗോൾഡ് മാർക്കറ്റ് പദ്ധതിയുടെ 70 ശതമാനം ജോലികളും പൂർത്തിയായി. പദ്ധതി ഉടൻ തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.
ദാഹിറയിൽ റോഡുകളും പൊതുസൗകര്യങ്ങളും മെച്ചപ്പെടുത്തുന്നു
കാലാവസ്ഥാ വ്യതിയാനങ്ങളും വിവിധ പ്രതിസന്ധികളും മൂലം തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കൊപ്പം പൊതുസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദാഹിറ ഗവർണറേറ്റിൽ പദ്ധതികൾ നടപ്പാക്കിവരികയാണ്.
അബ്‌രി പബ്ലിക് പാർക്ക് ഉൾപ്പെടുന്ന ‘ഇത്‌ലാലത്ത് അബ്‌രി’ പദ്ധതിക്ക് അഞ്ചു ദശലക്ഷം റിയാലാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത്‌ലാലത്ത് യൻഖുലിന്റെ 79 ശതമാനവും ഇത്‌ലാലത്ത് ദങ്കിന്റെ 85 ശതമാനവും പൂർത്തിയായി. ഈ വർഷം തന്നെ രണ്ട് പദ്ധതികളും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.ദങ്കിലെ വാണിജ്യ മേഖലയെ ബന്ധിപ്പിക്കുന്ന 4.5 കിലോമീറ്റർ ഇരട്ടപ്പാതയുടെ നിർമാണവും പുരോഗമിക്കുകയാണ്.
ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യം
പൊതുസ്ഥലങ്ങൾ, റോഡുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വാണിജ്യ മേഖലകൾ എന്നിവയുടെ വികസനത്തിലൂടെ വിവിധ ഗവർണറേറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് പദ്ധതികളുടെ ലക്ഷ്യം. ഒമാൻ വിഷൻ 2040ന്റെ ഭാഗമായി നഗരവികസനത്തിനും നിക്ഷേപത്തിനും വിനോദസഞ്ചാരത്തിനും കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിലും പദ്ധതികൾക്ക് പ്രാധാന്യമുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

