മേഖലയിലെ ഊർജ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളെ ഒമാൻ ശക്തമായി അപലപിച്ചു
text_fieldsമസ്കത്ത്: യു.എ.ഇ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഊർജ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളെ ഒമാൻ ശക്തമായി അപലപിച്ചു. മേഖലയിൽ അടിയന്തര വെടിനിർത്തലിനും നയതന്ത്ര പരിഹാരത്തിനും ഒമാൻ ആഹ്വാനം ചെയ്തു. ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണുകയാണ് വേണ്ടതെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ചൂണ്ടിക്കാട്ടി. സാധാരണ ജനങ്ങളുടെ സൗകര്യങ്ങളെയും ആഗോള ഊർജ വിതരണ ശൃംഖലയെയും ലക്ഷ്യമിടുന്ന നീക്കങ്ങൾ പ്രദേശികവും ആഗോളവുമായ സ്ഥിരതക്ക് ഗുരുതര ഭീഷണിയാകും. ബന്ധപ്പെട്ട എല്ലാ കക്ഷികളും സംവാദത്തിനും സമാധാനപരമായ ചർച്ചകൾക്കും മുൻഗണന നൽകണം. സുരക്ഷയും താൽപര്യങ്ങളും സംരക്ഷിക്കുന്ന തരത്തിലുള്ള നയതന്ത്ര ശ്രമങ്ങളിലൂടെ മാത്രമേ തുടരുന്ന സംഘർഷങ്ങൾക്ക് സ്ഥിരമായ പരിഹാരം കണ്ടെത്താനാവൂ എന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളോടുള്ള ഐക്യദാർഢ്യം ഒമാൻ ആവർത്തിച്ചു. യു.എ.ഇ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ തങ്ങളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി സ്വീകരിക്കുന്ന നിയമാനുസൃത നടപടികൾക്ക് ഒമാൻ പിന്തുണ അറിയിച്ചു. സാഹചര്യം നിയന്ത്രിക്കാനും പ്രത്യാഘാതങ്ങൾ കുറക്കാനും യു.എൻ സുരക്ഷാ കൗൺസിൽ നിർണായക ഇടപെടൽ നടത്തണമെന്നും സുൽത്താനേറ്റ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

