കരുത്തുറ്റ പാസ്പോർട്ടുകളുടെ പട്ടികയിൽ മികച്ച സ്ഥാനവുമായി ഒമാൻ
text_fieldsമസ്കത്ത്: ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ടുകളുടെ പട്ടികയിൽ മികച്ച സ്ഥാനവുമായി ഒമാൻ. ഏറ്റവും പുതിയ ഗ്ലോബൽ പാസ്പോർട്ട് പവർ റാങ്ക് 2023 അനുസരിച്ച് ആഗോള തലത്തിൽ സുൽത്താനേറ്റ് 49ാം സ്ഥാനത്താണ്. പൗരന്മാർക്ക് യാത്ര അവസരങ്ങൾ വിപുലീകരിക്കുന്നതിലും ആഗോള നിലവാരം ഉയർത്തുന്നതിലുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള പാസ്പോർട്ടുകളുടെ ശക്തിയും പ്രവേശനക്ഷമതയും അളക്കുന്ന വാർഷിക റിപ്പോർട്ടാണ് ഗ്ലോബൽ പാസ്പോർട്ട് പവർ റാങ്ക്. ആർട്ടൺ ക്യാപിറ്റൽ എന്ന ആഗോള സാമ്പത്തിക സ്ഥാപനമാണ് ഈ വർഷത്തെ ഗ്ലോബൽ പാസ്പോർട്ട് പവർ റാങ്ക് തയാറാക്കിയത്.
വിവിധ രാജ്യങ്ങളിൽ ഓൺ-അറൈവൽ വിസയിൽ എത്താൻ കഴിയുന്ന സൗകര്യങ്ങളെ കുറിച്ച് വിലപ്പെട്ട വിവരങ്ങളാണ് ഇത് നൽകുന്നത്. ഒമാൻ നേടിയ 49ാം സ്ഥാനം ആഗോളതലത്തിൽ രാജ്യത്തിന്റെ പാസ്പോർട്ടിനുള്ള വർധിച്ചുവരുന്ന അംഗീകാരവും വിശ്വാസവുമാണ് തെളിയിക്കുന്നത്. സാംസ്കാരിക വിനിമയം, വിനോദസഞ്ചാരം, ബിസിനസ് അവസരങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് മുൻകൂർ വിസയുടെ ആവശ്യമില്ലാതെ ഒമാൻ പൗരന്മാർക്ക് ഇപ്പോൾ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.
ഒമാനി പാസ്പോർട്ടിന് 97 മൊബിലിറ്റി സ്കോറാണ് നൽകിയിരിക്കുന്നത്. ഒമാനി പാസ്പോർട്ട് ഉടമകൾക്ക് 14 മുതൽ 180 ദിവസംവരെ വിസയില്ലാതെ 40 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയും. ഇത് ഓരോ ലക്ഷ്യസ്ഥാന രാജ്യങ്ങളുടെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും. അൽബേനിയ, ബഹാമാസ്, ബഹ്റൈൻ, ബ്രൂണെ, എക്വഡോർ, ഈജിപ്ത്, ജോർജിയ, ജോർഡൻ, കസാഖ്സ്താൻ എന്നിവ ഈ രാജ്യങ്ങളിൽ ചിലതാണ്. പാസ്പോർട്ട് പവർ റാങ്കിങ്ങിൽ ഒമാന്റെ ഉയർച്ച അന്താരാഷ്ട്ര ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനും പൗരന്മാർക്ക് ആഗോള ചലനാത്മകത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ്. ഒമാന്റെ നയതന്ത്ര ശ്രമങ്ങൾ, ഉഭയകക്ഷി കരാറുകൾ, വിസ സുഗമമാക്കൽ പരിപാടികൾ എന്നിവയെല്ലാം പാസ്പോർട്ട് ശക്തിയുടെ സ്ഥിരമായ വളർച്ചക്ക് കാരണമായി.
പാസ്പോർട്ട് പവർ റാങ്കിങ്ങിൽ മെച്ചപ്പെട്ട സ്ഥാനം കൈവരിക്കാനായത് രാജ്യത്തിന്റെ ടൂറിസം മേഖലയിൽ നല്ല സ്വാധീനം ചെലുത്തുമെന്നും കൂടുതൽ അന്താരാഷ്ട്ര സന്ദർശകരെ ആകർഷിക്കുകയും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. വൈവിധ്യമാർന്ന രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശനം ലഭിക്കുന്നതിലൂടെ, ഒമാനി പൗരന്മാർക്ക് പുതിയ ലക്ഷ്യസ്ഥാനങ്ങൾ പര്യവേക്ഷണം ചെയ്യാനും ബിസിനസ് സംരംഭങ്ങളിൽ ഏർപ്പെടാനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് സംഭാവന നൽകാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

