പ്രവർത്തനങ്ങൾ ഊർജിതമാക്കി ഒമാൻ
text_fieldsRepresentational Image
ഒമാൻ- യു.എ.ഇ റെയിൽ ശൃംഖല അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് ഗതാഗത, വാർത്തവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ഹമൂദ് അൽ മഅ്വാലി അറിയിച്ചിരിക്കുന്നത്. മൂന്ന് ശതകോടി ഡോളറിന്റെ പദ്ധതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുടെ ടെൻഡർ നടപടിക്രമങ്ങൾക്ക് ‘ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി’ ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് വടക്കൻ ബാത്തിനയിലും ബുറൈമിയിലും 521 കേസുകൾക്ക് സർക്കാർ അംഗീകരിച്ച സംവിധാനങ്ങൾ അനുസരിച്ച് നഷ്ടപരിഹാരം നൽകുമെന്ന് ഭവന, നഗര വികസന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പദ്ധതിയുടെ നടത്തിപ്പിന് ഫെബ്രുവരിയിൽ സുപ്രധാന ചുവടുവെപ്പ് അധികൃതർ നടത്തിയിരുന്നു. 303 കിലോമീറ്റർ പാതയുടെ വികസനത്തിനായി മേല്‍നോട്ടം വഹിക്കുന്ന ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി അബൂദബിയിലെ മുബദാല ഇൻവെസ്റ്റ്മെന്റ് കമ്പനിയുമായാണ് കരാർ ഒപ്പിട്ടത്. മൂന്നു ശതകോടി ഡോളറിന്റെ നിക്ഷേപ കരാറിലാണ് എത്തിയിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും തമ്മിൽ റെയിൽവേ ശൃംഖല സ്ഥാപിക്കാൻ ധാരണയിലെത്തിയത്. പദ്ധതി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും വിനോദസഞ്ചാരവും ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒമാനിലെ തുറമുഖ നഗരമായ സുഹാറിനെയും യു.എ.ഇ തലസ്ഥാനമായ അബൂദബിയെയും ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ഏകദേശം 1.160 ശതകോടി റിയാൽ ചെലവിലായിരിക്കും പദ്ധതി ഒരുക്കുക. റെയിൽവേ ശൃംഖല നടപ്പാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ഒമാൻ റെയിലും ഇത്തിഹാദ് റെയിലും ചേർന്ന് ‘ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ’ എന്ന കമ്പനി സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

