പഴമ്പാട്ടുകളെ പ്രണയിച്ച് ഈസ സാലിഹ് അല്‍ ബലൂഷി
text_fieldsമത്ര: മത്രയിലെ പഴയ ടാക്സി സ്റ്റാൻഡിനുള്ളിൽ ഇൗ കച്ചവട സ്ഥാപനം വ്യത്യസ്തമാകുന്നത് പല കാരണങ്ങൾ െകാണ്ടാണ്. നാടും നാട്ടുകാരും ഔട്ട് ഓഫ് ഫാഷനാക്കി ഒഴിവാക്കിയ പഴയ പാട്ടുകാസറ്റുകളാണ് അവിടത്തെ വില്‍പന വസ്തു. വില്‍പനക്കാരനാകട്ടെ സ്വദേശി വൃദ്ധനും. പഴയകാല ഹിന്ദി സിനിമയെ പറ്റിയുള്ള ഏതു ചോദ്യങ്ങള്‍ക്കും മറുചോദ്യം ആവശ്യമില്ലാത്ത തരത്തില്‍ വിശദീകരണം സഹിതം മറുപടിതരും ഈസ സാലിഹ് അല്‍ ബലൂഷി. ഹിന്ദി സിനിമയെ പറ്റിയും ഹിന്ദി അറബി ഗാന ശാഖയെ പറ്റിയുമൊക്കെ ആഴത്തില്‍ അറിവുള്ളയാളാണ് ഇദ്ദേഹം.
60 വര്‍ഷത്തോളമായി ഇൗസ സാലെഹ് മത്രയില്‍ കാസറ്റ് വ്യാപാരവുമായി രംഗത്തുണ്ട്. പഴയ കാലത്തുള്ള ഏതു പാട്ടും ആവശ്യപ്പെട്ടാല്‍ കടയില്‍ ലഭ്യം. കൂടാതെ, പാട്ടിനെ പറ്റിയും പാടിയവരെ പറ്റിയുമൊക്കെ ഒരു എന്‍സൈക്ലോപീഡിയ പോലെ വിശദീകരിച്ചു തരുകയും ചെയ്യും. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തിലും പഴയ കാസറ്റ് കട നടത്തുന്നത് പാട്ടിനോടുള്ള അടങ്ങാത്ത അഭിനിവേശം മൂലമാണ്.
കൂട്ടത്തില്‍ പുതു കാലത്തെ അതി ജീവിക്കാനായി അറബി, ഹിന്ദി ഗാനങ്ങളുടെ സീഡി കാസറ്റുകളും ഇവിടെ വിൽപനക്കുണ്ടെങ്കിലും പഴയ കാസറ്റ് കട എന്ന നിലക്കാണ് ഇവിടം ശ്രദ്ധേയമാകുന്നത്. ആദ്യകാല ഹോക്കി കളിക്കാരൻകൂടിയാണ് ഈസ സാലിഹ് അല്‍ ബലൂഷി. 1948ല്‍ ജോലി ആവശ്യാർഥം ബഹ്റൈനിലെത്തി അവിടെ യൂനിയൻ എന്ന പേരില്‍ ഹോക്കി ടീമുണ്ടാക്കി കളിച്ച ചരിത്രമൊക്കെ അടങ്ങിയതാണ് പൂർവകാല കഥകൾ. പിന്നീട് ഒമാനിലെക്ക് തിരിച്ചെത്തിയിട്ടും ഹോക്കി കളി തുടര്‍ന്നു.
അന്ന് ഒമാനില്‍ ഇന്നത്തെ പോലെ ഫുട്ബാളിനല്ല ഹോക്കിക്കായിരുന്നു കൂടുതൽ പ്രചാരമെന്ന് ഇദ്ദേഹം പറയുന്നു. തെൻറ കടക്ക് യൂനിയന്‍ ട്രേഡിങ് എന്ന പഴയ ടീമിെൻറ പേരിട്ട് പഴയകാല സ്മരണകള്‍ കെട്ടുപോകാതെ നിലനിര്‍ത്തിയിട്ടുമുണ്ട്. ഇന്ത്യ, പാകിസ്താന്‍ ഹോക്കി ടീമുകളുമൊക്കെയായി മത്സരിച്ച അനുഭവമൊക്കെ ജീവിത സായാഹ്നത്തിലും ഒളി മങ്ങാത്ത ഓര്‍മയായി ഇദ്ദേഹത്തിന് ഒപ്പമുണ്ട്. പഴയകാലത്ത് കളിച്ച് നേടിയ പുരസ്കാരങ്ങളും അത് വാര്‍ത്തയാക്കി വന്ന പത്രകട്ടിങ്ങുകളുമൊക്കെ തെൻറ ഷോപ്പില്‍ ചില്ലിട്ട് സൂക്ഷിച്ചിട്ടുമുണ്ട്. സുല്‍ത്താന്‍ ഖാബൂസ് അവാര്‍ഡ് നല്‍കുന്ന പടങ്ങള്‍ വരെ അതില്‍ പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
