മൂന്ന് ഉഭയകക്ഷി വ്യോമഗതാഗത കരാറുകളിലും ധാരണപത്രത്തിലും ഒമാൻ ഒപ്പുവെച്ചു
text_fieldsസിറിയയുമായി ഉഭയകക്ഷി വ്യോമഗതാഗത കരാറിൽ ഒമാൻ ഒപ്പുവെക്കുന്നു
മസ്കത്ത്: മോൺട്രിയലിൽ നടന്ന ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) അസംബ്ലിയുടെ 42ാമത് സെഷന്റെ ഭാഗമായി ഒമാൻ മൂന്ന് ഉഭയകക്ഷി വ്യോമഗതാഗത കരാറുകളിലും ഒരു ധാരണപത്രത്തിലും ഒപ്പുവെച്ചു.
സിറിയ, ഐവറികോസ്റ്റ്, ഗയാന എന്നിവയുമായി കരാറുകളിലും ഈജിപ്തുമായി ധാരണപത്രത്തിലുമാണ് എത്തിയത്. സിവിൽ ഏവിയേഷൻ സഹകരണം വർധിപ്പിക്കുന്നതിനും ദേശീയ വിമാനക്കമ്പനികളുടെ പ്രവർത്തന അവകാശങ്ങൾ വികസിപ്പിക്കുന്നതിനുമായാണ് ഈജിപ്തുമായി ധാരണപത്രങ്ങളിൽ ഒപ്പുവെച്ചിരിക്കുന്നത്. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് എൻജിനീയർ നയീഫ് ബിൻ അലി അൽ അബ്രി, സിറിയയുടെ ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ തലവൻ ഉമർ ഹിഷാം അൽ ഹുസാരി, കാനഡയിലെ ഐവറി കോസ്റ്റ് അംബാസഡറും ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐ.സി.എ.ഒ) സ്ഥിരം പ്രതിനിധിയുമായ ബഫെറ്റിഗു ഔട്ടാര, ഗയാന സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ എഗ്ബർട്ട് ഫീൽഡ്, ഈജിപ്ഷ്യൻ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് ക്യാപ്റ്റൻ അമർ എൽഷാർകാവി എന്നിവരുമായാണ് കരാറുകളിലും ധാരണപത്രത്തിലും ഒപ്പുവെച്ചത്.
ഒമാനും ഈ സൗഹൃദരാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗത ബന്ധങ്ങൾക്ക് നിയന്ത്രണ ചട്ടക്കൂട് കരാറുകൾ നൽകുന്നുവെന്ന് എൻജിനീയർ അൽ അബ്രി അഭിപ്രായപ്പെട്ടു. സാങ്കേതികവും നിയമപരവുമായ വ്യവസ്ഥകളും അതത് രാജ്യങ്ങൾക്കിടയിലുള്ള വിമാന സർവിസുകളെ നിയന്ത്രിക്കുന്ന റൂട്ട് ഷെഡ്യൂളുകളും അവയിൽ ഉൾപ്പെടുന്നു.
ഈജിപ്തുമായുള്ള ധാരണപത്രത്തിൽ വിമാന സർവിസുകൾ വർധിപ്പിക്കുന്നതിനും ദേശീയ വിമാനക്കമ്പനികളുടെ പ്രവർത്തന അവകാശങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള വ്യവസ്ഥകൾ ഉൾപ്പെടുന്നു.
ഇത് വ്യോമ ഗതാഗതം വർധിപ്പിക്കുകയും ഗതാഗതം, ലോജിസ്റ്റിക്സ്, അനുബന്ധ സേവനങ്ങൾ എന്നിവക്ക് വിശാലമായ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പങ്കാളിരാജ്യങ്ങളുമായുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, പ്രാദേശിക ലോജിസ്റ്റിക്സ് ഹബ് എന്ന നിലയിൽ ഒമാന്റെ പങ്ക് ശക്തിപ്പെടുത്താനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ കരാറുകൾ. ഒമാന് നിലവിൽ ലോകമെമ്പാടുമുള്ള 130 രാജ്യങ്ങളുമായി വ്യോമഗതാഗത കരാറുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

