വെസ്റ്റ് ഏഷ്യൻ പാരാലിമ്പിക്സിൽ മിന്നിത്തിളങ്ങി ഒമാൻ
text_fields2026ൽ മസ്കത്തിൽ നടക്കുന്ന വെസ്റ്റ് ഏഷ്യൻ പാരാലിമ്പിക്സിന്റെ പതാക ഒമാൻ അധികൃതർക്കു കൈമാറുന്നു
മസ്കത്ത്: ഷാർജയിൽ നടന്ന വെസ്റ്റ് ഏഷ്യൻ പാരാലിമ്പിക്സിൽ മിന്നിത്തിളങ്ങി ഒമാൻ. കഴിഞ്ഞദിവസം സമാപിച്ച ഒളിമ്പിക്സിന്റെ നാലാമത് പതിപ്പിൽ 25 മെഡലുകളാണു ഒമാൻ താരങ്ങൾ സ്വന്തമാക്കിയത്. സമാപന ദിവസം 72 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഫാദൽ അൽ ഹാദിയാണ് ഒമാനുവേണ്ടി വെള്ളി ഉയർത്തിയത്. ഇതോടെയാണ് മെഡൽ നേട്ടം 25ൽ എത്തിയത്.
പന്ത്രണ്ട് രാജ്യങ്ങളിൽനിന്നായി 382 കളിക്കാരും 131 പരിശീലകരും അഡ്മിനിസ്ട്രേറ്റർമാരും ഉൾപ്പെടയുള്ളവരായിരുന്നു മേളയുടെ ഭാഗമായത്. ഭാരോദ്വഹനം, ടേബിൾ ടെന്നീസ്, ബാഡ്മിൻറൺ, ഗോൾബാൾ, വീൽചെയർ ബാസ്കറ്റ്ബാൾ, ബോസിയ, അത്ലറ്റിക്സ് എന്നിങ്ങനെ കായിക വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ നടന്നത്.
അടുത്ത വെസ്റ്റ് ഏഷ്യൻ പാരാലിമ്പിക് 2026ൽ മസ്കത്തിൽ നടക്കും. വെസ്റ്റ് ഏഷ്യൻ പാരാലിമ്പിക് ഫെഡറേഷൻ പ്രസിഡൻറ് ഡോ. അബ്ദുൽ റസാഖ് ബിൻ റാഷിദ് ഗെയിംസിന്റെ അഞ്ചാമതു പതിപ്പിന്റെ പതാക കൈമാറി. ഒമാനി പാരാലിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് ഡോ. മൻസൂർ ബിൻ സുൽത്താൻ അൽ തൗഖി പതാക ഏറ്റുവാങ്ങി. അഞ്ചാമതു പതിപ്പ് സംഘടിപ്പിക്കുന്നതിൽ ഒമാനു വിജയാശംസകൾ നേർന്ന ഡോ അബ്ദു റസാഖ് ബിൻ റാഷിദ് വെസ്റ്റ് ഏഷ്യൻ പാരാലിമ്പിക് ഗെയിംസിന്റെ നാലാമതു പതിപ്പിന് തിരശ്ശീല വീണതായി പ്രഖ്യാപിച്ചു. അടുത്ത പതിപ്പ് നടത്താൻ അവകാശം കിട്ടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച ഡോ. മൻസൂർ ബിൻ സുൽത്താൻ അൽ തൗഖി ഈ സുപ്രധാന പരിപാടിയിൽ പങ്കെടുക്കാൻ എല്ലാ പശ്ചിമേഷ്യൻ രാജ്യങ്ങളെയും സ്വാഗതം ചെയ്യുകയും ചെയ്തു. ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സ് ആയിരിക്കും മത്സരവേദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

