ഡബ്ല്യ.പി.എസ് വഴി ശമ്പള കൈമാറ്റം; ഒമാനിൽ പുതിയ മാർഗ്ഗ നിർദേശങ്ങൾ പുറത്തിറക്കി തൊഴിൽ മന്ത്രാലയം
text_fieldsമസ്കത്ത്: വേതന സംരക്ഷണ സംവിധാനം അനുസരിച്ച് (ഡബ്ല്യ.പി.എസ്) ശമ്പളം കൈമാറുന്നതിന് പുതിയ മാർഗ്ഗനിർദേശങ്ങളുമായി തൊഴിൽ മന്ത്രാലയം. സ്ഥാപനത്തിലെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിന്റെ കുറഞ്ഞത് എഴുപത്തിയഞ്ച് ശതമാനം പേരുടെ വേതനം വേതന സംരക്ഷണ സംവിധാനത്തിലൂടെ കൈമാറ്റം ചെയ്യണം.
വരുന്ന സെപ്റ്റംബർ മുതൽ പുതിയ രീതി നടപ്പിലാക്കണമെന്നും മന്ത്രാലയം അറിയിച്ചു. അതായത് സെപ്റ്റംബറിലെ ശമ്പളം ഒക്ടോബറിൽ വിതരണ ചെയ്യുമ്പോൾ ഈ രീതിയാണ് പിന്തുടരേണ്ടത്. ഡിസംബർ മുതൽ സ്ഥാപനത്തിലെ തൊണ്ണൂറ് ശതമാനം പേരുടെ വേതനം വിതരണം ചെയ്യേണ്ടത് ഡബ്ല്യ.പി.എസ് വഴി ആക്കണമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.
തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും, വേതന പേയ്‌മെന്റുകളിൽ സുതാര്യത ഉറപ്പാക്കുന്നതിനും, സാമ്പത്തിക പിഴകളിലേക്ക് നയിച്ചേക്കാവുന്ന ലംഘനങ്ങൾ തടയുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഡബ്ല്യ.പി.എസ് വഴി ശമ്പളം കൈമാറുന്നതിന് നേരത്തെയും ചില മാർഗ്ഗനിദേശങ്ങൾ മന്ത്രാലയം പുറപ്പടുവിച്ചിരുന്നു.
ജീവനക്കാരൻ ശമ്പളത്തിന് അർഹനായത് മുതൽ മൂന്നുദിവസത്തിനുള്ളിൽ അവർക്കുള്ള വേതനം ബാങ്ക് അക്കൗണ്ട് വഴി നൽകണം. പണം ട്രാൻസ്ഫർ ചെയ്ത മാസമല്ല ശമ്പളം നൽകിയ മാസമാണ് രേഖപ്പെടുത്തേണ്ടത്. എംപ്ലോയർ സി.ആർ നമ്പർ ഫീൽഡിൽ ഫയലിൽ ലിസ്റ്റുചെയ്തിരിക്കുന്ന തൊഴിലാളികൾ ഉൾപ്പെടുന്ന തൊഴിലുടമയുടെ വാണിജ്യ രജിസ്ട്രേഷൻ നമ്പർ അടങ്ങിയിരിക്കണം.
എല്ലാ തൊഴിലാളികൾക്കും സാധുതയുള്ള തൊഴിൽ കരാർ ഉണ്ടായിരിക്കണം. കൈമാറ്റം ചെയ്യപ്പെടുന്ന വേതനം കരാറിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായിരിക്കണം. ഏതെങ്കിലും അധിക അലവൻസുകൾ, ഓവർടൈം വേതനം അല്ലെങ്കിൽ കിഴിവുകൾ ഉണ്ടെങ്കിൽ അവ കൃത്യമായി വ്യക്തമാക്കിയിരിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
ഒമാനിലെ ജീവനക്കാർക്ക് വേതനം ശരിയായതും നിയമപരവുമായ കൈമാറ്റം ഉറപ്പാക്കുന്ന വേജ് പ്രൊട്ടക്ഷൻ സിസ്റ്റം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൊഴിലുടമകൾ ശ്രദ്ധിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള അംഗീകരിച്ച കരാറുകളുടെ നിബന്ധനകൾക്ക് അനുസൃതമായി വേതനം സമയബന്ധിതമായി നൽകുന്നത് ഉറപ്പാക്കുക,ന്യായവും സുസ്ഥിരവുമായ തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
വിവിധ ഘട്ടങ്ങളിലായി ഇത് നടപ്പിലാക്കാൻ സ്ഥാപനങ്ങൾക്ക് മതിയായ സമയവും അനുവദിച്ചിരുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും കരാർ ബന്ധങ്ങളിൽ വിശ്വാസവും സുതാര്യതയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം.
അതേസമയം, തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച വേതന സംരക്ഷണ സംവിധാനനത്തന്റെ (ഡബ്ല്യു.പി.എസ്) മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്ത 57,398 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു.
വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യു.പി.എസ്) വഴി ജീവനക്കാരുടെ ശമ്പളം കൈമാറിയിട്ടില്ലെങ്കിൽ 50 റിയാൽ പിഴ ചുമത്തും. ആദ്യം മുന്നറിയിപ്പും പ്രാരംഭ വർക്ക് പെർമിറ്റ് നൽകുന്ന സേവനവും താൽക്കാലികമായി നിർത്തിവെക്കും. പിന്നീടാണ് പിഴ ചുമത്തുക. തെറ്റ് ആവർത്തിക്കുകയാണെങ്കിൽ പിഴ ഇരട്ടിയാക്കുകയും ചെയ്യും.
ബാങ്കുകൾ വഴിയോ അല്ലെങ്കിൽ സേവനം നൽകാൻ അംഗീകൃതവും അംഗീകാരമുള്ളതുമായ ധനകാര്യ സ്ഥാപനങ്ങൾ വഴിയോ തൊഴിലാളികളുടെ വേതനം നൽകാൻ കമ്പനികളെ അനുവദിക്കുന്ന ഇലക്ട്രോണിക് ശമ്പള കൈമാറ്റ സംവിധാനമാണ് ഡബ്ല്യു.പി.എസ്. തൊഴിൽ മന്ത്രാലയം സെൻട്രൽ ബാങ്കുമായി സഹകരിച്ചാണ് ഈ സംവിധനം ഒരുക്കിയിരിക്കുന്നത്. തൊഴിലാളികളുടെ ശമ്പളം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിലൂടെ കമ്പനികൾ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതാണിത്.
സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളത്തിന്റെ കൃത്യമായ ഡാറ്റാബേസ് സ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്കരണത്തിന്റെ സുപ്രധാന ഘടകമായി ഡബ്ല്യു.പി.എസിനെ കണക്കാക്കുന്നു. ഈ സംവിധാനം സുസ്ഥിരമായ തൊഴിലുടമ-തൊഴിലാളി ബന്ധം പ്രോത്സാഹിപ്പിക്കുകയും ഉൽപ്പാദനക്ഷമത വർധിപ്പിക്കുകയും ചെയ്യും. വേതനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറക്കാനും സഹായിക്കും.
തൊഴിലാളികളുടെ വേതനം നിശ്ചിത തീയതിയുടെ മൂന്ന് ദിവസത്തിനുള്ളിൽ ബാങ്കുകളിലേക്ക് മാറ്റാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. തൊഴിലാളികളുടെ വേതനത്തിൽ എന്തെങ്കിലും മാറ്റം വരുമ്പോൾ തൊഴിലുടമ മന്ത്രാലയവുമായുള്ള തൊഴിൽ കരാറുകൾ അപ്‌ഡേറ്റ് ചെയ്യുകയും വേണം. എന്നാൽ ചില സന്ദർഭങ്ങളിൽ ഡബ്ല്യു.പി.എസിലൂടെ തൊഴിലാളിയുടെ വേതനം കൈമാറ്റം ചെയ്യുന്നതിൽ നിന്ന് തൊഴിലുടമയെ ഒഴിവാക്കിയിട്ടുണ്ട്. അവ താഴെ കൊടുക്കുന്നു.
തൊഴിലാളിയും ഉടമയും തമ്മിലുള്ള തൊഴിൽ തർക്കവും (ജൂഡീഷ്യൽ) അത് തൊഴിലാളിയുടെ ജോലി നിർത്തുന്നതിന് കാരണമാകുകയും ചെയ്യുക, നിയമപരമായ സാധുതയില്ലാതെ തൊഴിലാളി സ്വമേധയാ ജോലി ഉപേക്ഷിക്കുക, ജോലി ആരംഭിച്ച തീയതി മുതൽ 30 ദിവസം പൂർത്തിയാക്കാത്ത പുതിയ തൊഴിലാളികൾ, ശമ്പളമില്ലാതെ അവധിയിൽ കഴിയുന്ന തൊഴിലാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

