സയാമീസ് ഇരട്ടകളെ വേർപ്പെടുത്തി; അപൂർവ നേട്ടവുമായി ഒമാൻ
text_fieldsമസ്കത്ത്: സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിനുള്ള ആദ്യത്തെ ശസ്ത്രക്രിയ വിജയകരമായി നടപ്പാക്കി ഒമാൻ ആരോഗ്യമേഖലയിൽ പുതുചരിതം രചിച്ചു. കുടൽ, മൂത്രവ്യവസ്ഥ, രക്തക്കുഴലുകൾ എന്നിവയുമായി ബന്ധമുള്ള പെൽവിക് മേഖല പങ്കിടുന്ന ഇരട്ടകളെ 19 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് വേർപ്പെടുത്തിയത്. ഇരട്ടകൾ ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രമായ വൈദ്യചികിത്സയിലാണ്. അവരുടെ ആരോഗ്യനിലയിൽ തുടർച്ചയായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. റോയൽ ഹോസ്പിറ്റൽ, ഖൗല ഹോസ്പിറ്റൽ, മെഡിക്കൽ സിറ്റി ഹോസ്പിറ്റൽ ഫോർ മിലിട്ടറി ആൻഡ് സെക്യൂരിറ്റി സർവിസസ്, നിസ്‍വ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നുള്ള സർജന്മാരുടെയും മെഡിക്കൽ ഗ്രൂപ്പുകളുടെയും ഒരു എലൈറ്റ് ഗ്രൂപ്പ് മെഡിക്കൽ സംഘവും ശസ്ത്ക്രിയ ടീമിൽ ഉൾപ്പെട്ടിരുന്നു.
സമഗ്രമായ വിലയിരുത്തലിലും തയ്യാറെടുപ്പിലും തുടങ്ങി നിരവധി ഘട്ടങ്ങളിലൂടെയാണ് ശസ്ത്ക്രിയ പൂർത്തിയാക്കിയത്.വേർപിരിയൽ, ടിഷ്യു പുനർനിർമ്മാണം, ഇരട്ടകളുടെ വീണ്ടെടുക്കലും ആരോഗ്യ സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ശസ്ത്രക്രിയാനന്തര ഘട്ടവും വൈദ്യ പരിചരണവും ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. സംയോജിത ഇരട്ടകൾ വളരെ അപൂർവമായ കേസുകളാണെന്ന് റോയൽ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് പീഡിയാട്രിക് സർജനും സയാമീസ് ട്വിൻ സെപ്പറേഷൻ ഓപ്പറേഷനായുള്ള മെഡിക്കൽ ടീമിന്റെ തലവനുമായ ഡോ. മുഹമ്മദ് ജാഫർ അൽ സജ്‌വാനി പറഞ്ഞു. നിർഭാഗ്യവശാൽ ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങൾ കാരണം ജനനത്തിനു മുമ്പോ, ജനനത്തിനിടയിലോ, ജനനത്തിനു ശേഷമോ പല കുട്ടികളും അതിജീവിക്കാറില്ല എന്നും അദേഹം പറഞ്ഞു. സയാമീസ് ഇരട്ടകളുടെ നിരവധി കേസുകളുണ്ട്. എന്നാൽ പെൽവിക് മേഖലയിലെ സംയോജിത ഇരട്ടകൾ വളരെ അപൂർവമാണ്, പ്രത്യേകിച്ച് പെൺകുട്ടികളിൽ. ഇത് സങ്കീർണത വർധിപ്പിക്കുന്നതാണെന്നും അദേഹം പറഞ്ഞു.
ഈ കേസിൽ ഗർഭകാലത്തുന്നെ ഫോളോ അപ്പ് ചെയ്തു തുടങ്ങിയിരുന്നു. പ്രസവചികിത്സകരുമായി ബന്ധപ്പെടുകയും ഒമാനിൽ ശസ്ത്രക്രിയ നടത്താനും അവർക്ക് ചികിത്സ നൽകാനും ഞങ്ങൾ തീരുമാനിച്ചു. നേത്തെയുള്ള പ്രസത്തെ തുടർന്ന് ഇരട്ടളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. 11 മാസത്തെ തയ്യാറെടുപ്പുകൾ, മീറ്റിങുകൾ, എക്സ്-റേകൾ എന്നിവയിലൂടെയും മറ്റും കാരണങ്ങൾ മനസിലാക്കാനും വെല്ലുവിളികൾ മറികടക്കാനും ഞങ്ങൾക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പെൽവിസിൽ ഒട്ടിച്ചേർന്ന ഇരട്ടകളുടെ കാര്യത്തിൽ, മൂത്രനാളത്തിലും മൂത്രനാളിയിലും ഒട്ടിപ്പിടിക്കലുകൾ ഉണ്ടായിരുന്നവെന്നും ശസ്ത്രക്രിയയ്ക്കിടെ ഞങ്ങൾ നേരിട്ട ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നാണിതെന്നും കൺസൾട്ടന്റ് പീഡിയാട്രിക് യൂറോളജിസ്റ്റായ ഡോ. നവാൽ ബിൻത് അബ്ദുല്ല അൽ ഷാർജി പറഞ്ഞു. റേഡിയോളജിസ്റ്റുകളുടെ വിശിഷ്ട സംഘത്തിന്റെ സാന്നിധ്യം ഇത് കണ്ടെത്തുന്നതിൽ സഹായിച്ചുവെന്നും 11 മാസം മുമ്പ് തന്നെ അവ കൈകാര്യം ചെയ്യാനും അവക്കായി ആസൂത്രണം ചെയ്യാനും ഞങ്ങൾക്ക് കഴിഞ്ഞുവെന്നും അവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.