ഒമാൻ തീരത്തുനിന്ന് ലഭിച്ചത് പുരാതന നാവിക ദിശാനിർണയ ഉപകരണം
text_fields
മസ്കത്ത്: ഒമാൻ തീരത്ത് 2014ൽ നടത്തിയ പര്യവേക്ഷണത്തിൽ കണ്ടെത്തിയത് ലോകത്തിലെ ഏറ്റവും പഴക്കമേറിയ നാവിക ദിശാനിർണയ ഉപകരണമെന്ന് (മറൈൻ ആസ്ട്രൊലാബ് ) റിപ്പോർട്ട്. ഹലാനിയാത്ത് ദ്വീപിന് സമീപം നൂറ്റാണ്ടുകൾ മുമ്പ് മുങ്ങിയ പോർചുഗീസ് കപ്പൽ ‘എസ്മരാൾഡ’യിൽ നിന്ന് ലഭിച്ച വൃത്താകൃതിയിലുള്ള ഒാടുതകിട് ബ്രിട്ടനിലെ വാർവിക്ക് സർവകലാശാലയിൽ വിശദ പഠനത്തിന് വിധേയമാക്കിയപ്പോഴാണ് ഇന്നുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമേറിയ നക്ഷത്ര ദൂരമാപിനിയന്ത്രം അഥവാ ആസ്ട്രൊലാബ് ആണെന്ന് കണ്ടെത്തിയത്. 1502-1503 കാലത്ത് പോർചുഗീസ് പര്യവേക്ഷകൻ വാസ്കോഡഗാമയുടെ ഇന്ത്യയിലേക്കുള്ള രണ്ടാം യാത്രയിലാണ് കപ്പൽപ്പടയിലെ അംഗമായിരുന്ന ‘എസ്മെരാൾഡ’ ഹലാനിയാത്ത് ദ്വീപിന് സമീപം കൊടുങ്കാറ്റിൽപെട്ട് മുങ്ങിയതെന്ന് കരുതപ്പെടുന്നു. യൂറോപ്പിെൻറ പര്യവേക്ഷണ കാലഘട്ടത്തിലെ പഴക്കമേറിയ കപ്പലപകടമാണ് ഇതെന്ന് കരുതപ്പെടുന്നു. 1998ലാണ് കപ്പൽ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 2013 മുതൽ 2015വരെ കപ്പലിൽ നടത്തിയ പര്യവേക്ഷണത്തിൽ നിരവധി പുരാതന വസ്തുക്കൾ കണ്ടെത്തിയിരുന്നു.
ബ്ലൂവാട്ടർ റിക്കവറീസ് ഒമാൻ പൈതൃക സാംസ്കാരിക മന്ത്രാലയത്തിെൻറ സഹകരണത്തോടെയാണ് പര്യവേക്ഷണ പ്രവർത്തനങ്ങൾ നടത്തിയത്. 1496-1500 കാലഘട്ടത്തിലേതാണ് ഇപ്പോൾ കണ്ടെത്തിയ ആസ്ട്രൊലാബ് എന്ന് ബ്ലൂവാട്ടർ റിക്കവറീസ് പ്രതിനിധി ഡേവിഡ് േമൺസ് പറഞ്ഞു. ഇതുവരെ കണ്ടെത്തിയതിലും മുപ്പത് വർഷത്തിലധികം പഴക്കം ഇൗ നാവിക ദിശാനിർണയ ഉപകരണത്തിനുണ്ട്. 1495ൽ പോർചുഗലിൽ അധികാരത്തിലെത്തിയ മാന്വൽ ഒന്നാമൻ രാജാവിെൻറ സ്വകാര്യമുദ്ര ത്രീഡി സ്കാനിങ്ങിൽ കണ്ടെത്താൻ കഴിഞ്ഞതായും മേൺസ് പറഞ്ഞു.
പുരാതനകാലത്ത് സൂര്യെൻറയും നക്ഷത്രങ്ങളുടെയും ഉയരം കണക്കാക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണമാണ് ആസ്ട്രലോബുകൾ. കപ്പൽയാത്രക്ക് സഹായകരമാംവിധം പോർച്ചുഗീസുകാരാണ് ഇൗ ഉപകരണത്തെ മാറ്റിയെടുത്തത്. സൂര്യെൻറയും നക്ഷത്രങ്ങളുടെയും ഉയരം കണക്കിലെടുത്ത് കപ്പലിെൻറ സ്ഥാനം നിർണയിക്കുന്നതിനാണ് സമുദ്രയാത്രയിൽ ഇൗ ഉപകരണം ഉപയോഗിച്ചിരുന്നത്. ഒമാൻ തീരത്തുനിന്ന് കണ്ടെത്തിയ ആസ്ട്രൊലാബ് ഇപ്പോൾ ഒമാൻ നാഷനൽ മ്യൂസിയത്തിലാണ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
