ഇന്ത്യന്‍ സ്കൂള്‍ പ്രവേശനം: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
text_fieldsമസ്കത്ത്: തലസ്ഥാന നഗരിയിലെ ഇന്ത്യന്‍ സ്കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. കെ.ജി വണില്‍ മൊത്തം 1928 സീറ്റുകളാണുള്ളത്. മസ്കത്ത് ഇന്ത്യന്‍ സ്കൂളിന്‍െറ അല്‍ ഗൂബ്ര ശാഖയിലേക്ക് ഈ വര്‍ഷം പ്രവേശനം നല്‍കുന്നില്ല. കഴിഞ്ഞവര്‍ഷം ഈ സ്കൂളില്‍ പ്രവേശനം നല്‍കിയിരുന്നു. ഓണ്‍ലൈന്‍ അപേക്ഷകളുടെ പകര്‍പ്പ് ഈമാസം 15 മുതല്‍ സ്കൂളുകളില്‍ സ്വീകരിച്ചുതുടങ്ങും.
15 റിയാലാണ് അപേക്ഷാ ഫീസ്. ഇത് തിരിച്ചു ലഭിക്കുന്നതല്ല. ഫെബ്രുവരി 15 വരെയാണ് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനുള്ള അവസാന തീയതി. അടുത്തമാസം 15ന് ഉച്ചക്ക് രണ്ടിന് മുമ്പ് ഓണ്‍ലൈനില്‍ പൂരിപ്പിച്ച അപേക്ഷകള്‍ കാപിറ്റല്‍ ഏരിയയിലെ ഏതെങ്കിലും സ്കൂളില്‍ സമര്‍പ്പിച്ച് ഫീ അടച്ചാല്‍ മാത്രമേ അപേക്ഷക്ക് സാധുതയുണ്ടാവുകയുള്ളൂ. ആറ് ഇന്ത്യന്‍ സ്കൂളുകളിലെ രാവിലെയും ഉച്ചക്കുമുള്ള ഷിഫ്റ്റുകളില്‍ അപേക്ഷിക്കാവുന്നതാണ്. ഒരു വിദ്യാര്‍ഥിക്ക് ഒമ്പത് ഓപ്ഷനുകളാണുള്ളത്.
പുതുതായി പ്രവേശനം തേടുന്ന കുട്ടിയുടെ സഹോദരന്‍ ഏതെങ്കിലും സ്കൂളില്‍ പഠിക്കുന്നുണ്ടെങ്കില്‍ അപേക്ഷ നല്‍കുമ്പോള്‍ ആ സ്കൂളിന് മുന്‍ഗണന നല്‍കും. സഹോദരങ്ങള്‍ പഠിക്കുന്ന സ്കൂളുകള്‍ക്ക് പ്രവേശനത്തിന് മുന്‍ഗണനയുമുണ്ട്. നറുക്കെടുപ്പിലൂടെയാണ് കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുക.
ഇന്ത്യന്‍ സ്കൂള്‍ മസ്കത്ത്, വാദികബീര്‍, ദാര്‍സൈത്ത് എന്നീ സ്കൂളുകളിലാണ് ഷിഫ്റ്റ് സമ്പ്രദായമുള്ളത്. അല്‍ ഗൂബ്ര, സീബ്, മബേല ഇന്ത്യന്‍ സ്കൂളുകളില്‍ രാവിലെ മാത്രമാണ് ക്ളാസുണ്ടാവുക. വാദി കബീറിലാണ് കെ.ജി വണില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം നല്‍കുന്നത്. രണ്ട് ഷിഫ്റ്റുകളിലായി 650 കുട്ടികള്‍ക്ക് ഈ സ്കൂളില്‍ പ്രവേശനം നല്‍കാന്‍ കഴിയും. രാവിലത്തെ ഷിഫ്റ്റില്‍ 200 കുട്ടികള്‍ക്കും വൈകുന്നേരം ഷിഫ്റ്റില്‍ 450 കുട്ടികള്‍ക്കുമാണ് ഇവിടെ പ്രവേശനം നല്‍കാന്‍ കഴിയുക. മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ രണ്ട് ഷിഫ്റ്റുകളിലായി 400 കുട്ടികള്‍ക്കും ദാര്‍സൈത്തില്‍ രണ്ട് ഷിഫ്റ്റുകളിലുമായി 270 കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ കഴിയും. സീബില്‍ രാവിലത്തെ ഷിഫ്റ്റില്‍ 300 കുട്ടികള്‍ക്കും മബേലയില്‍ രാവിലത്തെ ഷിഫ്റ്റില്‍ 168 കുട്ടികള്‍ക്കുമാണ് പ്രവേശനം ലഭിക്കുക.
കെ.ജി സെക്കന്‍ഡില്‍ മൊത്തം 312 ഒഴിവുകളാണുള്ളത്. വാദികബീറില്‍ ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റില്‍ 140, ദാര്‍സൈത്തില്‍ രാവിലത്തെ ഷിഫ്റ്റില്‍ 60, സീബില്‍ 30, മബേലയില്‍ 72 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. ഒന്നാം ക്ളാസില്‍ ദാര്‍സൈത്ത് സ്കൂളില്‍ 150 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. വാദീ കബീറില്‍ 55ഉം മബേലയില്‍ 26 സീറ്റുകളും ഒഴിവുണ്ട്. കെ.ജി. സെക്കന്‍ഡില്‍ മൊത്തം 312, ഒന്നാം ക്ളാസില്‍ 250, രണ്ടാം ക്ളാസില്‍ 67, മൂന്നില്‍ 43, നാലില്‍ 128, അഞ്ചില്‍ 39, ആറില്‍ 25, ഏഴില്‍ 17, എട്ടില്‍ 12, ഒമ്പതില്‍ 25 എന്നിങ്ങനെയാണ് മൊത്തം ഒഴിവുകള്‍. കാപിറ്റല്‍ ഏരിയിലെ ഇന്ത്യന്‍ സ്കൂളുകളില്‍ കെ.ജി മുതല്‍ ഒമ്പത് വരെ ക്ളാസുകളിലായി 2846 ഒഴിവുകളാണുള്ളത്. എണ്ണവില ഇടിഞ്ഞതുമൂലമുള്ള സാമ്പത്തിക പ്രതിസന്ധി പ്രവാസികളെയും ബാധിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം നിരവധി പേര്‍ കുടുംബത്തെ നാട്ടിലേക്ക് അയക്കുന്നുണ്ട്. ചെലവുചുരുക്കി ജീവിക്കാനാണ് പലരും ശ്രമിക്കുക. അടുത്ത മാര്‍ച്ചോടെ ഇത് സംബന്ധമായ വ്യക്തമായ രൂപം ലഭിക്കും. ഏതായാലും ഈ വര്‍ഷം സ്കൂള്‍ പ്രവേശനത്തിന് വലിയ തള്ളിക്കയറ്റം ഉണ്ടാവാന്‍ സാധ്യതയില്ല. അപേക്ഷകര്‍ കുറഞ്ഞാല്‍ ചില സ്കൂളുകളിലെ ഷിഫ്റ്റുകളുടെ എണ്ണവും കുറയാന്‍ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
