മലാക്ക മാതൃകയിൽ ഹുർമുസിൽ നിയന്ത്രണം വേണം; പുതിയ സുരക്ഷാ-നിയന്ത്രണ പദ്ധതിയുമായി ഒമാൻ
text_fieldsമസ്‌കത്ത്/ തെഹ്റാൻ: ആഗോള ഊർജ വിപണിയുടെ ജീവനാഡിയായ ഹുർമുസ് കടലിടുക്കിലെ തർക്കങ്ങൾ പരിഹരിക്കാൻ ‘മലാക്ക കടലിടുക്ക്’ മാതൃകയിലുള്ള പുതിയ സുരക്ഷാ-നിയന്ത്രണ പദ്ധതിയുമായി ഒമാൻ. ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി മേഖലാതല സംയുക്ത സംവിധാനം രൂപീകരിക്കണമെന്ന നിർദേശം ഒമാൻ ഇറാന് കൈമാറിയതായി ഗൾഫ് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മേഖലയിലെ മറ്റ് ഗൾഫ് രാജ്യങ്ങളുടെ പിന്തുണയും ഈ ഒമാൻ പ്രൊപ്പോസലിനുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ ഒമാൻ വിദേശ കാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുടെ നേതൃത്വത്തിലുള്ള ഒമാൻ പ്രതിനിധി സംഘം തെഹ്റാനിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഒമാൻ, സൗദി അറേബ്യൻ വിദേശകാര്യമന്ത്രിയുമായി ഇതുസംബന്ധിച്ച് ടെലിഫോൺ ചർച്ചകൾ നടത്തി.
മേഖലയിൽ സമാധാനം സ്ഥിരതയും പുനഃസ്ഥാപിക്കാനും ഹുർമുസിലെ സുരക്ഷാ ആശങ്കകൾ പരിഹരിക്കാനുമായി സഹകരണം ശക്തമാക്കുകയും സംയുക്ത നയതന്ത്ര നീക്കങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് അരാഗ്ചി ഊന്നിപ്പറഞ്ഞതായി ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മലേഷ്യക്കും ഇന്തോനേഷ്യക്കും ഇടയിലുള്ള തന്ത്രപ്രധാനമായ കപ്പൽ ചാനലാണ് മലാക്ക കടലിടുക്ക്.
ഈ കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾ അവിടുത്തെ നാവിക സുരക്ഷ, പരിസ്ഥിതി സംരക്ഷണം, രക്ഷാപ്രവർത്തനങ്ങൾ എന്നിവക്കായി സ്വമേധയാ ഒരു തുക സംഭാവനയായി നൽകാറുണ്ട്. ഇതേ രീതി ഹുർമുസിലും നടപ്പാക്കാനാണ് ഒമാന്റെ നിർദേശം. ഇതിനായി മേഖലാതല സംയുക്ത സംവിധാനം രൂപീകരിക്കണമെന്നതാണ് ഒമാന്റെ ആവശ്യം. നിലവിൽ ഹുർമുസ് കടലിടുക്കിൽ ഇറാന്റെ ശക്തമായ സ്വാധീനമുണ്ട്.
എന്നാൽ പുതിയ നിർദേശപ്രകാരം കടലിടുക്കിന്റെ പൂർണമായ നിയന്ത്രണം ഇറാന് മാത്രമായിരിക്കില്ല. പകരം, ഒമാനും മേഖലയിലെ മറ്റു രാജ്യങ്ങളും ഉൾപ്പെടുന്ന സംയുക്ത സമിതിക്കായിരിക്കും മേൽനോട്ടം. കപ്പലുകളിൽ നിന്ന് നിർബന്ധിതമായി ടോൾ ഈടാക്കുന്നതിനെ ഒമാൻ നേരത്തെ ഐക്യരാഷ്ട്രസഭയിൽ എതിർത്തിരുന്നു. അതിനു പകരമുള്ള പ്രായോഗിക പരിഹാരമാണ് ഈ വളന്ററി ഫീസ് രീതി. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങളെത്തുടർന്ന് ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കനത്ത ഭീഷണി നേരിടുകയാണ്.
ലോകത്ത് വിതരണം ചെയ്യുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഈ കടലിടുക്കിലൂടെയാണ്. മേഖലയിൽ യു.എസ് വ്യോമാക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ച പശ്ചാത്തലത്തിൽ, നയതന്ത്രപരമായ ഒരു ശാശ്വത പരിഹാരം കണ്ടെത്താനുള്ള സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് ഒമാൻ ഈ മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽ ഥാനി, സൗദി വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദ്, കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അൽ സബാഹ്, ഈജിപ്ത് വിദേശകാര്യമന്ത്രി ഡോ. ബദർ അബ്ദുല്ലത്തി എന്നിവരുമായി ഒമാൻ വിദേശ കാര്യമന്ത്രി ടെലിഫോണിൽ ചർച്ച നടത്തി.
അതേസമയം, ഇറാനുമായി നല്ല രീതിയിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഒരു കരാറിലെത്താൻ സാധ്യതയുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ചർച്ചകൾ പരാജയപ്പെട്ടാൽ യു.എസിന്റെ ഭാഗത്തുനിന്ന് സൈനിക നടപടികൾ പുനരാരംഭിച്ചേക്കാമെന്ന കർശനമായ മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

