ബജറ്റ് : ആര്‍.ഒ.പിയുടെ സിവില്‍ സേവന നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം
text_fieldsമസ്കത്ത്: വരുമാന വര്‍ധനവിനായി റോയല്‍ ഒമാന്‍ പൊലീസിന്‍െറ സിവില്‍ സേവന നിരക്കുകളില്‍ ഭേദഗതി വരുത്താന്‍ ബജറ്റില്‍ നിര്‍ദേശം. ബജറ്റ് കമ്മി നേരിടുന്നതിനുള്ള നിര്‍ദേശങ്ങളിലാണ് നിരക്കുകളിലെ ഭേദഗതി പരാമര്‍ശിക്കുന്നത്.
ആര്‍.ഒ.പി സേവന നിരക്കുകളിലെ ഭേദഗതി വഴി എണ്ണയിതര വരുമാനം മെച്ചപ്പെടാനും അത് ബജറ്റ് കമ്മി നേരിടുന്നതിന് സഹായകരമാകുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആര്‍.ഒ.പിയുടെ സിവില്‍ സേവനങ്ങളില്‍ റസിഡന്‍റ് കാര്‍ഡ് നിരക്കുകളാണ് പ്രവാസികളെ നേരിട്ട് ബാധിക്കുന്നത്. ഇതോടൊപ്പം ജനന, മരണ സര്‍ട്ടിഫിക്കറ്റുകളും ഈ വിഭാഗത്തില്‍ പെടുന്നതാണ്. കഴിഞ്ഞ നവംബറില്‍ തൊഴില്‍ വിസാ ഫീസ് നിരക്കുകളില്‍ മാനവ വിഭവ ശേഷി മന്ത്രാലയം വര്‍ധന വരുത്തിയിരുന്നു. 201 റിയാല്‍ ആയിരുന്ന ഫീസ് 301 റിയാലായാണ് വര്‍ധിപ്പിച്ചത്. തൊഴില്‍ സ്റ്റാറ്റസ്, സ്പോണ്‍സറെ മാറല്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഫീസ് നിരക്കുകളും ഒമാന്‍ കഴിഞ്ഞവര്‍ഷം വര്‍ധിപ്പിച്ചിരുന്നു. വിദേശ തൊഴിലാളികളുടെ റിക്രൂട്ടിങ്, വിസ പുതുക്കല്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്ന് 310 ദശലക്ഷം റിയാലിന്‍െറ വരുമാനമാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്.
മുന്‍ വര്‍ഷം കണക്കിലെടുക്കുമ്പോള്‍ 2017ലെ ബജറ്റില്‍ 18 ശതമാനത്തിന്‍െറ അധിക വരുമാനമാണ് കണക്കാക്കുന്നത്. വരുമാനത്തിന്‍െറ 70 ശതമാനവും എണ്ണ, പ്രകൃതി വാതക മേഖലകളില്‍നിന്നാണ് പ്രതീക്ഷിക്കുന്നത്. 11.7 ദശലക്ഷം റിയാലാണ് പൊതു ചെലവ്. 2016നെ അപേക്ഷിച്ച് നോക്കുമ്പോള്‍ പൊതു ചെലവില്‍ 200 ദശലക്ഷം റിയാലിന്‍െറ കുറവാണ് ഉള്ളത്. മൂന്നു ദശലക്ഷം റിയാലിന്‍െറ കമ്മിയില്‍ 2.5 ദശലക്ഷവും ആഗോള, പ്രാദേശിക വിപണികളില്‍നിന്ന് കടമെടുത്താകും നികത്തുക. ബാക്കി തുക കരുതല്‍ ധനത്തില്‍നിന്നെടുത്ത് നികത്തും. എണ്ണവിലയിടിവിന്‍െറ പശ്ചാത്തലത്തില്‍ കര്‍ശനമായ സാമ്പത്തിക അച്ചടക്കത്തിലൂടെ രാജ്യത്തിന്‍െറ ഭാവി ശോഭനമാക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് ബജറ്റ് മുന്നോട്ടുവെക്കുന്നത്.
സുരക്ഷാ പ്രതിരോധ മേഖലകളിലെ ചെലവില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനത്തിന്‍െറ കുറവ് വരുത്തിയിട്ടുണ്ട്. 3.34 ശതകോടി റിയാലാണ് ഈ വിഭാഗത്തില്‍ ചെലവഴിക്കുക. വരുമാന നഷ്ടത്തിന്‍െറ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സര്‍വിസുകളില്‍ ഈ വര്‍ഷം റിക്രൂട്ട്മെന്‍റുകള്‍ വളരെ കുറവായിരിക്കുമെന്ന് ബജറ്റ് പറയുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന് പുറമെ സബ്സിഡികള്‍ പുനരവലോകനം ചെയ്യുകയും ചെയ്യും. സര്‍ക്കാര്‍ സബ്സിഡി അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കും. രാജ്യത്തിന്‍െറ എണ്ണയിതര വരുമാനമേഖല ശോഭനമാക്കുമെന്ന് ഉറപ്പുള്ള പദ്ധതികള്‍ക്ക് മാത്രമാകും സര്‍ക്കാര്‍ പണം മുടക്കുക.
ആര്‍.ഒ.പി സേവന നിരക്കുകളിലെ ഭേദഗതിക്ക് പുറമെ വരുമാന നികുതി നിയമത്തിലും ഭേദഗതിയുണ്ടാകും. മദ്യം, പുകയില എന്നിവക്ക് പ്രത്യേക നികുതി ചുമത്താനും ബജറ്റില്‍ നിര്‍ദേശമുണ്ട്. സാമ്പത്തിക വൈവിധ്യവത്കരണത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയും ചെയ്യുമെന്ന് ബജറ്റ് പറയുന്നു. കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്നതിനായി പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ പ്രോത്സാഹിപ്പിക്കും. ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി ചില സര്‍ക്കാര്‍ പദ്ധതികളുടെ നിര്‍വഹണത്തിന് അവരെ ചുമതലപ്പെടുത്തും. ബജറ്റിലെ പൊതുചെലവിന്‍െറ 23 ശതമാനവും ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹികക്ഷേമ പദ്ധതികള്‍ക്കാണ് നീക്കിവെച്ചിട്ടുള്ളത്. സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കും. വിവിധ തൊഴില്‍ പരിശീലനങ്ങള്‍ക്കായി നാഷനല്‍ ട്രെയ്നിങ് സെന്‍റര്‍ ആരംഭിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സ്വകാര്യ വത്കരണ നടപടികള്‍ക്ക് വേഗം വര്‍ധിപ്പിക്കും.
സര്‍ക്കാര്‍ വകുപ്പുകളിലേക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുകയോ ഉള്ളത് മാറ്റിവാങ്ങുകയോ ഇല്ല. കസ്റ്റംസ് നികുതിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍, ചില കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള നികുതി ഒഴിവ് എന്നിവ ഭേദഗതി ചെയ്യും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വാര്‍ഷിക ശമ്പള വര്‍ധനവിന് മാറ്റമുണ്ടാകില്ല. ചെലവുചുരുക്കലിന്‍െറ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകളുടെയും ഡിപ്പാര്‍ട്ട്മെന്‍റുകളുടെയും വിപുലീകരണം നിര്‍ത്തലാക്കാനും ബജറ്റ് നിര്‍ദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.