ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് പിന്തുണ ആവർത്തിച്ച് ഒമാൻ
text_fieldsമസ്കത്ത്: ഫലസ്തീൻ ജനതയുടെ സ്വത്വാവകാശങ്ങൾക്കും സ്വയംനിർണയാവകാശത്തിനും ഒമാൻ വീണ്ടും ഉറച്ച പിന്തുണ പ്രഖ്യാപിച്ചു. ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര ദിനം ആചരിക്കവെ, ഹേഗിൽ നടന്ന കൺവെൻഷനിൽ ഐക്യരാഷ്ട്രസഭയിലെ ഒമാൻ സ്ഥിരപ്രതിനിധി ഇദ്രീസ് അബ്ദുൽറഹ്മാൻ അൽ ഖൻജാരിയാണ് ഒമാൻ സുൽത്താനേറ്റിന്റെ നിലപാട് ലോകരാജ്യങ്ങളുടെ പ്രതിനിധികൾക്ക് മുന്നിൽ ആവർത്തിച്ചത്. 1967 ജൂൺ നാലിന് അതിർത്തി നിശ്ചയിച്ച കിഴക്കൻ ജറൂസലം തലസ്ഥാനമായ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശം അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമാണെന്ന് ഒമാൻ വ്യക്തമാക്കി.
1977ൽ യു.എൻ പ്രഖ്യാപിച്ച ഈ ദിനം ശാന്തിയും ന്യായവും ഉറപ്പുവരുത്താനുള്ള അന്തർദേശീയ പ്രതിബദ്ധതയുടെ പ്രതീകമാണെന്നും എന്നാൽ, അധിനിവേശവും അനധികൃത കുടിയേറ്റവും നിർബന്ധിത പുനരധിവാസവും വിശുദ്ധസ്ഥലങ്ങളിലെ അതിക്രമങ്ങളും മൂലം ഫലസ്തീനികളുടെ ദുരിതം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അന്തർദേശീയമായ ഇത്തരം ലംഘനങ്ങളിൽ ഒമാൻ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിക്കുന്നതായും ജനങ്ങളുടെ നിയമപരമായ അവകാശങ്ങൾ വീണ്ടെടുക്കാനുള്ള ഫലസ്തീനികളുടെ ദേശീയ ശ്രമങ്ങൾക്ക് തുടർന്നും പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്തർദേശീയ സമൂഹം നിയമ-മാനവിക ഉത്തരവാദിത്വങ്ങൾ നിറവേറ്റി, ഫലസ്തീനിനെ സമാധാനത്തിലേക്ക് നയിക്കുന്ന വ്യക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഒമാൻ ആഹ്വാനം ചെയ്തു.
യഥാർത്ഥ സമാധാനം ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള നീതിപൂർണമായ പരിഹാരത്തിലൂടെയേ സാധ്യമാവൂ എന്നും സർവഭൗമാധികാരമുള്ള സ്വതന്ത്ര ഫലസ്തീൻ രാജ്യമെന്നതാണ് അതിന്റെ അടിസ്ഥാനം എന്നും ഒമാൻ ആവർത്തിച്ചു.
വാക്കുകളിൽ മാത്രം ഒതുങ്ങാതെ, ഫലസ്തീൻ ജനതയുടെ നീളുന്ന ദുരിതം അവസാനിപ്പിക്കുന്നതിന് യഥാർത്ഥ നടപടികൾ സ്വീകരിക്കേണ്ട സമയമാണിതെന്നും ഓർമിപ്പിച്ചാണ് അൽ ഖൻജാരി യു.എൻ സഭയിലെ പ്രസംഗം അവസാനിപ്പിച്ചത്. ജെനീവയിലെ യു.എൻ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ഗസ്സയിലെ മനുഷ്യത്വപരമായ പ്രതിസന്ധി, വ്യാപകമായ കുടിയൊഴിപ്പിക്കൽ തുടങ്ങിയവയും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

