Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈത്തപ്പഴ വിപണിയിൽ വിപ്ലവത്തിനൊരുങ്ങി ഒമാൻ; ലക്ഷ്യം ആഗോള ബ്രാൻഡിങ്

text_fields
bookmark_border
ഈത്തപ്പഴ വിപണിയിൽ വിപ്ലവത്തിനൊരുങ്ങി ഒമാൻ; ലക്ഷ്യം ആഗോള ബ്രാൻഡിങ്
cancel

മസ്കത്ത്: ഒമാന്റെ പരമ്പരാഗത കാർഷിക സമ്പത്തിന്റെ പ്രധാന പ്രതീകമായ ഈത്തപ്പഴത്തെ ആഗോള വിപണിയിൽ കൂടുതൽ കരുത്തുറ്റ ഉൽപന്നമാക്കി മാറ്റാൻ പുതിയ നീക്കങ്ങളുമായി കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം. ആധുനിക സംസ്കരണ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഗുണനിലവാരം ഉയർത്തുന്നതിനൊപ്പം വിളവെടുപ്പിന് ശേഷമുള്ള നഷ്ടം കുറക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനുമാണ് ലക്ഷ്യം.

സംസ്കരണത്തിലെ മോഡേൺ മാതൃകകൾ

വിളവെടുപ്പിന് ശേഷമുള്ള സംരക്ഷണരീതികളെക്കുറിച്ചുള്ള പ്രായോഗിക ഗവേഷണം, ഈത്തപ്പഴം സൂക്ഷിക്കുന്നതിനും ഉണക്കുന്നതിനുമുള്ള പുതിയ രീതികളെക്കുറിച്ചുള്ള പഠനങ്ങൾ, ആധുനിക സാങ്കേതികവിദ്യകൾ കർഷകരിലേക്ക് എത്തിക്കുന്നതിനുള്ള പരിശീലനവും കാർഷിക മാർഗനിർദേശങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു.

പ്രത്യേകമായി രൂപകൽപന ചെയ്ത പോളികാർബണേറ്റ് വസ്തുക്കൾ ഉപയോഗിച്ച് മൂടിയ സംസ്കരണ മുറിയിൽ മന്ത്രാലയത്തിലെ വിദഗ്ധർ പരീക്ഷണങ്ങൾ നടത്തി. പരമ്പരാഗതമായി തുറസ്സായ സ്ഥലത്ത് ഈത്തപ്പഴം ഉണക്കുന്ന രീതിയുമായി നടത്തിയ താരതമ്യത്തിൽ, അടച്ച സംവിധാനത്തിൽ പഴത്തിന്റെ വൃത്തിയും ഗുണനിലവാരവും മികച്ച രീതിയിൽ നിലനിർത്താൻ സാധിച്ചതായി കണ്ടെത്തി.

പൊടി, പ്രാണികൾ തുടങ്ങിയവയിൽ നിന്ന് ഈത്തപ്പഴത്തെ സംരക്ഷിക്കാനും ഇതുവഴി സാധിക്കും. അന്തിമ ഉൽപന്നത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതോടെ വിപണി മൂല്യവും ഉയർത്താൻ കഴിയുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

ഈത്തപ്പഴം ഉണക്കുന്നതിനായി സൗരോർജാധിഷ്ഠിത സംവിധാനങ്ങളും ആധുനിക യന്ത്രവൽകൃത സംസ്കരണ സാങ്കേതികവിദ്യകളും കൂടുതൽ വ്യാപകമാക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം. ഇതിലൂടെ വിളവെടുപ്പിന് ശേഷമുള്ള നഷ്ടം കുറക്കുന്നതിനൊപ്പം ഈത്തപ്പഴത്തിന്റെ ഗുണനിലവാരം കൂടുതൽ കാലം നിലനിർത്താനും കർഷകർക്ക് അധിക വിപണന സാധ്യതകൾ ഒരുക്കാനും സാധിക്കും.

ഭക്ഷ്യസുരക്ഷയും ഉൽപന്നത്തിന്റെ ഗുണനിലവാരവും ഉറപ്പാക്കാനായി ആധുനിക സംസ്കരണ രീതികളുടെ ഉപയോഗം കൂടുതൽ വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് മന്ത്രാലയത്തിലെ വകുപ്പു ഡയറക്ടർ ഡോ. അബ്ദുൽഹമീദ് ബിൻ അവദ് അൽ റിയാമി പറഞ്ഞു.

വിളവെടുപ്പിന്റെ കാർഷിക പാരമ്പര്യം

ഒമാനിലെ കുടുംബങ്ങളുടെയും കർഷകരുടെയും സാമൂഹിക ജീവിതത്തിൽ ഈത്തപ്പഴ വിളവെടുപ്പ് കാലത്തിന് വലിയ കാർഷിക-സാമ്പത്തിക പ്രാധാന്യമുണ്ട്. പരമ്പരാഗതമായി കുടുംബങ്ങളും കർഷകരും ഒരുമിച്ച് ചേർന്നാണ് ഈത്തപ്പഴം വിളവെടുക്കുകയും തരംതിരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നത്.

ആധുനിക ഭക്ഷ്യസംസ്കരണ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലൂടെ ഈ കാർഷിക പാരമ്പര്യം സംരക്ഷിക്കുന്നതിനൊപ്പം ഈത്തപ്പഴത്തെ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാനും പുതിയ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്ന് അൽ റിയാമി വ്യക്തമാക്കി. വിളവ് കൂടുതലുള്ള സമയത്തോ വിപണി വില കുറയുന്ന ഘട്ടങ്ങളിലോ ഈത്തപ്പഴം ഉണക്കുന്നത് കർഷകർക്ക് കൂടുതൽ വിപണന മാർഗങ്ങൾ നൽകും. വിളനഷ്ടം കുറക്കാനും വിളയുടെ സാമ്പത്തിക മൂല്യം വർധിപ്പിക്കാനും ഈത്തപ്പന ഉൽപാദനം കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനും ഇതുവഴി സാധിക്കും.

മൂല്യവർധിത ഉൽപന്നങ്ങളിലേക്ക്

ഉണക്കിയ ഈന്തപ്പഴത്തിന് ഉയർന്ന പോഷകമൂല്യം നിലനിർത്തിക്കൊണ്ട് ദീർഘകാലം സൂക്ഷിക്കാൻ കഴിയുന്നതിനാൽ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ സംവിധാനത്തിലും ഇതിന് പ്രധാന സ്ഥാനമുണ്ട്. പ്രകൃതിദത്ത പഞ്ചസാര, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഈത്തപ്പഴം. അതിനാൽ ദേശീയ ഭക്ഷ്യശേഖരം ശക്തിപ്പെടുത്തുന്നതിനും ഭക്ഷ്യനഷ്ടം കുറക്കുന്നതിനും ഇത് സഹായകരമാണ്.

ഈത്തപ്പഴത്തെ പുതിയ ഭക്ഷ്യ ഉൽപന്നങ്ങളാക്കി മാറ്റുന്നതിൽ ഒമാനിലെ സംരംഭകരും ചെറുകിട-ഇടത്തരം സംരംഭങ്ങളും കൂടുതൽ സജീവമാകുന്നുണ്ട്. ഈത്തപ്പഴ സിറപ്പ്, മധുരപലഹാരങ്ങൾ, പേസ്ട്രികൾ, ഈത്തപ്പഴപ്പൊടി തുടങ്ങിയ വിവിധ ഉൽപന്നങ്ങൾ ഇതിനകം വിപണിയിലെത്തുന്നുണ്ട്. ഇത്തരം മൂല്യവർധിത ഉൽപന്നങ്ങൾ വഴി കർഷകർക്കും സംരംഭകർക്കും വരുമാന മാർഗങ്ങൾ വൈവിധ്യവത്കരിക്കാനും ഒമാനി ഉൽപന്നങ്ങളുടെ ആഭ്യന്തര വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നതിനൊപ്പം വിദേശ വിപണികളിലേക്കുള്ള പ്രവേശനം വർധിപ്പിക്കാനും സാധിക്കും.

ലക്ഷ്യം ആഗോള വിപണി

ഈന്തപ്പഴത്തിന്റെ സംസ്കരണത്തിലും പാക്കേജിങ്ങിലും വർധിച്ചുവരുന്ന നിക്ഷേപം ഒമാനിലെ ഉൽപന്നങ്ങളുടെ ഗുണനിലവാരവും വിപണി സാധ്യതയും മെച്ചപ്പെടുത്തുന്നുണ്ട്. നിസ്‍വ വ്യവസായ സമുച്ചയത്തിലെ ഈത്തപ്പഴ സംസ്കരണ പദ്ധതികൾ ഇതിന് ഉദാഹരണമായി മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇത്തരം പദ്ധതികൾ പ്രാദേശിക വിൽപന ശക്തിപ്പെടുത്തുന്നതിനൊപ്പം ഭാവിയിൽ കയറ്റുമതി വർധിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഒമാന്റെ ഈന്തപ്പന മേഖലയിലെ ഭാവി ഉൽപാദനം വർധിപ്പിക്കുന്നതിൽ മാത്രമല്ല, ലഭിക്കുന്ന വിളയെ കൂടുതൽ കാര്യക്ഷമമായി ഉപയോഗിച്ച് ആഭ്യന്തര, ആഗോള വിപണികളിൽ മത്സരിക്കാൻ കഴിയുന്ന മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman Ready for a Revolution in Date Market: Aiming for Global Branding
Next Story