കുട്ടികളുടെ അവകാശത്തിനായുള്ള യു.എൻ സമിതിയിൽ വീണ്ടും ഒമാൻ
text_fieldsമസ്കത്ത്: കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ സമിതിയിലേക്ക് ഒമാൻ സുൽത്താനേറ്റ് തുടർച്ചയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. 2027 മുതൽ 2031 വരെയുള്ള കാലയളവിലേക്കാണ് ഒമാന് അംഗത്വം ലഭിച്ചത്. ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടന്ന കുട്ടികളുടെ അവകാശ ഉടമ്പടിയിലെ അംഗരാജ്യങ്ങളുടെ 21 ആമത് യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
തുടർച്ചയായ രണ്ടാം വട്ടവും ഈ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അന്താരാഷ്ട്ര തലത്തിൽ ഒമാന് ലഭിക്കുന്ന വലിയ അംഗീകാരമാണ്. കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ എടുക്കുന്ന സമിതിയിൽ ഒമാന്റെ സാന്നിധ്യം മറ്റ് അംഗരാജ്യങ്ങൾ ആഗ്രഹിക്കുന്നതിന്റെ തെളിവ് കൂടിയാണിത്.
സമിതിയുടെ നിലവിലെ വൈസ് ചെയർപേഴ്സൺ കൂടിയായ ഡോ. തുവൈബ അഹമ്മദ് അൽ ബർവാനി യു.എന്നിൽ ഒമാനെ പ്രതിനിധീകരിക്കും. ലോകമെമ്പാടുമുള്ള കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും മറ്റ് അംഗരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ഈ അംഗത്വം ഒമാന് കൂടുതൽ അവസരങ്ങൾ നൽകും.
കുട്ടികളുടെ ക്ഷേമത്തിനായി അന്താരാഷ്ട്ര തലത്തിൽ സമഗ്രവും സഹകരണപരവുമായ സമീപനവുമായി മുന്നോട്ട് പോകാൻ ഒമാൻ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

